Latest NewsHealth & Fitness

വൃക്ക രോഗം : ശരീരത്തില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്

വൃക്കരോഗം സങ്കീര്‍ണമായി മാറുകയോ സങ്കീര്‍ണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകള്‍ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാന്‍ വൈകരുത്.

മൂത്രത്തിന്റെ മാറ്റം

ആരോഗ്യവാനായ ഒരാള്‍ രാത്രിയില്‍ ഒരു തവണയും പകല്‍ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോള്‍ അമിതമായി പതയുകയോ നുരയുകയോ കുമിളകള്‍ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

സാധാരണമല്ലാത്ത വിധം മൂത്രം നേര്‍ത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അല്‍പാല്‍പമായി പോകുക, മൂത്രത്തിന്റെ നിറം കട്ടന്‍ ചായയുടെ നിറം പോലെയാകുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രമൊഴിക്കാന്‍ പ്രയാസം നേരിടുക-മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

ക്ഷീണവും ശ്വാസം മുട്ടും

അകാരണവും നീണ്ടു നില്‍ക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉല്‍പാദനവും വളര്‍ച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കള്‍ക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളര്‍ച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലര്‍ക്ക് തണുപ്പും അനുഭവപ്പെടും.

ഓക്‌സിജന്‍ കുറയുന്നതുമൂലവും ശ്വാസകോശത്തില്‍ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു വേണ്ട ഓക്‌സിജന്‍ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

ഈ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ തകരാറിലാകുന്നത് വൃക്കയാണ്

മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

രുചിയില്ലായ്മയും ദുര്‍ഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാല്‍ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛര്‍ദിയും മനംപിരട്ടലും ഉണ്ടായെന്നും വരും

ചൊറിച്ചില്‍

ശരീരത്തില്‍ മാലിന്യം പുറന്തള്ളുന്നതില്‍ വൃക്കകള്‍ പരാജയപ്പെടുന്നത് ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാകാന്‍ ഇടയാകും.

വേദന

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയില്‍ നീര്‍ക്കുമിളകള്‍ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകള്‍ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങള്‍ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാല്‍ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.

കുഞ്ഞുങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍

കൊച്ചുകുഞ്ഞുങ്ങളിലെ വിവിധതരം വൃക്കരോഗങ്ങള്‍ ലക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും ചില സൂചനകള്‍ ശ്രദ്ധിക്കാം. ഇതില്‍ പ്രധാനമായി കുഞ്ഞുങ്ങളുടെ അകാരണമായി തുടര്‍ച്ചയായുള്ള കരച്ചില്‍, മൂത്രം അസാധാരണമായി ഇടയ്ക്കിടെ ഒഴിഞ്ഞു പോകല്‍, മൂത്രത്തിന്റെ അളവു കുറവ്, ശരീരത്തില്‍ കാണുന്ന നീര്‍ക്കെട്ടുകള്‍ എന്നിവ സൂചനകളായി എടുത്ത് പരിശോധനയ്ക്കു വിധേയമാക്കണം.

രക്ത-മൂത്ര പരിശോധനകള്‍ അള്‍ട്രാസൗണ്ട് പരിശോധനകള്‍ എന്നിവ ഇതിനു സഹായിക്കും. കുഞ്ഞുങ്ങള്‍ വളരുന്തോറും പലവിധ ലക്ഷണങ്ങള്‍ കുറച്ചുകൂടി പ്രകടമാവും. ശരീരത്തിന്റെ വളര്‍ച്ചക്കുറവ്, കൈകാലുകളിലെ അസ്ഥിവളവുകള്‍, അസ്ഥിയുടെ വളര്‍ച്ചക്കുറവ് എന്നിവ വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളാവാം. മറ്റു ല”ക്ഷണങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പനി, വിറയല്‍ എന്നിവ കുഞ്ഞുങ്ങളിലെ മൂത്രാശയരോഗത്തിന്റെയോ മൂത്രതടസത്തിന്റെയോ ലക്ഷണങ്ങളാകാം. എന്നാല്‍ ലക്ഷണങ്ങള്‍ കൊണ്ടുമാത്രം രോഗം നിശ്ചയിക്കാനാവില്ല, പരിശോധനകള്‍ വേണ്ടിവരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button