തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനൊരുങ്ങുന്ന മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തികച്ചും പ്രാകൃതമായ ആചാരങ്ങള്‍ തുടരാനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ്.
Also Read : മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്ന ആചാരത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ
സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണു ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുള്ളത്. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രാകൃതമായ അനാചാരങ്ങള്‍ തിരികെ കൊണ്ടുവരാനുളള നീക്കങ്ങളെ എന്തു വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്‍ക്കും പ്രാകൃത അനുഷ്ഠാനങ്ങള്‍ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments