Latest NewsLife StyleFunny & WeirdSpecials

ടെഡി ബിയറിന് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന റൂസ് വെല്‍റ്റുമായി എന്താണ് ബന്ധം

കുട്ടികളുടെ കളിക്കൂട്ടുകാരനായ ടെഡി ബിയറിനെ വലിയവര്‍ക്കും ഇഷ്ടമാണ്.കുട്ടികളോടുളള സ്‌നേഹം പ്രകടിപ്പിക്കാനായി പിറന്നാളിനും വിശേഷ അവസരങ്ങള്‍ക്കും ഈ കരടിക്കുട്ടനെ കുട്ടികള്‍ക്ക് സമ്മാനമായി നല്കാറുമുണ്ട്.എന്നാല്‍ ഈ ക്യൂട്ട് കരടിക്കുട്ടന് ടെഡി എന്ന പേര് ലഭിച്ചത് എങ്ങനെയാണെന്ന ചോദിച്ചാല്‍ ഉത്തരം രസകരമാണ്.അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന തിയോഡര്‍ റൂസ് വെല്‍റ്റ് പൊതുജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ടെഡി എന്ന വിളിപ്പേരിലായിരുന്നു.കുട്ടികളുടെ ചങ്ങാതി ടെഡി ബിയര്‍ എങ്ങനെ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വിളിപ്പേരിലൂടെ അറിയപ്പെടുന്നു എന്നതിനു പിന്നിലൊരു കഥയുണ്ട്.

1902 ല്‍ റൂസ്‌വെല്‍റ്റ് മിസിസിപ്പിയിലേക്കൊരു യാത്രപോയി.മിസിസിപ്പി ഗവര്‍ണ്ണറായിരുന്ന ആന്‍ഡ്രു എച്ച് ലോംഗിനോയുടെ ക്ഷണം സ്വീകരിച്ചായിരുന്നു പ്രസിഡന്‍റും സംഘവും ഹണ്ടിംഗ് ട്രിപ്പ് നടത്തിയത്.അക്കാലത്ത് ഹണ്ടിംഗും മറ്റും വിനോദമെന്ന നിലയില്‍ അമേരിക്കന്‍ ജീവിത ശൈലിയുടെ ഭാഗമായിരുന്നു.പ്രസിഡന്‍റിന്‍റെ സംഘാംഗങ്ങള്‍ കരടികളെ വേട്ടയാടുന്നതില്‍ വിജയിച്ചെങ്കിലും പ്രസിഡന്‍ഡിന് ഒരു കരടിയെപ്പോലും കിട്ടിയില്ല. തുടര്‍ന്ന് ഹണ്ടിംഗ് ഗൈഡ്, വേട്ട നായ്ക്കള്‍ കടിച്ചു മുറിവേല്‍പ്പിച്ച ഒരു വയസന്‍ കരടിയെ തൊട്ടടുത്തുളള വില്ലോ മരത്തില്‍ കെട്ടിയിട്ടിട്ട് പ്രസിഡന്‍ഡിനോട് അതിനെ വെടിവെക്കാന്‍ പറഞ്ഞു. ആ കരടി അപ്പോഴേക്കും ചാവാറായ അവസ്ഥയിലെത്തിയിരുന്നു.റൂസ് വെല്‍റ്റ് ആ കരടിയെ നോക്കിയപ്പോള്‍ അതിന്‍റെ ശരീരത്തിലെ മുറിവുകള്‍ കണ്ടു. കെട്ടിയിട്ട കരടിയെ വേട്ടയാടുന്നത് സ്‌പോര്‍ട്ട്സ്മാന്‍ സ്പിരിറ്റിനു ചേര്‍ന്നതല്ല എന്നു പറഞ്ഞു കൊണ്ട് റൂസ് വെല്‍റ്റ് പിന്‍വാങ്ങി.കടുത്ത വേദന കൊണ്ടു പുളയുന്ന കരടിയുടെ അല്പ പ്രാണനെ എടുത്ത് കരടിയെ രക്ഷിക്കാനും അദ്ദേഹം ഓഡറിട്ടു.ഈ സംഭവം പിന്നീട് അമേരിക്കയിലെ പത്രങ്ങളില്‍ വലിയ വാര്‍ത്തകള്‍ തീര്‍ക്കാന്‍ കാരണമായി.

1902 നവംബറില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ രാഷ്ട്രിയ കാര്‍ട്ടുണിസ്റ്റ് ക്ലഫോര്‍ഡ് ബെറിമാന്‍ പ്രസിഡന്‍റിനെയും കരടിയെയും കാര്‍ട്ടുണിനു വിഷയമാക്കി.വില്ലോ മരത്തില്‍ ബന്ധിച്ച കരടിയും, ഹണ്ടിംഗ് ഗൈഡും, പുറം തിരിഞ്ഞു നില്‍ക്കുന്ന റൂസ് വെല്‍റ്റും.ആദ്യകാല കാര്‍ട്ടുണില്‍ കരടിക്ക് യഥാര്‍ത്ഥ കരടിയുടെ ഏകദേശ വലിപ്പം ഉണ്ടായിരുന്നെങ്കില്‍ പിന്നീട് വന്ന കാര്‍ട്ടുണുകളിലെ കരടി ക്യൂട്ടും ചെറുതുമായി.ഒാമനത്തവും ഒപ്പം ഭയവും കൊണ്ടു വിറക്കുന്ന കരടിയായി പരിഷ്‌കരിക്കുകയും ചെയ്തു.

റൂസ് വെല്‍റ്റിന്‍റെ രാഷ്ട്രിയ ജീവിതവുമായി ബന്ധപ്പെടുത്തി ബെറിമാന്‍ പിന്നീട് വരച്ച എല്ലാ കാര്‍ട്ടുണുകളിലും കരടി കഥാപാത്രമായി.കരടി ഇല്ലാതെ റൂസ് വെല്‍റ്റിന്‍റെ കാര്‍ട്ടൂണ്‍ ഇല്ല എന്നു തന്നെ പറയാവുന്ന അവസ്ഥ.അങ്ങനെ ബിയര്‍ റൂസ് വെല്‍റ്റുമായി കണക്ടു ചെയ്ത് അറിയപ്പെടാന്‍ തുടങ്ങി.

ഈ കാലയളവിലാണ് ബെറിമാന്‍റെ കാര്‍ട്ടൂണ്‍ കണ്ട ബ്രൂക്ക്ലിനിലെ കാന്‍ഡി ഷോപ്പ് ഉടമ മോറിസ് മിച്ചര്‍മിന് ഒരു ആശയം തോന്നിയത്.തന്‍റെ കടയില്‍ ഭാര്യ ഉണ്ടാക്കിയ രണ്ട് കരടികള്‍ ഇരിക്കുന്നു,അതിനെ പ്രസിഡന്‍ഡിന്‍റെ വിളിപ്പേരിട്ടാല്‍ നന്നായേനെ.പിന്നെ താമസിച്ചില്ല.റൂസ് വെല്‍റ്റിനോട് അനുവാദം ചോദിച്ചു, അദ്ദേഹത്തിനും സമ്മതം.പിന്നെ താമസിപ്പിച്ചില്ല.അങ്ങനെ ടെഡി ബിയറെന്ന പേരില്‍ കുട്ടികള്‍ക്കായി ബിയര്‍ ടോയികള്‍ വില്‍പ്പനക്കു വെച്ചു.ടെഡി ബിയറുകള്‍ പെട്ടെന്നു തന്നെ ജനശ്രദ്ധയെ ആകര്‍ഷിച്ചു. സ്ത്രികളും കുട്ടികളും പൊതുസ്ഥലങ്ങളില്‍ ടെഡിബിയറുകളുമായി പ്രത്യക്ഷപ്പെട്ടു.എന്തിനേറെപ്പറയണം റൂസ് വെല്‍റ്റ് രണ്ടാമതും യു.എസ്.ഇലക്ഷനുനിന്നപ്പോള്‍ വലിയ ടെഡി ബിയറുകളെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി ഉപയോഗിച്ചു.ടെഡികളുടെ ജനപ്രീതി കണ്ടറിഞ്ഞ മോറിസ് ഒരു ടോയി കമ്പിനിയും തുടങ്ങി.

ഇതേകാലത്തുതന്നെയാണ് ജര്‍മ്മനിയില്‍ സ്രൈഫ് കമ്പനി സ്റ്റഫഡ് ടോയികളുടെ നിര്‍മ്മാണം നടത്തിയിരുന്നത്.ഇതിന്‍റെ ഉടമ മാര്‍ഗരറ്റ് സ്‌റ്റൈഫ് എന്ന സ്ത്രി ആദ്യകാലങ്ങളില്‍ നിത്യ ചിലവുകള്‍ക്കായി തയ്യലും സ്റ്റഫ്ഡ് ടോയിസ് നിര്‍മ്മാണവും തൊഴിലാക്കിയ ആളായിരുന്നു. മ്യഗങ്ങളുടെ രുപത്തിലുളള ടോയികളായിരുന്നു മാര്‍ഗരറ്റ് സ്റ്റഫ് ചെയ്തു വിറ്റിരുന്നത്.1903ല്‍ ഈ സ്റ്റഫ്ഡ് ടോയികള്‍ അമേരിക്കയില്‍ വില്‍പ്പനക്കെത്തിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.കാരണം, ആദ്യമായിട്ടായിരുന്നു അമേരിക്കയിലുളളവര്‍ സ്റ്റഫു ചെയ്ത ബിയറുകളെ കാണുന്നത്. കാലക്രമേണ മാഗരറ്റിന്‍റെ ബിയറുകളും ടെഡി ബിയര്‍ എന്നറിയപ്പെടാന്‍ തുടങ്ങി.യു.എസിനു പുറത്തേക്കും ടെഡി ബിയറിന്‍റെ പ്രചാരത്തിന്‍റെ തുടക്കം അവിടെനിന്നാണ് തുടങ്ങിയത്.

കളിപ്പാട്ടം എന്നതിന് അപ്പുറത്തേക്കും ടെഡിക്ക് വികാസം ഉണ്ടായത് അതിന്‍റെ ജനപ്രീതി കൊണ്ടാണ്. ടെഡി ബിയര്‍ മ്യൂസിയം, ടെഡി കോപ്‌സ്, ടെഡി പിക്നിക്ക് തുടങ്ങിയവ ഉദാഹരണം.ടെഡി ബിയര്‍ പ്രശസ്ത സംഗീത ബാന്‍ഡുകള്‍ക്കും വിഷയമായി.പ്രശസ്ത കാര്‍ട്ടൂണ്‍ വിന്നി ആന്‍ഡ് ദി പൂ ഒരു ടെഡി ബിയറാണ്. ഭീതിജനകമായ അവസ്ഥയില്‍പ്പെട്ട കുട്ടികളെ ശാന്തമാക്കാനും സമാധാനിപ്പിക്കാനുമായി അമേരിക്കയില്‍ പോലിസ് വകുപ്പ് കുട്ടികള്‍ക്ക് ടെഡി ബിയറിനെ നല്‍ക്കുന്നതാണ് ടെഡിബെയര്‍കോപ് പ്രോഗ്രാം.മിസിസിപ്പി വനാന്തരങ്ങള്‍ക്കും അപ്പുറം ഒരു കരടിയുടെ പ്രശസ്തി വളര്‍ന്നതാണ് ഇന്ന് നമ്മുടെയെല്ലാം കുട്ടികള്‍ മാറോടു ചേര്‍ത്തു പിടിക്കുന്ന ഓമനത്തം തുളുമ്പുന്ന ടെഡിബെയറെന്ന കരടിക്കുട്ടന്മാര്‍.സ്‌നേഹമായും സഹതാപമായും അഭിന്ദനമായും മുതിര്‍ന്നവര്‍ കുട്ടികള്‍ക്കു നല്‍കുന്ന ടെഡി, മിസിസിപ്പി വനത്തിലെ നിസഹായനായ കരടിയുടെയും ഒരു ലോകനേതാവിന്‍റെയും പ്രതീകമാണ്.

shortlink

Related Articles

Post Your Comments


Back to top button