ദുബായ്•മുന്‍ ഭര്‍ത്താവിനും ബോസിനും സ്വകാര്യ ചിത്രങ്ങള്‍ അയച്ചുകൊടുക്കുമെന്ന് എയര്‍ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ക്ലാര്‍ക്കിന് മൂന്ന് മാസം തടവും നാടുകടത്തലും.
34 കാരനായ ഈജിപ്ഷ്യന്‍ യുവാവിനെയാണ് തന്റെ രാജ്യക്കാരിയായ യുവതിയെ എസ്.എം.എസ് സന്ദേശങ്ങള്‍ വഴി ഉപദ്രവിച്ചതിന് ദുബായ് പ്രാഥമിക കോടതി ശിക്ഷിച്ചത്. യുവതി ജോലി ചെയ്യുന്ന വിമാനക്കമ്പനിയില്‍ ജോലി ശരിയാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
നേരത്തെ കോടതിയില്‍ കുറ്റങ്ങള്‍ നിഷേധിച്ച പ്രതി, യുവതി തനിക്ക് വലിയ തുക നല്‍കാനുണ്ടെന്നും പറഞ്ഞു.
33 കാരിയായ പരാതിക്കാരി 2016 നവംബറിലാണ് ഒരു ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ശാഖയില്‍ ജോലി ചെയ്തിരുന്ന പ്രതിയെ പരിചയപ്പെടുന്നത്. സുഹൃത്തുക്കള്‍ ആയി മാറിയതോടെ യുവതി ഇയാളെ തന്റെ മകനും സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തുകയും ചെയ്തു. ഇയാളുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതോടെയാണ് ഇയാള്‍ തന്നെ ശല്യം ചെയ്യാന്‍ തുടങ്ങിയതെന്നും യുവതി പറഞ്ഞു.
മൊബൈല്‍ കമ്പനിയില്‍ യുവതി നല്‍കിയിരുന്ന ഇ-മെയില്‍ വിലാസം മാറ്റി ഇയാള്‍ സ്വന്തം വിലാസം നല്കി. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ ചാര്‍ജ് വരുന്നത് പരിശോധിക്കാനായിരുന്നു എന്നായിരുന്നു പ്രതിയുടെ മറുപടി.
യുവതി എവിടെ പോയാലും പിന്തുരുന്നതും ഇയാളുടെ പതിവായിരുന്നു. 2017 മെയില്‍ ഇയാളുടെ ജോലി നഷ്ടപ്പെട്ടതോടെയാണ്, യുവതിയുടെ കമ്പനിയില്‍ ജോലി വാങ്ങി നല്‍കണം എന്നാവശ്യപ്പെട്ട് സമീപിച്ചത്.
ഇരുവരും തമ്മില്‍ അടിച്ചുപിരിഞ്ഞതോടെ യുവതി ഇയാളെ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ ഇയാള്‍ ഫോണ്‍ വിളിച്ച് ശല്യം തുടരുകയായിരുന്നു. യുവതിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ താന്‍ കൈക്കലാക്കിയിട്ടുണ്ടെന്നും ഈ ചിത്രങ്ങള്‍ മുന്‍ ഭര്‍ത്താവിനും വിമാനക്കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ ഇയാളുടെ ഭീഷണി സഹിക്കാനാവാതെ യുവതി അല്‍-റഫാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments