പെന്റഗണ്‍ : പറക്കും തളിക ഇന്നും മനുഷ്യന് പിടിതരാത്ത ഒന്നാണ്. അതിന്റെ വരവ് മനുഷ്യര്‍ക്കും ശാസ്ത്രലോകത്തിനും അജ്ഞാമാണ്. ശാസ്ത്രലോകത്തിനു മുന്നില്‍ ചുരുളഴിയാത്ത രഹസ്യങ്ങളായി പറക്കും തളിക ഇന്നും നിലകൊള്ളുന്നു. രഹസ്യങ്ങളുടെ ആ തളികയിലേക്ക് ഒരു വാര്‍ത്ത കൂടിയെത്തുകയാണ്. അമേരിക്കന്‍ നാവികസേനയിലെ പൈലറ്റിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട പറക്കും തളികയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
ആകാശത്ത് പറക്കുന്ന അജ്ഞാത വസ്തുവിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ടു ദി സ്റ്റാര്‍സ് അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് (ടിടിഎസ്എ) ആണ് പറക്കും തളികയ്ക്ക് സമാനമായ വസ്തുവിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ വകുപ്പിന്റെ ഡീക്ലാസിഫൈഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ വെള്ളിയാഴ്ച വിഡിയോ പുറത്തുവിട്ടത്. അമേരിക്കന്‍ പൈലറ്റുമാര്‍ക്ക് മുന്നില്‍ അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ പുതിയ വിഡിയോയെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗം തയാറായില്ല.
അമേരിക്കന്‍ നാവികസേനയില്‍ പൈലറ്റായുള്ള 18 വര്‍ഷത്തെ കാലയളവില്‍ കമാന്‍ഡര്‍ ഡേവിഡ് ഫ്രേവറിനോട് ഭാര്യയുടെ മാതാവിന് ഒന്നേ ചോദിക്കാനുണ്ടായിരുന്നു. വിമാനം പറത്തുമ്പോള്‍ എപ്പോഴെങ്കിലും പറക്കും തളികയെ കണ്ടിട്ടുണ്ടോ? ആദ്യത്തെ 15 വര്‍ഷക്കാലവും ഇല്ലെന്നായിരുന്നു ഫ്രേവറിന്റെ മറുപടി. എന്നാല്‍ 2004ല്‍ കാലിഫോര്‍ണിയയുടെ തീരത്തു കൂടിയുള്ള ഒരു പറക്കലിന് ശേഷും മറുപടി പറക്കും തളിക കണ്ടിട്ടുണ്ടെന്നായി മാറി.
അമേരിക്കന്‍ നാവികസേനയില്‍ നേവി സ്വാഡ്രണായി സേവനം അനുഷ്ടിക്കുന്നതിനിടെയായിരുന്നു ഫ്രേവറിന്റെ വിചിത്രാനുഭവം. ഒരു വിമാനത്തോളം വലിപ്പമുള്ള പറക്കും തളികയെയാണ് സാധാരണ പരിശീലന പറക്കലിനിടെ താന്‍ കണ്ടതെന്ന് ഫ്രേവര്‍ പറയുന്നു. താന്‍ മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള ഒരു വസ്തു വായുവിലൂടെ നീങ്ങുന്നത് കണ്ടത് ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ആകാശത്ത് കാണുന്ന അജ്ഞാത വസ്തുക്കളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്ന പെന്റഗണിന്റെ ഔദ്യോഗിക സമ്മതം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഫ്രേവറിന്റെ അനുഭവസാക്ഷ്യം പുറത്തുവന്നിരിക്കുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലത്താണ് ഇത്തരം അജ്ഞാത ആകാശ വസ്തുക്കളെക്കുറിച്ച് വിശദമായ പഠനം നടന്നതെന്നാണ് പെന്റഗണ്‍ സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ അന്നത്തെ പട്ടികയിലുണ്ടായിരുന്ന സംഭവങ്ങളില്‍ ചിലതില്‍ ഇപ്പോഴും പഠനം നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.
അമേരിക്കന്‍ വ്യോമസേന പറക്കുംതളികകളെക്കുറിച്ച് 1969ല്‍ നടത്തിയ പ്രൊജക്ട് ബ്ലൂബുക്ക് എന്ന പഠനങ്ങള്‍ക്ക് സമാനമായിരുന്നു ഇവ. ആകാശത്ത് പലകാലങ്ങളില്‍ പലദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട നൂറുകണക്കിന് അജ്ഞാത വസ്തുക്കളായിരുന്നു പ്രൊജക്ട് ബ്ലൂബുക്കിലെ പഠനവിഷയങ്ങള്‍. എന്നാല്‍ അന്യഗ്രഹ പറക്കും തളികകളെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിക്കാതെ അവസാനിപ്പിക്കുകയായിരുന്നു പ്രൊജക്ട് ബ്ലൂബുക്ക് എന്നാണ് അമേരിക്കന്‍ വ്യോമസേന വ്യക്തമാക്കിയത്.
2004 നവംബര്‍ 14ന് താന്‍ കണ്ട അജ്ഞാത വസ്തുവിനെക്കുറിച്ച് മറ്റാര്‍ക്കെല്ലാം സംശയങ്ങളുണ്ടെങ്കിലും തനിക്ക് സംശയമില്ലെന്നാണ് ഫ്രേവര്‍ പ്രതികരിച്ചത്. അന്ന് താന്‍ കണ്ടത് ഭൂമിയിലുള്ള വസ്തുവല്ലെന്ന് 13 വര്‍ഷത്തിന് ശേഷവും ഫ്രേവര്‍ വിശ്വസിക്കുന്നു. അമേരിക്കയിലെ സാന്‍ഡിയോഗോക്കും മെക്സിക്കോയിലെ എന്‍സെനാഡക്കുമിടയിലൂടെ കരയില്‍ നിന്നും 60 മുതല്‍ 100 മൈല്‍ വരെ ദൂരത്തില്‍ സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഫ്രേവര്‍ ആ കാഴ്ച കണ്ടത്.
നാല്‍പത് അടിയോളം വലിപ്പത്തില്‍ ചിറകുകളൊന്നുമില്ലാത്ത വെളുത്ത നിറത്തിലുള്ള പറക്കും തളിക കണ്ടുവെന്നാണ് ഫ്രേവര്‍ റിപ്പോര്‍ട്ടു ചെയ്തത്. സമുദ്രത്തോട് ചേര്‍ന്നായിരുന്നു ഈ പറക്കും തളികയുടെ സഞ്ചാരം. കൂടുതല്‍ അടുത്തേക്ക് ചെന്നതോടെ അതിവേഗം ഇത് പറന്നുപോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തില്‍ തന്നെ അത്ര വേഗത്തില്‍ എന്തെങ്കിലും വസ്തു സഞ്ചരിക്കുന്നത് കണ്ടിട്ടില്ലെന്ന് കൂടി പൈലറ്റായ ഫ്രേവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അമേരിക്കന്‍ വിമാന വാഹിനികപ്പലായ യുഎസ്എസ് നിമിത്സിലേക്ക് ഉടന്‍ തന്നെ തിരിച്ചു പറന്നെത്തിയ ഫ്രേവര്‍ ഇക്കാര്യം മേധാവികളെ അറിയിച്ചിരുന്നു. എന്നാല്‍ നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാര്യമായ താല്‍പര്യമെടുക്കാതിരുന്നതോടെ ഫ്രേവറിന്റെ അനുഭവം തമാശയായി മാറി. 2006ല്‍ നാവികസേനയില്‍ നിന്നും വിരമിച്ച അദ്ദേഹത്തെ തേടി 2009 സര്‍ക്കാരില്‍ നിന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തിയതോടെയാണ് പറക്കുംതളിക അനുഭവം വീണ്ടും പൊടിതട്ടി എടുക്കപ്പെടുന്നത്. ദുരൂഹമായ ഇത്തരം വസ്തുക്കളെകുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ ഉദ്യോഗസ്ഥന്‍ ഫ്രേവറിനെ തേടിയെത്തിയത്.
Post Your Comments