![](/wp-content/uploads/2018/03/masih.jpg)
ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയായിരുന്നു ഹര്‍ജിത് മസിഹ്. സര്‍ക്കാരിനോടും തന്നെ കാണാന്‍ എത്തിയവരോടും ഹര്‍ജിത് പറഞ്ഞത് ഐ.എസ് ക്യാംപിലെ ക്രൂരതയുടെ രക്തം മരവിപ്പിക്കുന്ന ക്രൂരതയുടെ കഥകളായിരുന്നു. കാലില്‍ വെടിയേറ്റിട്ടും ധൈര്യം വിടാതെ പിടിച്ചുനിന്ന ഹര്‍ജിത് ഒരുവിധത്തില്‍ നാടെത്തി. ബംഗ്ലാദേശികള്‍ക്കൊപ്പം ഭക്ഷണം വിതരണം ചെയ്യാന്‍ എത്തുന്നവരുടെ സഹായത്തോടെ അലി എന്ന വ്യാജപേരിലാണ് രക്ഷപ്പെട്ടതെന്ന് ഹര്‍ജിത് പറയുന്നു.
എന്നാല്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് അന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞത്. ഹര്‍ജിതിന്റെ തൊഴിലുടമയും ഭക്ഷണ വിതരണം ചെയ്യുന്നവരും സഹായിച്ചിരിക്കാമെന്നാണ് മന്ത്രി പറയുന്നത്.പഞ്ചാബിലെ ഗുള്‍ദാസ്പുര്‍ സ്വദേശിയാണ് ഹര്‍ജിത്. നാലംഗ കുടുംബത്തിലെ ഏക അത്താണി. 2014 മെയ് വരെ സാധാരണമായിരുന്നു ഹര്‍ജിതിന്റെ ജീവിതം. മൊസൂളിലെ ഫാക്ടറിയിൽ ആയിരുന്നു ഹർജിത് ജോലി ചെയ്തു കുടുംബം പുലർത്തിയിരുന്നത്. എന്നാല്‍ മെയ് മാസത്തിലാണ് ഐ.എസ് ഭീകരര്‍ അവരുടെ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി മൊസൂള്‍ പട്ടണം കീഴടക്കിയത്.
വൈകാതെ ഹര്‍ജിതും കൂട്ടരും ജോലി ചെയ്തിരുന്ന ഫാക്ടറിയിലും അവര്‍ കടന്നുവന്നു. തൊഴിലാളികളെ എല്ലാം ബന്ദികളാക്കി.പിന്നീട് അജ്ഞാതമായ ഏതോ പ്രദേശത്ത് എത്തിച്ചു. തുടര്‍ന്ന് മുട്ടുകുത്തിനില്‍ക്കാന്‍ അവര്‍ ആജ്ഞാപിച്ചു. എല്ലാവരേയും നിരത്തി നിര്‍ത്തി അവര്‍ വെടിവച്ചു. വലതു കാലില്‍ വെടികൊണ്ട തന്നെയും രക്തമൊലിച്ച് ജീവനറ്റു കിടന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം തള്ളി അവര്‍ കടന്നുപോയി. അബോധാവസ്ഥയില്‍ ആയിരുന്നു താനപ്പോള്‍. പിറ്റേന്ന് ബോധം തിരിച്ചുകിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം കൊല്ലപ്പെട്ടു എന്ന യഥാര്‍ത്ഥ്യം താന്‍ തിരിച്ചറിഞ്ഞു.
കുറച്ചു ദിവസം നടന്നപ്പോള്‍ ഒരു ബംഗ്ലാദേശി ദുരിതാശ്വാസ ക്യാംപില്‍ എത്തപ്പെട്ടു. അവര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോരുകയായിരുന്നുവെന്നും ഹര്‍ജിത് പറഞ്ഞു. 2017ല്‍ ഒരു ദേശീയ ദിനപത്രത്തിനാണ് ഹര്‍ജിത് തന്റെ അനുഭവം വിവരിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റ് 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു എന്ന് സര്‍ക്കാരിനോട് ഹർജിത് പറഞ്ഞിരുന്നുവെന്നാണ് ഈ ദേശീയ പത്രം റിപ്പോർട്ട് ചെയ്തിരുന്നത്.
Post Your Comments