ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. വാട്‌സാപ്പിലൂടെ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഡൽഹിയിലെ റോഹ്നി ഏരിയയിൽ നിന്നാണ് ചോദ്യപേപ്പറിന്റെ കോപ്പി വാട്ട്സാപ്പിലൂടെ പ്രചരിച്ചതെന്നാണ് വിവരം. ഇതിനെ തുടർന്ന് പരീക്ഷ റദ്ദാക്കാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ 10.30നായിരുന്നു പന്ത്രണ്ടാം ക്ലാസ്സ് അക്കൗണ്ടന്‍സി പരീക്ഷ. ഈ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണവുമായി ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു.
വാട്‌സാപ്പിലൂടെ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി രക്ഷിതാക്കള്‍ പരാതി നല്‍കി. കെമിസ്ട്രി ചോദ്യപേപ്പര്‍ ചോര്‍ന്നതായും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായാണ് സംശയം. രണ്ടാം സെറ്റിലെ ചോദ്യപേപ്പറുമായി യോജിക്കുന്നവയാണു പുറത്തുവന്നിരിക്കുന്നത്. വാട്സാപ്പിലൂടെ പ്രചരിച്ച ചോദ്യപേപ്പറിന്റെ പകർപ്പു മന്ത്രിക്കും ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു ചോർച്ച കണ്ടെത്തിയത്. ബുധനാഴ്ച മുതൽതന്നെ ചോദ്യപേപ്പറുകളുടെ പകർപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
അതേസമയം ചോദ്യപേപ്പർ ചോർന്നതായി ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു. എന്നാല്‍ ചോദ്യപേപ്പർ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ചിലര്‍ പരീക്ഷ അട്ടിമറിക്കാന്‍ ശ്രമിച്ചു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഡൽഹി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പർ വാട്ട്സ് ആപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പുറത്തായെന്ന വാർത്ത പരന്നത്.
പരീക്ഷ നടക്കുന്നതിനിടെയാണ് വാർത്ത പ്രചരിച്ചത്. പരീക്ഷ റദ്ദാക്കണോ എന്ന ആശങ്കയിലായിരുന്നു അധികൃതർ. ചോദ്യപേപ്പർ ചോർന്നിട്ടില്ല. ഏതോ പ്രാദേശിക കേന്ദ്രത്തിൽ നിന്നും പരീക്ഷ നടക്കുന്നതിനിടെ ചിലർ ഒപ്പിച്ച പണിയാണ് ഇത്. സിബിഎസ്ഇ പരീക്ഷയുടെ പരിശുദ്ധത കളങ്കപ്പെടുത്താൻ വേണ്ടി ചിലർ സോഷ്യൽ മീഡിയയെ കൂട്ടുപിടിക്കുകയായിരുന്നു എന്നും ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം പ്രവൃത്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബോർഡ് അറിയിച്ചു.
Post Your Comments