KeralaLatest NewsNews

ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള ചുമതല ഇഫ്താസിനെ ഏല്‍പ്പിച്ചതിനെതിരെ കെ. സുരേന്ദ്രൻ

കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള ചുമതല ഇഫ്താസ് എന്ന കമ്പനിയെ ഏല്‍പ്പിച്ചതിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇഫ്താസിന് പിന്നില്‍ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ചിലയാളുകളാണെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഈ നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നബാര്‍ഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഈ ഗൂഡാലോചനയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

2018 ഫെബ്രുവരി 9 ന് കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഹകരണ ബാങ്കുകളെയാകെ ഒരു ഏകീകൃത സോഫ്ട്‌വെയറിന് കീഴിലാക്കുന്നതിനുവേണ്ടി നബാര്‍ഡിന്റെ സഹായത്തോടെ കോടികള്‍ ചെലവഴിച്ച് ഇഫ്താസ് എന്നു പറയുന്ന ഒരു സ്ഥാപനത്തിന് മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ കരാറിലെ അഴിമതിയും ദുരൂഹതയും ദുഷ്ടലാക്കും ചൂണ്ടിക്കാണിച്ചിരുന്നു. നമ്മുടെ മാധ്യമങ്ങളോ പ്രതിപക്ഷപ്പാര്‍ട്ടികളോ അന്നത് വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചതായി കണ്ടു.

ഒന്നാമത്തെ കാര്യം ഇഫ്താസിന് കാര്‍ഷിക സഹകരണസംഘങ്ങളില്‍ ഇതുവരെ പ്രവൃത്തിപരിചയമില്ല. നബാര്‍ഡിന് ഇക്കാര്യത്തില്‍ സ്വന്തം സംവിധാനം നിലവിലുണ്ടുതാനും. ഇഫ്താസിന് പിന്നില്‍ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ചിലയാളുകളാണ്. ഇതിനുള്ള ചെലവ് കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. ഇരുപത്തി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു സൊസൈറ്റിക്ക് ഇക്കാര്യത്തില്‍ ചെലവഴിക്കാവുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമാണിത്. ഡേറ്റയില്‍ കൃത്രിമം നടത്താനും വിവരങ്ങള്‍ നശിപ്പിച്ചുകളയാനുമുള്ള സൂത്രപ്പണി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിനു പിന്നില്‍. സിപിഐഎമ്മിനെ പേടിച്ചാണോ എന്നറിയില്ല നബാര്‍ഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഈ ഗൂഡാലോചനക്ക് കൂട്ടുനില്‍ക്കുകയാണ്. അക്കാര്യം ഗൗരവതരമാണ്. അന്വേഷണവിധേയമാക്കേണ്ടതാണ്. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button