Latest NewsNewsGulf

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി സൗദിയുടെ പുതിയ തീരുമാനം : പുതിയ നിയമം ഈ മാസം 18 മുതല്‍

ജിദ്ദ : പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയുടെ പുതിയ തീരുമാനം നിലവില്‍ വന്നു. ഈ മാസം പതിനെട്ടു മുതല്‍ മറ്റൊരു തൊഴില്‍ മേഖലയില്‍ നിന്നു കൂടി സൗദി അറേബ്യയിലെ വിദേശികള്‍ പുറത്താകുന്നു. റെന്റ് എ കാര്‍ തൊഴിലുകള്‍ സമ്പൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കണമെന്ന് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു. ഇക്കാര്യം സംബന്ധിച്ചു സ്ഥാപനങ്ങള്‍ക്കു നേരത്തേ തന്നെ അറിയിപ്പു നല്‍കിയിരുന്നു. സ്വദേശി യുവതി യുവാക്കള്‍ക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുക,മൊത്തം തൊഴില്‍ കമ്പോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയാണു നീക്കം.

അക്കൗണ്ടിങ്, സൂപര്‍വൈസിങ്, സെയില്‍സ്, റെസീപ്റ്റ് ആന്‍ഡ് ഡെലിവറി തുടങ്ങിയവയിലെ ജോലികളാണ് കാര്‍ റെന്റല്‍ മേഖലയില്‍ സൗദിവത്കരണത്തില്‍ ഉള്‍പ്പെടുകയെന്നു തൊഴില്‍ മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. നിയമം നടപ്പാവുന്നതു മുതല്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തും. സ്വദേശികള്‍ക്കായ സംവരണം ചെയ്ത തസ്തികകളില്‍ വിദേശി ജീവനക്കാരെ കണ്ടെത്തിയാല്‍ പിഴയായിരിക്കും തൊഴിലുടമയുടെ മേല്‍ ചുമത്തുകയെന്നും ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കുമെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു. ലംഘനങ്ങള്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. സ്വദേശിവല്‍ക്കരണം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തെ വിവരമറിയിക്കുന്നതിന് പ്രത്യേക ടെലഫോണ്‍ നമ്പറും ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വക്താവ് തുടര്‍ന്നു.

സൗദിവല്‍ക്കരണം ഫലപ്രദമാകുന്നതിനായി തൊഴില്‍ വകുപ്പ് നിരവധി നടപടികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കാര്യം അബല്‍ഖൈല്‍ ചൂണ്ടിക്കാട്ടി. തൊഴിലന്വേഷകരെ വിവിധ തൊഴിലുകള്‍ക്കു യോഗ്യരാക്കുന്നതിനുള്ള സാങ്കേതികവും മറ്റുമായ പരിശീലനങ്ങള്‍, ഇലക്ട്രോണിക് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരിശീലനം,സ്വന്തമായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സാമ്പത്തികവും മറ്റുമായ പിന്തുണ, ദേശീയ തൊഴിലുറപ്പ് പദ്ധതി, തൊഴില്‍ അപേക്ഷകരെയും തൊഴിലുടമകളെയും പരിചയപ്പെടുത്തുന്നതിനുള്ള സംഗമങ്ങള്‍, തൊഴില്‍ തദ്ദേശവല്‍ക്കരണ തീരുമാനങ്ങള്‍ നടപ്പിലാവുന്നുണ്ടെന്നു ഉറപ്പുവരുത്താനുള്ള നടപടികള്‍ എന്നിവ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നതിനായി ഏര്‍പ്പെടുത്തിയ നീക്കങ്ങളാണ്.

ഇതിനു പുറമെ,തൊഴില്‍ കമ്പോളത്തിലെ സ്വദേശികളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വിവിധങ്ങളായ സംവിധാനങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ;സ്വയം തൊഴില്‍ സപ്പോര്‍ട് പദ്ധതി,വിദൂര തൊഴില്‍ പദ്ധതി തുടങ്ങിയവ ഇവയില്‍ പെടുന്നു. ബിനാമി ബിസിനസ്സുകള്‍ക്ക് തടയിടാന്‍ കൂടിയാണ് ഇത്.

shortlink

Post Your Comments


Back to top button