Latest NewsNewsIndia

ഐഎന്‍എക്‌സ് കേസ്; മകന് പിന്നാലെ ചിദംബരവും കുരുക്കിലേക്ക്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ നിക്ഷേപക്കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റിലായതിന് പിന്നാലെ പിതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരവും കുരുക്കിലേക്ക്. 2004 -2009 കാലഘട്ടത്തില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ബോര്‍ഡ്(എഫ്‌ഐപിബി) നല്‍കിയ 54 അനുമതികളെക്കുറിച്ചു എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇടപാടുകളില്‍ ചിദംബരത്തിന്റെയും ധനവകുപ്പ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കും.

അതേസമയം കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സമന്‍സ് റദ്ദാക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി നിരാകരിച്ചു. സമന്‍സ് റദ്ദാക്കിയാല്‍ കാര്‍ത്തിക്കെതിരേയുളള മറ്റു കേസുകളെ ബാധിക്കുമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുകയായിരുന്നു.

കാര്‍ത്തി ചിദംബരത്തെ മൂന്നു ദിവസം കൂടി പ്രത്യേക കോടതി സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവമായി കസ്റ്റഡിയില്‍ കഴിയുന്ന അദ്ദേഹം നല്‍കിയ ജാമ്യാപേക്ഷ കോടതി തള്‌ളി.

തന്നെ കസ്റ്റഡിയില്‍ വയ്ക്കുന്നതിനു തക്കതായ കാരണമില്ലെന്നും പത്തുവര്‍ഷമായ കേസില്‍ ഏതെങ്കില്‍ ഫയലില്‍ മാറ്റംവരുത്താനോ തെളിവുനശിപ്പിക്കാനോ കഴിയില്ലെന്നും അഡ്വ. അഭിഷേക് മനു സിങ്വി മുഖേന കാര്‍ത്തി ബോധിപ്പിച്ചു. രാവിലെ മുതല്‍ വൈകിട്ടു വരെ തന്നെ ചോദ്യം ചെയ്യാമെന്നിരിക്കെ എന്തിനാണു കസ്റ്റഡിയെന്നും അദ്ദേഹം ആരാഞ്ഞു.
കാര്‍ത്തിക്കെതിരേ അടുത്തിടെ വിശ്വാസയോഗ്യമായ തെളിവുകള്‍ കിട്ടിയെന്ന സി.ബി.ഐയുടെ വാദം മുഖവിലയ്‌ക്കെടുത്താണു കസ്റ്റഡി നീട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button