KeralaLatest NewsNewsGulf

ഗള്‍ഫ് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍; കാരണമിതാണ്

കൊണ്ടോട്ടി: ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. വേനലവധി മുന്‍നിര്‍ത്തിയും ഏപ്രിലില്‍ സ്‌കൂളടക്കുന്നതിനാല്‍ വിദേശത്തെ കുടംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നവരുടെ തിരക്കും മുന്നില്‍ കണ്ടാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത്. കൂടാതെ കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദ മേഖലയിലേക്ക് വിമാനങ്ങളില്ലാത്തതിനാല്‍ പലരും കണക്ഷന്‍ സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ഇത്തരം സര്‍വിസുകള്‍ക്കും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

ALSO READ : ലോകത്തിലെ മികച്ച വിമാനക്കമ്പനികള്‍ ഇവയാണ്: ആദ്യപത്തില്‍ ഇടംപിടിച്ച് യു.എ.ഇ വിമാനക്കമ്പനിയും

കരിപ്പൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബൂദബി മേഖലയിലേക്ക് 5500 മുതല്‍ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 20,000 ത്തിന് മുകളിലെത്തി. ഖത്തര്‍, ദോഹ, ബഹ്റൈന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള. രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയര്‍ത്തിയുണ്ട്. ഖത്തറിലേക്ക് വിസ വേണ്ടെന്നുള്ളതിനാല്‍ സന്ദര്‍ശകരുടെ പ്രവാഹമാണിപ്പോള്‍. സൗദിയിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ 30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ്, ഇത്തിഹാദ് എയര്‍ തുടങ്ങി വിദേശത്തേക്കുള്ള വിമാനക്കമ്പനികളെല്ലാം നിരക്ക് ഉയര്‍ത്തി.

 

സാധാരണ നിരക്കിന്റ മൂന്നിരട്ടി നല്‍കിയാല്‍ മാത്രമേ ഇപ്പോള്‍ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ജൂണില്‍ സ്‌കൂളുകള്‍ തുറക്കുമെന്നതിനാല്‍ ഇവരുടെ മടക്ക ടിക്കറ്റിലും ഉയര്‍ന്ന നിരക്ക് വാങ്ങാനാകും. മാത്രവുമല്ല ജൂണില്‍ റമദാനിന് ഗള്‍ഫില്‍ സ്‌കൂളുകള്‍ അടക്കും. ഇതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കാവും. അതുകൊണ്ടു തന്നെ ഉയര്‍ത്തിയ നിരക്ക് താഴ്ത്താതെ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ വിമാനക്കമ്പനികള്‍ക്കാകും. നിലവിലെ നിരക്കിനേക്കാള്‍ 5000 മുതല്‍ 10,000 രൂപയുടെ വര്‍ധനവാണ് ഉംറ തീര്‍ഥാടകര്‍ക്കും ഉണ്ടാവുക. നിരക്ക് ഉയര്‍ത്തിയാലും പല സെക്ടറിലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ വിമാന ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.

 

shortlink

Post Your Comments


Back to top button