KeralaCinemaLatest NewsNews

മണിനാദം നിലച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുകയാണ്. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ബാക്കിയാകുമ്പോഴും മണിയുടെ ചിരിയിന്നും ജന മനസ്സില്‍ മായാതെ നിക്കുന്നു. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും സ്വന്തം മണ്ണിനെയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. ചാലക്കുടി എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയിലെത്തുന്ന മുഖം കലാഭവന്‍മണിയുടേതാണ്. പണവും പ്രശസ്തിയും വന്നു ചേര്‍ന്നപ്പോള്‍ മണി നഗരത്തിലേക്ക് കുടിയേറിയില്ല.

വന്ന വഴി മറക്കാതെയായിരുന്നു ആ ജീവിതം നടന്നു കയറിയത്. എന്നെക്കുറിച്ച്‌ അറിയാന്‍ വെബ് സൈറ്റ് നോക്കേണ്ടതില്ല ഈ കൈ പിടിച്ച്‌ നോക്കിയാല്‍ മതിയെന്ന് ആദ്യമായി പരിചയപ്പെടുന്നവരോട് മണി പറയാറുണ്ട്. ചാലക്കുടിപ്പുഴയില്‍ പൂഴി വാരിയും, ഓട്ടോ ഡ്രൈവറായും,മരം കയറ്റക്കാരനായും, ചുമട്ട് തൊഴിലാളിയായും അദ്ദേഹം ജീവിതം അടുത്തറിഞ്ഞു. ആ കരുത്തില്‍ നിന്നാണ് സിനിമയിലേക്കുള്ള ചുവട്മാറ്റം. അതുകൊണ്ട് തന്നെ സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങളെല്ലാം ബോണസാണെന്ന് മണി പറയാറുണ്ട്.തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ തിരക്കുകള്‍ക്കിടയിലെ ഇടവേളകളില്‍ മണി ചാലക്കുടിയിലെത്തും.കാവി മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ടൗണിലിറങ്ങും. അവിടെ താരം നാട്ടുകാരിലൊരാളാകും.

അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമാലോകം കണ്ട ജനപ്രിയ നായകനായിരുന്നു കലാഭവന്‍ മണി. ഫോക്ക്ലോര്‍ സംഗീതത്തില്‍ പ്രതിഭകള്‍ ഏറെയുണ്ടെങ്കിലും നാടന്‍പാട്ടിനെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് വലുതാണ്. സിനിമയില്‍ കാണുന്ന ഈ ശരീരം സിനിമ തന്ന സമ്പത്തല്ല, പൊരി വെയിലത്ത് പണി ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണി ചങ്കൂറ്റത്തോടെ പറയാറുണ്ട്.സിനിമയില്‍ വരുന്നതിന് മുമ്പ് മണി ജീവിതം പഠിച്ചത് ചാലക്കുടിയില്‍ നിന്നായിരുന്നു. കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ മണിനടത്തിയിട്ടുണ്ട്.ഓരോ സിനിമയുടെ സെറ്റില്‍ പോകുമ്ബോഴും അവിടുത്തെ നാടന്‍ പാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും.

നേരം പുലരുന്നതുവരെ പാടി രസിക്കും,അതില്‍ നിന്ന് പുതിയൊരീണം പിറക്കും. അങ്ങനെയാണ് പല പാട്ടുകളും പിറന്നത്. പാവങ്ങളായ രോഗികള്‍ക്ക് മരുന്ന്,ചികിത്സ,ചാലക്കുടിയില്‍ വായനശാല, സ്കൂള്‍ ബസ്,ഓണത്തിനും ക്രിസ്മസിനും 150 കുടുംബങ്ങള്‍ക്ക് 5 കിലോ സൗജന്യ അരി,പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്യാനുള്ള സഹായം. അടിമാലിയിലെ ഒരു യുവാവിന്റെ കിഡ്നി മാറ്റിവെക്കാന്‍ സഹായിക്കാന്‍ മണി അവിടെ ഒരു പ്രോഗ്രാം പെട്ടെന്ന് നടത്തി 10 ലക്ഷം സ്വരൂപിച്ചു.. അങ്ങനെ എണ്ണിയാല്‍ തീരാത്ത കാരുണ്യം…കൈനീട്ടി മുന്നിലെത്തുന്നവനെ ഒരിക്കലും മടക്കി അയച്ചില്ല. അതുകൊണ്ട് തന്നെ എന്നും ചാലക്കുടിയിലെ മണികൂടാരം എന്ന വീടിനുമുന്നില്‍ പാവങ്ങളുടെ നീണ്ടനിരയുണ്ടാകും. അതിനിടയിലാണ് എല്ലാം ഇട്ടെറിഞ്ഞ്, ആരോടും യാത്ര പറയാതെ ഈ ജനപ്രിയനായകന്‍ വിണ്ണിലെ താരങ്കണത്തിലേക്ക് കടന്നുകളഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button