KeralaLatest NewsNews

സുന്‍ജവാന്‍ ഭീകരാക്രമണ സൂത്രധാരനെ സൈന്യം മിന്നലാക്രമണത്തില്‍ വകവരുത്തി

ജമ്മു കശ്മീര്‍•ജമ്മു സുന്‍ജവാന്‍ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെയും ദക്ഷിണ കാശ്മീരിലെ ലെത്പോരയിലെ സി.ആര്‍.പി.എഫ് ക്യംപിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തിന്റെയും മുഖ്യ സൂത്രധാരനായ, ജെയ്ഷെ-മൊഹമ്മദ്‌ ഓപ്പറേഷണല്‍ കമാന്‍ഡര്‍ മുഫ്തി വഖാസിനെ മിന്നലാക്രമണത്തില്‍ വധിച്ചതായി സൈന്യം.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യത്തിന്റെ ചെറുസംഘവും എലൈറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും അവന്തിപൂരിലെ ഹത്വറില്‍ ഒരു വീട്ടില്‍ നടത്തിയ മിന്നലാക്രമണത്തിലാണ് വഖാസിനെ വധിച്ചതെന്ന് സൈന്യം അറിയിച്ചു.

പ്രദേശവാസികള്‍ക്ക് ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.

ജെയ്ഷെ-മൊഹമ്മദ്‌ ഓപ്പറേഷണല്‍ കമാന്‍ഡര്‍ ആയിരുന്ന നൂര്‍ മൊഹമ്മദ്‌ തന്‍ത്രേ കഴിഞ്ഞ ഡിസംബര്‍ 17 ന് ഇതേ പ്രദേശത്ത് വച്ച് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് വഖാസ് ചുമതലയേല്‍ക്കുന്നത്.

പാകിസ്ഥാനി പൗരനായ വഖാസ്, 2017 ലാണ് കശ്മീര്‍ താഴ്‌വരയിലേക്ക് നുഴഞ്ഞുകയറുന്നത്. ഭീകരസംഘടനയിടെ ഓപ്പറേഷണല്‍ കമാന്‍ഡര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇയാളാണ് ഫെബ്രുവരി 10 ന് സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനായി ചാവേറുകളെ അയച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

36 ബ്രിഗേഡ് ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി ക്യാംപിനു നേരെ നടന്ന ആക്രമണത്തില്‍ രണ്ട് ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ അഞ്ച് സൈനികരും, ഒരു സൈനികന്റെ പിതാവും കൊല്ലപ്പെട്ടിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയില്‍ ആക്രമണത്തിനെത്തിയ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30 നും 31 നും ഇടയിലെ രാത്രിയില്‍ ലെത്പോരയിലെ സി.ആര്‍.പി.എഫ് ക്യാംപിന് ചാവേര്‍ ആക്രമണം നടത്തിയ ഫര്‍ദീന്‍ ഖണ്ടേ, മന്‍സൂര്‍ ബാബ എന്നീ കശ്മീര്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിച്ചതും വഖാസ് ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button