ArticleLatest NewsEditorial

ചരിത്രമുഹൂര്‍ത്തം ദൈവസാന്നിധ്യം കൊണ്ട് ജനനന്മയ്ക്ക് തുടക്കമാകട്ടെ

ബിജെപിയുടെ വളര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക ദിനം കൂടി. ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരം നേടുമ്പോള്‍ പ്രതീഷയും ആത്മവിശ്വാസവും വര്‍ധിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാ‍ര്‍ ദേബാണ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ത്രിപുരയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ സിപിഎം ഭരണം തകര്‍ത്ത് അധികാരത്തിലേറുന്നത് വന്‍ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഭരണമുള്ള ഇരുപത്തിയൊന്നു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പാരര്‍ലമെന്‍ററി ബോര്‍ഡ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയായി ബിപ്ലബ് ദേബ് കുമാറിനും ഉപമുഖ്യമന്ത്രിയായി ജിഷ്ണു ദേബ് ബര്‍മയ്ക്കും ഗവര്‍ണര്‍ തഥാഗത റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും.

ഇത് ആദ്യമായി രാജ്ഭവനു പുറത്ത് അഗര്‍ത്തലയിലെ അസം റൈഫിള്‍സ് മൈതാനത്താണു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ആക്രമണം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐപിഎഫ്ടിയുടെ നാല് പ്രതിനിധികളും മന്ത്രിസഭയില്‍ അംഗമാകും. മുപ്പത്തിയഞ്ച് സീറ്റു നേടിയ ബിജെപിയും എട്ട് സീറ്റ് നേടിയ ഐപിഎഫ്ടിയും സഖ്യമായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനേയും ക്ഷണിച്ചിട്ടുണ്ട്.

മോദി-അമിത് ഷാ മാജിക്കില്‍ ബിജെപിയ്ക്ക് ഇനിയും മുന്നോട്ട് കുതിക്കാനാകുമെന്നാണ് ത്രിപുരയിലെ ഫലം തെളിയിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പും കേന്ദ്ര സംസ്ഥാന ഭാരണങ്ങളുടെ വിജയ പരാജയങ്ങള്‍ക്കുള്ള മറുപടിയാണെങ്കില്‍ ഈ വിജയത്തെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ഭരണം തുടരാനുള്ള ജനഹിതമായി കണക്കാക്കാം. ജിഎസ്ടിയും നോട്ട് നിരോധനവും ബിജെപിയ്ക്ക് എതിരെ ആയുധമാക്കിയവര്‍ക്ക് മുന്നില്‍ മോദി പ്രഭാവം വളരുകയായിരുന്നു. കര്‍ണാടക, ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളവും ഒഴിച്ചാല്‍ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. നോര്‍ത്ത് ഈസ്റ്റിലെ ഫലങ്ങള്‍ കൂടി പുറത്തു വന്നതോടെ ഇന്ത്യയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 15 ആകും.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ 22വര്‍ഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിര്‍ത്തിയപ്പോള്‍ ഹിമാചല്‍ പ്രദേശ് ബിജെപി കോണ്‍ഗ്രസ്സില്‍ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു. ത്രിപുരയില്‍ ബിജെപി നേടിയത് ചരിത്ര വിജയമായിരുന്നു. ഇടത് കോട്ടയിലെ വമ്പന്‍ വിള്ളലാണ് ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നര ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതാണ് അമ്ബതിനോട് അടുത്ത് ബിജെപി വളര്‍ത്തിയത്. അത് അത്ഭുതമാണ്. നാഗാലാണ്ടിലും ഭരണം പിടിക്കാനുള്ള കേവല ഭൂരിപക്ഷം ബിജെപിക്കുണ്ട്. അതുകൊണ്ട ്തന്നെ ബിജെപിയോ മുന്നണിയോ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 20 ആയി മാറും. നിലവില്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 19ഉം ബിജെപിയോ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോയാണ് ഭരിക്കുന്നത്. ഇതില്‍ 15 സംസ്ഥാനങ്ങളില്‍ ബിജെപി ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് ഭരണത്തിലിരിക്കുന്നത്. അരുണാചല്‍ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമുള്ളത്. നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യഭരണമാണുള്ളത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മുകശ്മീര്‍, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം നിലനില്‍ക്കുന്നത്.

മോദി അധികാരത്തിലെത്തുമ്പോള്‍ ഗുജറാത്തും ജാര്‍ഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ് ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം പിടിച്ചത്. ഇത് മോദി പ്രഭാവത്തിന്റെ സൂചനയായിരുന്നു. ഇതില്‍ മഹാരാഷ്ട്രയില്‍ ശിവസേനയില്‍ നിന്ന് അകന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നിട്ടും മഹാരാഷ്ട്ര ജയിക്കാനായി. യുപി പിടിച്ചതും അവിസ്മരണീയമായിരുന്നു. മൂന്നൂറിലധികം സീറ്റുകളിലാണ് ബിജെപി അവിടെ വിജയിച്ചത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ക്ക് അപ്പുറത്തേക്ക് പോയ വിജയം. വര്‍ഷങ്ങളായി ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തരംഗത്തിന് തുടക്കമിട്ടത്. എന്നാല്‍ മോദി പ്രധാനമന്ത്രിയായ ശേഷം ഡല്‍ഹിയിലാണ് ബിജെപിക്ക് വമ്പന്‍ തിരിച്ചടിയുണ്ടായത്. ഇവിടെ ആംആദ്മി പാര്‍ട്ടി വലിയ വിജയം നേടി. ബീഹാറിലും നിതീഷ് കുമാറിന് മുമ്പില്‍ അവര്‍ക്ക് അടിതെറ്റി. പക്ഷേ ഇപ്പോള്‍ നിതീഷ് മോദിക്കൊപ്പമാണ്. പഞ്ചാബില്‍ ബിജെപിക്ക് വലിയ കരുത്തില്ല. ശിരോമണി അകാലിദള്ളാണ് അവിടെ എന്‍ഡിഎയിലെ വമ്പന്‍. ഇവിടേയും കോണ്‍ഗ്രസിനോട് ബിജെപി സഖ്യം തോറ്റു. എന്നാല്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ആശ്വസിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് തെരഞ്ഞെടുപ്പ് ഒന്നും നല്‍കുന്നില്ല. താമസിക്കാതെ തന്നെ രാജ്യ സഭയിലെ ഒറ്റ കക്ഷിയായി ബിജെപി മാറുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button