അബുദാബി : ജ്യൂസ് വ്യവസായത്തിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകളുടെ വ്യാപാരം. ഉപകരണങ്ങളിലും സ്പെയര്‍ പാര്‍ട്സുകളിലും ഒളിപ്പിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കള്ളക്കടത്തിനായി സൂക്ഷിച്ച 18 ലക്ഷം മയക്കുമരുന്നു ഗുളികകള്‍ അബുദാബി പൊലീസ് പിടിച്ചെടുത്തു. ഫ്രഷ് ജ്യൂസ് ഉണ്ടാക്കാനുള്ള ഉപകരണങ്ങളുടെ സ്പെയര്‍പാര്‍ട്ട്സുകളിലാണ് മയക്കുമരുന്ന് ഗുളികള്‍ നിറച്ചനിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആറ് അറബ് വംശജരെ അബുദാബി പൊലീസ് തൊണ്ടി സഹിതം അറസ്റ്റു ചെയ്തു.
അബുദാബി ഉള്‍പ്പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മയക്കുമരുന്നു ഗുളികള്‍ വിതരണം ചെയ്തുവരുന്ന ‘മരണ നെറ്റ്വര്‍ക്ക്’ സംഘത്തിലെ പ്രധാനികളാണ് പൊലീസ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നു ഗുളികള്‍ ഏകദേശം 900 ലക്ഷം ദിര്‍ഹം വിലമതിക്കുമെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടര്‍ കേണല്‍ താഹര്‍ ഗരീബ് അല്‍ ദാഹിരി അറിയിച്ചു.
അബുദാബി പൊലീസില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വന്‍ തോതില്‍ മയക്കുമരുന്നു വിതരണം നടത്തുന്ന ‘മരണ നെറ്റ്വര്‍ക്ക്’ സംബന്ധിച്ച് പൊലീസ് അറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ രഹസ്യ നീക്കത്തെ തുടര്‍ന്ന് വളരെ ആസൂത്രിതമായി മയക്കുമരുന്നു ഗുളികകള്‍ കള്ളക്കടത്തിനായി സൂക്ഷിച്ചിരുന്ന ജൂസ് ഉപകരണങ്ങളും സ്പെയര്‍പാര്‍ട്സുകളും പിടിച്ചെടുക്കുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു.
രാജ്യത്തിന്റെ മുക്കിലും മൂലയിലും മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആഭ്യന്തര മന്ത്രാലയവും വിവിധ എമിറേറ്റുകളിലെ പൊലീസും നടപ്പിലാക്കി വരികയാണ്. സുരക്ഷക്കു ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ പൊലീസില്‍ അടിയന്തിരമായി വിവരം നല്‍കണം. മയക്കുമരുന്ന് ഇടപാടുകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും വിവരങ്ങള്‍ കൈമാറാനും പൊതുജനങ്ങല്‍ തയ്യാറാവണം. വിവരം ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജ്യൂസ് ഉപകരണങ്ങളുടെ ഉള്ളില്‍ തുണിയില്‍ പൊതിഞ്ഞ് മയക്കുമരുന്നു ഗുളികകള്‍ കടത്തിവരുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ജനങ്ങളുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷക്കും ഭീഷണിയാവുന്ന മയക്കുമരുന്ന് കള്ളക്കടത്ത് പ്രവര്‍ത്തനം സംബന്ധിച്ച് 8002626 എന്ന നമ്പരില്‍ പൊലീസില്‍ ജനങ്ങള്‍ക്ക് രഹസ്യമായി വിവരം നല്‍കാം. മയക്കുമരുന്ന് നിര്‍മാര്‍ജന പദ്ധതിയില്‍ ജനങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും സാമൂഹിക സുരക്ഷയില്‍ എല്ലാവരും പങ്കാളികളാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Post Your Comments