Latest NewsKeralaNews

ഏരൂര്‍ സ്വദേശിയുടെ ദുരൂഹ മരണവുമായി വീട്ടമ്മയുടെ കൊലപാതകത്തിന് ബന്ധം : രണ്ട് മരണങ്ങള്‍ക്കും ഒരേ കാരണമെന്ന് പൊലീസ്

കൊച്ചി: മകളുമായി പിണങ്ങിപ്പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ശകുന്തള എന്ന വീട്ടമ്മയെ കൊന്ന് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്തത് ആര്? ഈയൊരു അന്വേഷണത്തിലാണ് പൊലീസ്. എന്തിനാണ് ശകുന്തള എന്ന സ്ത്രീയെ കൊലപ്പെടുത്തിയതെന്നും ആരാണിത് ചെയ്തതെന്നും ഉള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇവരുടെ മകളുടെ പരിചയക്കാരന്‍ മരിച്ചതിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നു. ഈ ഏരൂര്‍ സ്വദേശിയുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. ഉദയംപേരൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ ഘാതകനെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

2016 സെപ്റ്റംബറിലാണ് ശകുന്തളയെ കാണാതായത്. ഇതിന് പിന്നാലെ ഇവര്‍ക്കായി തിരച്ചില്‍ നടന്നെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളത്തിന് സമീപത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിട്ട് വച്ച നിലയില്‍ മൃതദേഹം കണ്ടതോടെ ഇത് ആരുടേതാണെന്ന തിരച്ചില്‍ തുടങ്ങി. കൈകാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി വീപ്പയ്ക്കുള്ളില്‍ ഇട്ട നിലയില്‍ ആണ് മൃതദേഹം കണ്ടത്. മൃതദേഹം അടക്കംചെയ്ത വീപ്പയില്‍ നിന്ന് അഞ്ഞൂറിന്റേയും നൂറിന്റേയും നോട്ടുകള്‍ ലഭിച്ചു. അസ്ഥികൂടത്തിന്റെ ഒരു കാല്‍ നേരത്തേ ഒടിഞ്ഞതാണെന്നും കണ്ടെത്തി. ഇതില്‍ ശസ്ത്രക്രിയ നടത്തി ഘടിപ്പിച്ച പിരിയാണിയുടെ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് നടന്ന അന്വേഷണം.

ചെളിയില്‍ ചവിട്ടിത്താഴ്ത്തിയ നിലയിലായിരുന്ന വീപ്പയില്‍നിന്ന് മാസങ്ങളോളം നെയ് ഉയര്‍ന്നു ജലോപരിതലത്തില്‍ പരന്നിരുന്നതായി മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ദുര്‍ഗന്ധവും ഉണ്ടായിരുന്നു. പത്തു മാസം മുന്‍പാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ ഇതു കണ്ടത്. എന്നാല്‍, അന്ന് വീപ്പയില്‍ പങ്കായം കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാല്‍ വിട്ടുകളയുകയായിരുന്നു.

രണ്ടു മാസം മുന്‍പ് ഇത് കരയില്‍ ഇട്ടു. കരയില്‍ മതില്‍ പണിതപ്പോള്‍ കായലില്‍നിന്ന് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് ചെളി കോരിയിരുന്നു. അപ്പോഴാണ് വീപ്പ കരയില്‍ എത്തിച്ചത്. ഉള്ളില്‍ ഇഷ്ടിക നിരത്തി സിമന്റ് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാര്‍ കായലോരത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇതിനു ശേഷമാണ് നെട്ടൂരില്‍ കായലോരത്ത് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്. മൃതദേഹം ജലോപരിതലത്തില്‍ ഉയര്‍ന്നു വരാതിരിക്കാന്‍ ചാക്കില്‍ ഉണ്ടായിരുന്ന മതിലിന്റെ അവശിഷ്ടം പോലെ തോന്നിക്കുന്നതാണ് വീപ്പയിലും കണ്ടത്.

കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീപ്പയില്‍നിന്നാണു മൃതദേഹം ലഭിച്ചത്. വസ്ത്രാവശിഷ്ടങ്ങളില്‍നിന്നു മൃതദേഹം സ്ത്രീയുടേതാണെന്നു വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ ഇടതു കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കമ്പിയിട്ടിരുന്നു. ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തില്‍ കാലില്‍ സ്റ്റീല്‍ കമ്പിയിട്ട ആറുപേരെപ്പറ്റി വിവരം ലഭിച്ചു. ഇതില്‍ അഞ്ചുപേരെ പൊലീസിന് കണ്ടെത്താനായതോടെ ആറാമത്തെയാളായ ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ വിവരങ്ങളും പൊലീസ് അന്വേഷിച്ചു. ഇവര്‍ 2016ല്‍ കാണാതായെന്നും മുംബൈയ്ക്ക പോയെന്നും മറ്റുമുള്ള വിവരങ്ങളാണ് പ്രചരിച്ചിരുന്നത്. ഇതോടെ മുംബൈയില്‍ അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു എന്നാല്‍ വിവരമൊന്നും ലഭിച്ചില്ല.

ഇതിനിടെ ഇവര്‍ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരം അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞശേഷം ഇവര്‍ മുംബൈക്കു പോകുന്നുവെന്നു പറഞ്ഞതായും പിന്നീട് യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ശകുന്തളയുടെ മകള്‍ അശ്വതിയുടെ ഡിഎന്‍എയും അസ്ഥികൂടത്തിന്റെ ഡിഎന്‍എയുമായി പൊരുത്തമുണ്ടെന്നു സ്ഥിരീകരണം എത്തിയതോടെ ശകുന്തളതന്നെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു.

ശകുന്തളയുടെ കൈയില്‍ ലക്ഷക്കണക്കിന് രൂപയുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പൊലീസ് കരുതുന്നത്. വീപ്പയ്ക്കകത്തു നിന്ന് മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ടുകളും കണ്ടെത്തിയിരുന്നു.ശകുന്തളയുടെ മൃതദേഹം വീപ്പയ്ക്കുള്ളില് കണ്ടെത്തിയ ദിവസത്തിന്റെ പിറ്റേന്ന് മകളുടെ സുഹൃത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.

ഈ മരണവും ശകുന്തളയുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശകുന്തളയുടെ മകനായ പ്രമോദിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. മുമ്പ് മകനുണ്ടായ ബൈക്ക് അപകടത്തെ തുടര്ന്ന് ലഭിച്ച ഇന്‍ഷ്വറന്‍സ് തുകയായ 5 ലക്ഷം ശകുന്തളയുടെ കയ്യിലുണ്ടായിരുന്നു. ഈ പണത്തിന് വേണ്ടിയാണോ കൊല നടന്നതെന്നതും മൃതദേഹം ഒളിപ്പിക്കാന്‍ ഇത്ര സമര്‍ത്ഥമായി പ്ദ്ധതിയിട്ടത് എന്തിനെന്നും എല്ലാം അന്വേഷിക്കുകയാണ് പൊലീസ്.

മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച എരൂര്‍ സ്വദേശിയെയും സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയാണു പൊലീസിന്റെ അന്വേഷണമെന്നാണു വിവരം. ഇയാളുടെ മൊബൈല്‍ഫോണും കാറും പൊലീസിന്റെ കസ്റ്റഡിയിലാണെന്നും വിവരമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണം പൊലീസ് നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button