Latest NewsArticleSpirituality

പൂജാദികര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉളളിയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട് ?

പൂജാദികര്‍മ്മങ്ങളിലും ദേവോപാസനകളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉളളിയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നതിനു പിന്നിലെ കാരണം.

ഒരു വിഭാഗം ആളുകള്‍ വെളുത്തുളളിയെയും ഉളളിയെയും അവരുടെ ഭക്ഷണത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.പ്രത്യേകിച്ചും പൂജാരികളും യാഥാസ്ഥിതിക ബ്രാഹ്മണരും,വൈഷ്ണവരും.ശുദ്ധ ബ്രാഹ്മണരും ഭക്ഷണത്തില്‍ ഈ രണ്ടു ഭക്ഷണത്തിനും വിലക്കുണ്ട്.സാത്ത്വിക ഭക്ഷണമല്ലാത്തതിനാല്‍ ഈ രണ്ടു ഭക്ഷണവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ദേവനെ പൂജിക്കാനുളള യോഗ്യതയെത്തന്നെ ഇല്ലാതാക്കുമെന്നാണ് വൈഷ്ണവരുടെ കാഴ്ചപ്പാട്.സ്ഥിരമായി കഴിക്കുന്നവരില്‍ ചിലരും വ്രതം എടുക്കുന്ന കാലയളവില്‍ ഈ ഭക്ഷണത്തെ ഒഴിവാക്കുന്നു.തമോഗുണപ്രധാനമായ ഭക്ഷണം ആയതു കൊണ്ടുമാത്രമാണോ ഈ വിലക്ക് എന്നന്വേഷിച്ചാല്‍ ചെന്നെത്തുന്നത് ഒരു പുരാണ കഥയിലേക്കാണ്.

വെളുത്തുളളിയുടെയും ചുവന്നുളളിയുടെയും ഉത്ഭവത്തിനു കാരണമായി ഒരു കഥയുണ്ട്. ദേവാസുരന്മാര്‍ ഒരുമിച്ച് പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്ന അമ്യത് അസുരന്മാരെ കബളിപ്പിച്ച് മോഹിനി രൂപം പൂണ്ട മഹാവിഷ്ണു ദേവന്മാര്‍ക്കു മാത്രമായി നല്കിയെങ്കിലും സൈംഹികേയനെന്ന അസുരന്‍ വ്യദ്ധ ബ്രാഹ്മമണ രൂപത്തില്‍ അമ്യത് ഭുജിച്ചു.ദ്വാരപാലകന്മാരായി നിന്നിരുന്ന സൂര്യചന്ദ്രന്മാര്‍ ഇക്കാര്യം വിഷ്ണുവിനെ അറിയിക്കുകയും സൈംഹികേയന്‍റെ ശിരസ് സുദര്‍ശനചക്രത്താല്‍ ഖണ്ഡിക്കപ്പെടുകയും ചെയ്തു. സൈംഹികേയന്‍ പക്ഷേ മരിച്ചില്ല.കാരണം അതിനോടകം പകുതി അമ്യത് കഴുത്തിനു മൂകളിലും ബാക്കി പകുതി കഴുത്തിനു താഴെയും തങ്ങി നിന്നിരുന്നു.സൈംഹികേയന്‍റെ ശിരോ ഭാഗം രാഹുവും അധോഭാഗം കേതു എന്നും അറിയപ്പെട്ടു.

ശിരസു മുറിഞ്ഞു താഴെവീണപ്പോള്‍ കുറച്ച് രക്തവും അമ്യതും താഴേക്കു വീണിരുന്നു.ഇതാണത്രെ ചുവന്നുളളിയും വെളുത്തുളളിയുമായി മാറിയത്. രാഹുവിന്‍റെ രക്തത്തില്‍ നിന്നും ഉത്ഭവിച്ചതിനാല്‍ ചുവന്നുളളി യാഥാസ്ഥിതികരായ ആളുകള്‍ക്ക് പ്രത്യേകിച്ചും ബ്രാഹ്മണര്‍ക്ക് വര്‍ജ്ജ്യമായി.അമ്യതില്‍ നിന്നും ഉത്ഭവിച്ചതിനാല്‍ കുറച്ചു പേര്‍ക്കെങ്കിലും ആദ്യകാലങ്ങളില്‍ വെളുത്തുളളി നിഷിദ്ധമായിരുന്നില്ലെന്നും കാലക്രമേണയാണ് അതും നിഷിദ്ധമായി മാറിയതെന്നും ചില ജ്യോതിഷപണ്ഡിതന്മാര്‍ പറയുന്നു.രക്തവും കുറച്ച് ഉമിനീരുമാണ് ശിരസു മുറിച്ചപ്പോള്‍ വീണതെന്നും ഭാഷ്യമുണ്ട്.തമോഗുണം ഉളള രാഹുവിന്‍റെ ശിരസുമുറിച്ചപ്പോള്‍ ഉണ്ടായ വസ്തുക്കള്‍ കഴിക്കുന്നതോടെ മനുഷ്യരിലും മ്യഗീയ വാസനകള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം.

മനുസ്മ്യതിയില്‍ ദ്വിജന്മാര്‍ ഒഴിവാക്കേണ്ടതായ, അശുദ്ധിയില്‍ നിന്നുണ്ടായ ആറു ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് വെളുത്തുളളിയുടെയും ചുവന്നുളളിയുടെയും സ്ഥാനം.ദ്വിജന്മാരെന്നാല്‍ രണ്ടു ജന്മം എടുത്തവര്‍, ബ്രാഹ്മണന്മാര്‍, സംസ്‌ക്കാരചിത്തര്‍, കര്‍മ്മം കൊണ്ട് ബ്രാഹ്മമണ്യത്തിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍ എന്നെല്ലാം വ്യാഖ്യാനം.വെളുത്തുളളി എതെങ്കിലും ഭക്ഷണത്തോടൊപ്പം ചേര്‍ന്നിരുന്നാല്‍ ആ ഭക്ഷണത്തെ മലിനപ്പെടുത്തുമെന്നും സാമിപ്യം കൊണ്ട് വെളുത്തുളളിയിലെ തമോഗുണം സാത്ത്വിക ഭക്ഷണത്തിന്റെ ഗുണത്തെപ്പോലും ഇല്ലാതാക്കും എന്നും പറയുന്നു.

വെളുത്തുളളിയും ചുവന്നുള്ളിയും തമോ ഗുണത്തെ കൂട്ടുമെന്നാണ് പറയപ്പെടുന്നത്. പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ സാത്ത്വിക ഗുണത്തെ വ്യതിചലിപ്പിക്കാന്‍ തമോഗുണപ്രധാനമായ ചുവന്നുളളിക്കും വെളുത്തുളളിക്കും കഴിയും എന്നതിനാലാണ് അവര്‍ ഈ ഭക്ഷണം ഉപേക്ഷിക്കുന്നത്.ആസക്തികള്‍ കൂട്ടാനും അതിലുടെ ശ്രദ്ധയും സാധനയും വ്യതിചലിക്കാന്‍ ഇടയാക്കുന്ന, ബ്രഹ്മചാര്യത്തെപ്പോലും ബാധിക്കുന്ന ഭക്ഷണമായാണ് യോഗികളും വെളുത്തുളളിയെയും ചുവന്നുളളിയെയും കണക്കിലെടുക്കുന്നത്.ഇത് കേന്ദ്രനാഡിവ്യൂഹത്തെ അലോസരപ്പെടുത്തുന്ന ഭക്ഷണമായും യാഥാസഥിതിക ബ്രാഹ്മണര്‍ കണക്കാക്കുന്നു.ബൗദ്ധിക കാര്യങ്ങളില്‍ ഏര്‍പ്പെടും മുമ്പെ വെളുത്തുളളി കഴിച്ചാല്‍ ശ്രദ്ധ അലോസരപ്പെടുമെന്നും പറയപ്പെടുന്നു.മനുഷ്യ മസ്തിഷ്ക്ക ചിന്തകളെയും ദുഷിപ്പിക്കാന്‍ കഴിവുളള ഭക്ഷണമായാണ് യോഗികള്‍ വെളുത്തുളളിയെ കണക്കാക്കുന്നത്.നെഗറ്റീവ് എനര്‍ജ്ജി പുറപ്പെടുവിക്കുന്ന ഭക്ഷണമായതിനാല്‍ വീടിനുളളില്‍ വെയ്ക്കുമ്പോള്‍ വെളുത്തുളളിയും ചുവന്നുളളിയും അടച്ചു വെക്കണം എന്നു പറയാറുണ്ട്.ആയൂര്‍വേദവും തമോഗുണപ്രദായക ഭക്ഷണമായാണ് വെളുത്തുളളിയെ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button