Latest NewsNewsInternational

സുഡാന് ദയാവധം: ഒരു ജീവിവർഗത്തെ നിലനിര്‍ത്താനുള്ള അവസാന പ്രതീക്ഷയും ഓര്‍മയായി

വടക്കന്‍ ആഫ്രിക്കയിലെ വെള്ള കാണ്ടാമൃഗങ്ങളിലെ ശേഷിക്കുന്ന ഏക ആണ്‍ കാണ്ടാമൃഗമായ സുഡാന്‍ ഓർമ്മയായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 45 വയസ്സായിരുന്നു സുഡാന്റെ പ്രായം. ജീവിതത്തിലേക്കു തിരിച്ചു വരില്ലെന്ന് ഉറപ്പായതോടെ സുഡാന്‍ ഇനിയും വേദന അനുഭവിക്കേണ്ടെന്നു തീരുമാനിച്ചാണ് ദയാവധം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. രണ്ടാഴ്ച മുന്‍പാണ് സുഡാന്‍ ജീവിതത്തിലേക്ക് തിരികെ എത്താൻ പറ്റാത്തവിധം മോശമായ ആരോഗ്യസ്ഥിതിയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഡോക്ടര്‍മാര്‍ പുറത്തു വിട്ടത്.

എന്നാല്‍ പിന്നീട് എഴുന്നേറ്റ് നടന്ന് സുഡാന്‍ നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും അത് താല്‍ക്കാലികമായിരുന്നു. തുടര്‍ന്ന് ഇരു കാലിലെയും പരിക്കുകള്‍ ഭേദമാകാത്ത വിധം രൂക്ഷമായതോടെ സുഡാനെ ദയാവധത്തിനു വിധേയമാക്കുകയായിരുന്നു. കൊമ്പിനു വേണ്ടി വ്യാപകമായി നടന്ന വേട്ട മൂലമാണ് നോര്‍ത്തേണ്‍ വൈറ്റ് കാണ്ടാമൃഗങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. അപകടത്തിന്റെ വ്യാപ്തി തിരിച്ചറിയുമ്പോഴേക്കും ഇവയുടെ എണ്ണം ഈ നൂറ്റാണ്ടിന്റെ ആദ്യം തന്നെ വിരലില്‍ എണ്ണാവുന്നവയായി ചുരുങ്ങിയിരുന്നു.

പിന്നീട് ഇവയെ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റിയെങ്കിലും ഈ വംശത്തെ നിലനിര്‍ത്താനുള്ള ഗവേഷകരുടെ പ്രയത്നങ്ങളെല്ലാം പാഴായിപ്പോവുകയായിരുന്നു. കെനിയയിലെ ഒല്‍ പിജേറ്റ സംരക്ഷണ കേന്ദ്രത്തില്‍ 24 മണിക്കൂറും ആയുധധാരികളായ എട്ട് സൈനികരുടെ സംരക്ഷണയിലായിരുന്നു സുഡാന്‍ കഴിഞ്ഞിരുന്നത്. സുഡാനോളം തന്റെ ജീവിവര്‍ഗ്ഗത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട പ്രതീക്ഷയര്‍പ്പിക്കപ്പെട്ട മറ്റൊരു മൃഗം ഒരു പക്ഷെ ഉണ്ടായിരിക്കില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, അനാരോഗ്യം രൂക്ഷമാകുന്നതിന്റെ അവസാന ഘട്ടത്തില്‍ വരെ നോർതേണ്‍ വൈറ്റ് കാണ്ടാമൃഗങ്ങലുടെ വംശം നിലനിര്‍ത്താനുള്ള ഏക പ്രതീക്ഷയായിരുന്നു സുഡാന്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button