ഇടുക്കി: പൂപ്പാറ പന്നിയാര്‍ എസ്റ്റേറ്റ് ലായത്തില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് അടിയേറ്റ് 46കാരന്‍ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളി ഗണേശന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഒളിവില്‍ പോയിരുന്ന പ്രതി ബാലമുരുകന്‍(38) അടിമാലിയില്‍ പൊലീസിന്റെ പിടിയിലായതായി സൂചന. മരുന്ന് വാങ്ങുന്നതിനായി ഭാര്യയോടൊപ്പം താലൂക്ക് ആശുപത്രിയിലെത്തിയ ഇയാളെ ഉച്ചയോടെ അടിമാലി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.
മരിച്ച ഗണേശന്റെ ഭാര്യയുടെ സഹോദരനാണു ബാലമുരുകന്‍. തമിഴ്‌നാട്ടുകാരായ ഇരുവരുടെയും കുടുംബങ്ങള്‍ എസ്റ്റേറ്റ് ലായത്തില്‍ അടുത്തടുത്താണു താമസം. മദ്യം വാങ്ങി ലായത്തില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന ഇടപാട് ബാലമുരുകനുണ്ട്. ഞായറാഴ്ച്ച വൈകിട്ട് ഗണേശന്‍ ഇത് വാങ്ങിക്കഴിക്കുകയും ലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് ബാലമുരുകന്‍ സമീപത്ത് കിടന്നിരുന്ന വിറകെടുത്ത് ഗണേശന്റെ നിരവധി തവണ അടിച്ചുവെന്നും സംഭവത്തെ കറിച്ച് പൊലീസ് പറഞ്ഞു.
ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായതിനാല്‍ ബഹളം ലായത്തിലെ മറ്റ് തൊഴിലാളികള്‍ ശ്രദ്ധിച്ചില്ല. പരിക്കേറ്റ ഗണേശനെ തിങ്കളാഴ്ച്ച രാവിലെ ഭാര്യ മുനീശ്വരി പൂപ്പാറയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മരത്തില്‍നിന്ന് വീണതാണെന്നാണു ഡോക്ടറോട് പറഞ്ഞത്. അവശനിലായിലായിരുന്ന ഇയാളെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ചെലവിനും ചികില്‍സയ്ക്കും പണമില്ലാതിരുന്നതിനാല്‍ ഭാര്യ ഇയാളെ വീട്ടിലേയ്ക്ക് തിരികെ കൊണ്ടുപോകുകയാണു ചെയ്തത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിരിവെടുത്ത് പണം കണ്ടെത്തുകയും, ചൊവ്വാഴ്ച്ച രാവിലെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച രാത്രി നില കൂടുതല്‍ വഷളായി എട്ടരയോടെ മരിക്കുകയായിരുന്നു.
ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ കെ.ആര്‍ സുധാകരന്‍, ശാന്തന്‍പാറ ഐ.പി ടി.ഡി പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘം ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തലയ്ക്കും ശരീരത്തിനുമേറ്റ ആന്തരിക പരിക്കാണു മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗൗതം ,മൗനിയ, മോനിഷ എന്നിവരാണു മക്കള്‍.
Post Your Comments