Latest NewsKeralaNews

യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ : ഊരത്തൂര്‍പറമ്പില്‍ കൊല്ലപ്പെട്ടതാര് ? യുവതിയ്ക്ക് 22 നും 40 നും ഇടയില്‍ പ്രായം

ശ്രീകണ്ഠപുരം: ഊരത്തൂര്‍പറമ്പില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങളോടൊപ്പം ലഭിച്ച വസ്ത്രങ്ങളില്‍ രക്തക്കറയുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് ഫോറന്‍സിക് അധികൃതര്‍ ഇരിക്കൂര്‍ പോലീസിന് കൈമാറി. തലയോട്ടിയും എല്ലുകളും കീഴ്ത്താടി ഉള്‍പ്പെടുന്ന പല്ലുകളുമാണ് ഊരത്തൂര്‍ പറമ്ബില്‍ നിന്ന് ആദ്യം ലഭിച്ചിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബനിയനും ലുങ്കിയും സമീപത്ത് നിന്ന് ലഭിച്ചത്. ഇതോടെ നേരത്തെ പ്രദേശത്ത് വാടകക്ക് താമസിച്ചിരുന്ന അസം സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. ക്വാറി-നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെ സംഘം കഴിഞ്ഞ ജനുവരിയിലാണ് ഇവിടുന്ന് താമസം മാറിയത് . ഇതില്‍ ചിലര്‍ നാട്ടിലെത്തിയെങ്കിലും തുടര്‍ന്ന് വിവരങ്ങള്‍ ലഭ്യമല്ലാത്തവരും ഉണ്ട്. ഇവരെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

കാണാതായ അസം സ്വദേശികളുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധിക്കാനും അന്വേഷണ സംഘം ശ്രമം നടത്തുന്നുണ്ട്.22നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹ അവശിഷ്ടങ്ങളെന്നും മരണപ്പെട്ടിട്ട് ആറ് മാസത്തോളമായെന്നും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പടിയൂര്‍ പഞ്ചായത്തില്‍ ഈ പ്രായത്തിലുള്ള സ്ത്രീകളാരും മരിച്ചിട്ടില്ലെന്നും കാണാതായിട്ടില്ലെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള കാണാതായ പരാതികള്‍ രണ്ട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഇരിക്കൂര്‍ പോലീസ് സ്റ്റേഷനിലും ലഭിച്ചിരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തില്‍ കാണാതായ പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇരിക്കൂര്‍ എസ്ഐ രജീഷ് തെരുവത്ത് പീടികയില്‍, എഎസ്ഐ ഇ.വി. അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button