ന്യൂഡല്‍ഹി: വീര്യം തകരാതെ വീണ്ടും ചേതന്‍ കുമാര്‍. കശ്മീരില്‍ ഭീകരര്‍ ഉതിര്‍ത്ത 9 വെടിയുണ്ടകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ സിആര്‍പിഎഫ് കമാന്‍ഡന്‍ഡ് ചേതന്‍ കുമാര്‍ ചീറ്റ വീണ്ടും സൈന്യത്തിലേക്ക് തിരിച്ചെത്തുന്നു. രാജ്യത്തെ രണ്ടാമത്തെ പരോമന്നത ബഹുമതിയായ കീര്‍ത്തി ചക്ര നേടിയ അദ്ദേഹം നിയമനത്തിനായി കാത്തിരിക്കുകയാണ്. ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിലും വീണ്ടും പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നതിലുമുള്ള സന്തോഷത്തിലാണ് അദ്ദേഹമെന്ന് ഭാര്യ ഉമ സിങ്ങ് പറഞ്ഞു.
Also Read : ഇന്ത്യന്‍ സേനയുടെ തോല്‍ക്കാത്ത വീര്യം; 18000 അടി ഉയരത്തില്‍, മൈനസ് 30 ഡിഗ്രിയില്‍ പതാക ഉയര്‍ത്തി
2017 ഫെബ്രുവരി 14നാണ് ചേതന് പരിക്കേറ്റത്. തലച്ചോറിനും വയറിനും വലതുകണ്ണിനും കൈകാലുകള്‍ക്കും വെടിയേറ്റ അദ്ദേഹം ഒന്നര മാസത്തോളം അബോധാവസ്ഥയിലായിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് പുറത്തുവന്നയുടന്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കാനും നക്സലേറ്റുകളെ നേരിടുന്ന സിആര്‍പിഎഫിന്റെ കോബ്രാ സംഘത്തില്‍ ചേരാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. പൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുക്കും വരെ ചേതനെ ഓഫീസ് ജോലികള്‍ ഏല്‍പ്പിക്കാനാണ് തീരുമാനം.
ആരോഗ്യം വീണ്ടെടുത്താല്‍ രണ്ടോ മൂന്നോ വര്‍ഷത്തിനിടെ അദ്ദേഹത്തിന് വീണ്ടും സജീവമായി സേനയിലേക്ക് തിരികെയെത്താമെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യത്തോടുള്ള ചേതന്‍ കുമാര്‍ ചീറ്റയുടെ അര്‍പ്പണബോധം സേനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് മാതൃകയായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. സേനയിലേക്ക് തിരിച്ചുവരുവാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ പ്രശംസിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് കരസേന മേധാവി ബിപിന്‍ റാവത്ത് തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.
Post Your Comments