കോഴിക്കോട്: കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയതിന് വനപാലകര്‍ വെടിവെച്ചതിനെ തുടര്‍ന്ന് ആദിവാസി യുവാവ് ജീവനൊടുക്കി. വണ്ടിക്കടവ് പണിയ കോളനിയിലെ നാരായണന്റെ മകന്‍ വിനോദ് (25) ആണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30 ഓടെ പുല്‍പ്പള്ളി കന്നാരംപുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിനോദിന് നേരെ വനപാലകര്‍ വെടിവെച്ചത്. സംഭവത്തെ തുടര്‍ന്ന് വളരെ സങ്കടത്തിലായിരുന്നു വിനോദ്.
ജോലി കഴിഞ്ഞ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു വിനോദ്. കേരള കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കുവച്ച് ഒഴുകുന്ന ജലസ്രോതസാണ് കന്നാരംപുഴ. കുളിക്കാനിറങ്ങിയ വിനോദ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി പുഴയോരത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വനാതിര്‍ത്തിയില്‍ കാട്ടുതീയും മറ്റും തടയാന്‍ നിന്നിരുന്ന രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാരാണ് വെടിവച്ചതെന്ന് വിനോദ് നാട്ടുകാരോട് പറഞ്ഞിരുന്നു. വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും വനപാലകര്‍ ഇവിടെനിന്നും മാറിയിരുന്നു. വനപാലകരെ ഭയന്ന് വിനോദും ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടെ വിനോദിനും പരുക്കേറ്റിരുന്നു. സംഭവത്തില്‍ മനംനൊന്ത് യുവാവ് ജീവനോടുക്കുകയായിരുന്നു.
also read:അട്ടപ്പാടിയിലെ ആദിവാസി യുവാവിന്‍റെ മരണം ; 7 പേര്‍ അറസ്റ്റില്‍
വെടിയുതിര്‍ത്ത ഗാര്‍ഡ് മഞ്ജുനാഥിനെതിരെ കര്‍ണാടക വനംവകുപ്പ് നടപടിയെടുത്തു. ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിനുകീഴിലെ വെള്ള റെയ്ഞ്ചിന്റെ കീഴില്‍ ജോലി നോക്കിയിരുന്ന ഇയാളെ ബേഗൂര്‍ റെയ്ഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അതേസമയം യുവാവ് വനത്തില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഗാര്‍ഡ് വനംവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട്.
Post Your Comments