ചാവക്കാട്: പത്തു വയസുകാരിക്കുനേരേ ചൂടുവെള്ളം ഒഴിച്ച കേസിലെ പ്രതികള്‍ക്കെതിരേ വധശ്രമത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു കുട്ടിയുടെ പിതാവ് ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്‍കി. ചുടുവെള്ളം വീണ് രഘുവിന്റെ മകള്‍ അവന്തികയ്ക്കു മുഖത്തും കാലിലും പൊള്ളലേറ്റിട്ടുണ്ട്. താലുക്കാശുപത്രിയില്‍ കിടത്തി ചികില്‍സ നല്‍കിയെന്നും ചികില്‍സ തുടരുകയാണെന്നും രഘു പരാതിയില്‍ പറയുന്നുണ്ട്.
കേസിലെ പ്രതികളായ തിരുവത്ര ഹാജ്യാരകത്ത് റഫീഖ്, ഭാര്യ റൈഹാനത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. തിരുവത്രയിലെ ക്വാര്‍ട്ടേഴ്സിലാണ് രഘുവും കുടുംബവും വാടകയ്ക്കു താമസിക്കുന്നത്. ഇതേ ക്വാര്‍ട്ടേഴ്സിലെ മറ്റൊരു വീട്ടിലാണ് റഫീഖും കുടുംബവും താമസിക്കുന്നത്. റഫീഖ് ഇല്ലാത്ത സമയം വീടിന്റെ വാരാന്തയിലിരുന്നു മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചതിനാണ് റഫീഖ് ഇങ്ങനെ ചെയ്തതെന്നു രഘു പറഞ്ഞു.
ആദ്യം കുട്ടികളെ ചൂരല്‍ വീശി ഓടിച്ചുവെന്നും അല്‍പം കഴിഞ്ഞ് കുട്ടികളെ നയത്തില്‍ അടുത്തുവിളിച്ച് ഭാര്യ കൊടുത്ത ചുടുവെള്ളം ഒഴിക്കുകയായിരുന്നെന്നും മറ്റു കുട്ടികള്‍ ഓടിമാറിയതിനാല്‍ പൊള്ളലേറ്റില്ലെന്നും രഘു പറഞ്ഞു. തിരുവത്ര കറുത്തേടത്ത് ചന്ദ്രന്റെ മകന്‍ രഘുവാണ് മകള്‍ക്കുനേരേ ചൂടുവെള്ളം ഒഴിച്ച കേസിലെ പ്രതികള്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഭരണകക്ഷിയില്‍പ്പെട്ട ചില പ്രാദേശികനേതാക്കളുടെ സ്വാധീനത്തിനു വഴങ്ങിയാണ് പോലീസ് പ്രതികളെ നിസാരകുറ്റം ചുമത്തി വിട്ടയച്ചതെന്നു രഘു പറയുന്നു.
Post Your Comments