പാലക്കാട്: ആരെയും ഭയക്കാതെ ആ അമ്മയ്ക്ക് ഇനി മകനെ മടിയില്‍ക്കിടത്തി ഉറക്കാം. തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും കഴിച്ചുകൂട്ടിയ ഉറക്കമില്ലാ രാത്രികളോട് അവര്‍ക്ക് വിടപറയാം. അരക്ഷിതത്വത്തിന്റെ ആറു വര്‍ഷങ്ങള്‍ക്കൊടുവില്‍ അലനും അമ്മയ്ക്കും തണലൊരുങ്ങി. ആറാംക്ലാസുകാരനായ അലന്റെയും അമ്മയുടെയും കണ്ണുനനയിക്കുന്ന കഥ തിങ്കളാഴ്ചയാണ് മാതൃഭൂമി ചാനൽ പുറത്തു വിട്ടത്. റെയില്‍വേ സ്റ്റേഷന്റെ ചവിട്ടുപടികളിലും തീവണ്ടിയുടെ വാതില്‍ക്കലും ഭയപ്പാടോടെ ജീവിതം തള്ളിനീക്കിയ അലനും അമ്മയ്ക്കും വാര്‍ത്ത വന്ന് വൈകുന്നേരമായപ്പോഴേക്കും പത്തിരിപ്പാല നഗരിപ്പുറം പാലാരിയിലെ ശ്രീലക്ഷ്മിഭവനം തണലായി.
സ്വന്തമായി വീടുനല്‍കുമെന്ന് ജൂവലറി ഗ്രൂപ്പായ കല്യാണ്‍ വാഗ്ദാനം ചെയ്തു. ഇതൊക്കെ കണ്ട അലന്‍ അമ്പരന്നു, കല്യാൺ തന്നെയാണ് ഈ വീട് താത്കാലികമായി ഏര്‍പ്പെടുത്തിയത്. വാര്‍ത്ത വന്നതുമുതല്‍ അലനെയും അമ്മയെയും ഏറ്റെടുക്കാനും താത്കാലിക വീടൊരുക്കാനും പഠനച്ചെലവ് ഏറ്റെടുക്കാനും ജോലി നല്‍കാനുമൊക്കെയുള്ള പിന്തുണയും സഹായവും പ്രവഹിച്ചു.കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ജില്ലാ ജഡ്ജി കെ.ടി. ഇന്ദിരയും വിഷയത്തില്‍ ഇടപെട്ടു.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പോലീസ്, റെഡ്ക്രോസ്, സാമൂഹികനീതി തുടങ്ങിയ വകുപ്പു പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിവരങ്ങൾ ശേഖരിച്ചു. തിങ്കളാഴ്ചതന്നെ അവര്‍ക്ക് സുരക്ഷിതതാമസമൊരുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അലന്റെ പഠനത്തിനും മറ്റും സഹായത്തിനായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇനി അലനും അമ്മയ്ക്കും ഭയക്കാതെ ഉറങ്ങാം.
Post Your Comments