Latest NewsNewsGulf

ദുബായില്‍ നിരവധി ജോലി ഒഴിവുകള്‍

ദുബായ് : സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി നാലായിരം സ്വദേശികള്‍ക്ക് നൂറു ദിവസത്തിനുള്ളില്‍ നിയമനം നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി സ്വദേശിവല്‍കരണ, മനുഷ്യശേഷി മന്ത്രി നാസ്സര്‍ താനി അല്‍ ഹമേലി പറഞ്ഞു. സ്വദേശിവല്‍കരണം ദേശീയ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധമേഖലകളെ സമന്വയിപ്പിച്ചാണു സ്വദേശിവല്‍കരണം യാഥാര്‍ഥ്യമാകേണ്ടത്. ഇത്തിസലാത്ത്, വിവരസാങ്കേതികം, വ്യോമമേഖല, റിയല്‍ എസ്റ്റേറ്റ് എന്നിവ കോര്‍ത്തിണക്കിയാണ് സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് നിയമനം നല്‍കുന്നത്. ഇതിനുപുറമേ സേവന സ്ഥാപനങ്ങളെയും സ്വദേശിവല്‍ക്കരണ സംവിധാനവുമായി ബന്ധിപ്പിക്കും. സ്വദേശിവല്‍ക്കരണ നടപടികള്‍ക്ക് ഗതിവേഗം വരുത്തുന്നതിനായി നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഷന്‍ 2021 ന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ വിവിധ രംഗങ്ങളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലാക്കുന്നത്. യുഎഇയില്‍ പദ്ധതിക്കായി പ്രത്യേക തൊഴില്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളും ഫ്രീസോണ്‍ മേഖലയിലെ സ്ഥാപനങ്ങളും യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി സ്ഥാപനങ്ങളില്‍ നിയമനം നല്‍കും. ധനകാര്യമേഖലകളിലെ നിയമനങ്ങളും പ്രധാന ലക്ഷ്യമാണ്. ഇതിനായി ഈ രംഗത്തുള്ള കമ്പനികളുടെ 110 മാനേജര്‍മാരുമായി കൂടിക്കാഴ്ച പൂര്‍ത്തിയായതായി അല്‍ ഹമേലി പറഞ്ഞു. യുഎഇയിലെ സജീവ മേഖലകളില്‍ ഒന്നായ ധനകാര്യരംഗത്തു കൂടുതല്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യമേഖലകളില്‍ നിയമനം നല്‍കുന്നതിനും സ്വദേശികളെ ആകര്‍ഷിക്കുന്നതിനുമായി സംഘടിപ്പിച്ച ‘ലേബര്‍ ഓപ്പണ്‍ ഹൗസി’ല്‍ ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് നിയമനത്തിന്റെ മുന്നോടിയായുള്ള ഓഫര്‍ ലെറ്റര്‍ നല്‍കുകയും ചെയ്തു. സ്വദേശിവല്‍ക്കരണ മനുഷ്യശേഷി മന്ത്രാലയത്തിന് കീഴില്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിനായി ‘സ്വദേശിവല്‍ക്കരണ കവാടം’ തുറന്നിട്ടുണ്ട്. ഉന്നതപഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കുക ഇതുവഴിയാണ്. നിയമനം നല്‍കിയ ശേഷവും കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ പ്രാപ്തമാക്കുന്ന പരിശീലനങ്ങളും ലഭിക്കും.

സ്‌കൂള്‍, കോളജ് തലങ്ങളില്‍ നിന്നുതന്നെ തൊഴില്‍പരിശീലനവും ബോധവല്‍കരണവും ഇതിന്റെ ഭാഗമായുണ്ടാകും. സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നതിന്റെ പ്രാധാന്യവും തൊഴില്‍സംബന്ധമായ അവബോധവും സൃഷ്ടിക്കുന്നതിനു
മായി സ്വദേശിരക്ഷിതാക്കള്‍ക്ക് ശില്‍പശാലകള്‍ സംഘടിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

സ്വദേശിവല്‍ക്കരണം: കമ്പനികള്‍ക്ക് ക്ലബ്

സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനായി സ്വകാര്യ മേഖലകളിലെ മാനേജര്‍മാരെ ഉള്‍പ്പെടുത്തി മന്ത്രാലയം സ്വദേശിവല്‍ക്കരണ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ അംഗങ്ങള്‍ ആകുന്ന കമ്പനികള്‍ക്ക് ഫീസ് ഇളവുകള്‍ അടക്കമുള്ള ഒട്ടേറെ ആനുകൂല്യങ്ങള്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button