തിരുവനന്തപുരം : യു.എ.ഇയിലേക്കുള്ള തൊഴില്വിസയ്ക്കായി കാത്തിരിക്കുന്നവർക്ക് വീണ്ടും തിരിച്ചടി.വിസകൾ ലഭിക്കുന്നതിനായി അപേക്ഷകര്‍ക്ക് നല്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പതിക്കാത്തതിനാല്‍, സാക്ഷ്യപ്പെടുത്താന്‍ സമര്‍പ്പിച്ച ആയിരക്കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ യു.എ.ഇ എംബസി തിരിച്ചയച്ചു.
എന്നാൽ പൊലീസ് ക്ലിയറന്‍സിന് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പതിക്കരുതെന്ന് പൊലീസ് ഉന്നത കേന്ദ്രങ്ങളില്‍നിന്നുള്ള നിര്‍ദേശമുണ്ടെന്നാണ് സര്‍ട്ടിഫിക്കറ്റ് നൽകുന്ന ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി.
ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യയിലെ യു.എ.ഇ എംബസിയും കോണ്‍സുലേറ്റുകളും. ഇതോടെ തിരുവനന്തപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ എംബസിയിലും കോണ്‍സുലേറ്റിലും സമര്‍പ്പിച്ച നൂറുകണക്കിന് സര്‍ട്ടിഫിക്കറ്റുകളാണ് അപേക്ഷകര്‍ക്ക് തിരിച്ചയച്ചുതുടങ്ങിയത്.
അപേക്ഷകളില്‍ അന്വേഷണം നടത്തിയാണ് പൊലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. നേരിട്ട് ഹാജരായില്ലെങ്കില്‍ വിദേശത്തെ ഇന്ത്യന്‍ എംബസിവഴി ഫോട്ടോ പതിപ്പിച്ച് സാക്ഷ്യപ്പെടുത്തി അപേക്ഷ നല്കിയാല് പി.സി.സിയില്‍ ഫോട്ടോ പതിച്ചുനല്‍കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഫെബ്രുവരി അഞ്ചു മുതലാണ് യു.എ.ഇയില്‍ തൊഴില്‍വിസ ലഭിക്കാന്‍ അവരവരുടെ രാജ്യത്തെ പൊലീസില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നത്.
Post Your Comments