കാസര്‍ഗോഡ്: പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരകളായതായി പോലീസിനു സൂചന ലഭിച്ചു. ഇതു സംബന്ധിച്ചു പോലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുന്നതിനിടെയാണ് മംഗളൂരു കേന്ദ്രമാക്കിയ മയക്കുമരുന്നു മാഫിയ കാസര്‍ഗോട്ടെ കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കിയതായി സൂചനകള്‍ ലഭിച്ചത്. ഇതു സംബന്ധിച്ചു രക്ഷിതാക്കള്‍ പരാതി നല്‍കാത്തതാണ് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്.
എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥിനികളാണ് ഇത്തരത്തില്‍ ആണ്‍സുഹൃത്തുക്കളുടെ വലയിലായി മയക്കുമരുന്നിന് അടിമപ്പെടുന്നത്. മയക്കുമരുന്നു നല്‍കി പിന്നീട് മംഗളൂരുവിലെത്തിച്ചു അവിടെ വച്ചും ഇവരെ കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ്. മംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടികളും സംഘത്തിലുണ്ട്. ഇവരെ യുവാക്കള്‍ താമസിക്കുന്ന ഫ്‌ളാറ്റുകളിലെത്തിച്ച് പീഡനത്തിനിരയാക്കിയതായാണു സൂചന. മാനഹാനി ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ കാര്‍ പോലീസ് പരിശോധിച്ചപ്പോഴാണ് യുവതിയെയും മറ്റു രണ്ടു പേരെയും പിടികൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത്. സ്വന്തം വീട്ടിലേയ്‌ക്കെന്നു പറഞ്ഞു ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ യുവതിയെ മംഗളൂരു തൊക്കോട്ടെ ലോഡ്ജിലെത്തിച്ച് മൂന്നംഗ സംഘം ക്രൂരമായി പീഡിപ്പിച്ചിരുന്നു.നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്നതിനിടെ പത്താം ക്ലാസുമുതല്‍ ലഹരി മാഫിയയുടെ കെണിയിലകപ്പെട്ട പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവരുന്നതായും വിവരങ്ങള്‍ പുറത്തുവന്നു.
വിവാഹിതയായ ശേഷവും ലഹരി മാഫിയയുമായുള്ള ബന്ധം തുടര്‍ന്നു. യുവതിയെ കരുവാക്കി മറ്റു ചിലരെയും ഇവരുടെ കെണിയില്‍പെടുത്തിയിട്ടുണ്ട്.ഇത്തരം കണ്ണികളെല്ലാം പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണിപ്പോള്‍. സംഭവത്തില്‍ റിമാന്‍ഡിലായ കാസര്‍ഗോഡ് എടനീര്‍ എതിര്‍ത്തോട്ടെ കെ.എസ്.സൈഫുദീന്‍, പുലിക്കുന്നിലെ മുഹമ്മദ് സുഹൈല്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇതു സംബന്ധിച്ചു വന്‍ കണ്ണികളെക്കുറിച്ചുള്ള സൂചന ലഭിക്കൂവെന്നാണ് പോലീസ് കരുതുന്നത്. മാനഭംഗം, തടങ്കലില്‍ വയ്ക്കല്‍, ചതിച്ച് തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments