ന്യൂഡല്‍ഹി: ജഗന്മോഹന് റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര് കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി ഒമ്പതു ദിവസം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന ആന്ധ്രപ്രദേശ് കക്ഷികള്‍ മോദിസര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിനു ഒരുങ്ങുകയാണ്.
ആന്ധ്രപ്രദേശിെന്റ ആവശ്യത്തോട് കേന്ദ്രം പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും ജഗന് റെഡ്ഡിയെയും അടുപ്പിക്കുന്നത്. ഒമ്പത് എം.പിമാരുള്ള വൈ.എസ്.ആര് കോണ്‍ഗ്രസ് വെള്ളിയാഴ്ച കൊണ്ടുവരുന്ന അവിശ്വാസ പ്രമേയവുമായി സഹകരിക്കാന്‍ ജഗന് റെഡ്ഡിയുടെ കത്തുമായി കോണ്‍ഗ്രസ്, സി.പി.എം നേതാക്കളെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഹൈദരാബാദില്‍ ചന്ദ്രബാബു നായിഡു വിളിച്ചിരിക്കുന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗം എന്‍.ഡി.എ സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും.
ടി ഡി പി അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമോയെന്നും വ്യക്തമാക്കിയിട്ടില്ല. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി കിട്ടണമെങ്കില്‍ 54 എം.പിമാരുടെ പിന്തുണ വേണം. തങ്ങളുടെ ആവശ്യത്തോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ് വൈ.എസ്.ആര് കോണ്‍ഗ്രസ് നടപടികള്‍ ഉൗര്‍ജിതമാക്കുക.
Post Your Comments