KeralaLatest NewsNews

കെ.എം മാണിയ്‌ക്കെതിരെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍

കൊച്ചി : കെ.എം.മാണിയ്‌ക്കെതിരെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍.  കര്‍ഷക താത്പര്യം മുന്‍നിര്‍ത്തി മാവോയിസ്റ്റുകളുമായും സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം തയ്യാറാകുമെന്ന് അഡ്വ. ജയശങ്കര്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഏത് മുന്നണിയുമായി അടുക്കാം എന്ന നിലപാട് മാണി സ്വീകരിച്ച സാഹചര്യത്തിലാണ് ജയശങ്കര്‍ പരിഹാസവുമായി രംഗത്തെത്തിയത്. ‘വിശുദ്ധനായ മാണിയെ’ മുന്നണിയില്‍ എടുക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനെയും ബി.ജെ.പിയേയും അദ്ദേഹം വിമര്‍ശിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടി.

മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യു.ഡി.എഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മലപ്പുറത്തും വേങ്ങരയിലും പ്രകടിപ്പിച്ച മഹാമനസ്‌കത തുടര്‍ന്നും പ്രതീക്ഷിക്കുന്നു. വത്തിക്കാന്റെ ഇടപെടലിനായി പ്രാര്‍ത്ഥിക്കുന്നു.

മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാം എന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം, ക്രമേണ മധ്യ തിരുവിതാംകൂര്‍ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ബി.ജെ.പിയുടെ മനോരഥം. നായാടി നമ്പൂതിരി സഖ്യത്തില്‍ നസ്രാണിയെ കൂടി ഉള്‍പ്പെടുത്താമെന്ന് മനുസ്മൃതിയിലുണ്ട്.

മഹാത്മാ മാണി ഇതുവരെ ആര്‍ക്കും പിടികൊടുത്തിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടോ ബി.ജെ.പിയോടോ തൊട്ടുകൂടായ്മയില്ല, യു.ഡി.എഫിലേക്ക് മടങ്ങിപ്പോകാനും മടിയില്ല. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കര്‍ഷകരുടെ ക്ഷേമമാണ് പരമപ്രധാനം. കര്‍ഷക താല്പര്യം മുന്‍നിര്‍ത്തി മാവോയിസ്റ്റുകളുമായും യോജിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button