Latest NewsNewsGulf

അസുഖം കാരണം സ്പോൺസർ വഴിയരുകിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയെ രക്ഷപ്പെടുത്തി

അൽഹസ്സ•അസുഖം കാരണം ജോലി ചെയ്യാനാകാത്തതിനാൽ, സ്പോൺസർ വഴിയരുകിൽ ഉപേക്ഷിച്ച ഇന്ത്യക്കാരി, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ തക്കസമയത്തെ ഇടപെടൽ കാരണം, രക്ഷപ്പെട്ട് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയായ നൂർജഹാനാണ് പ്രവാസലോകത്ത് ഏറെ ദുരിതങ്ങൾ താണ്ടേണ്ടി വന്നത്. ആറു മാസങ്ങൾക്ക് മുൻപാണ്, നൂർജഹാൻ നാട്ടിൽ നിന്നും വീട്ടുജോലിയ്ക്കായി അൽഹസ്സയിലെ ഒരു സൗദി ഭവനത്തിൽ എത്തിയത്. നാട്ടിൽ വെച്ചേ ആസ്മ രോഗം ഉണ്ടായിരുന്ന നൂർജഹാനെ, ഏജന്റ് പൈസ കൊടുത്ത് മെഡിക്കൽ പാസ്സാക്കിയാണ് കയറ്റി വിട്ടത്. അഞ്ചു മാസം അവിടെ ജോലി ചെയ്തപ്പോൾ അസുഖം കൂടി ആരോഗ്യം മോശമായി. ശാരീരികാദ്ധ്വാനം അസാധ്യമായ അവസ്ഥയിൽ, അവർക്ക് ഇനി ജോലി ചെയ്യാൻ സാധിയ്ക്കില്ല എന്ന് മനസ്സിലായ സ്പോൺസർ, ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകാനെന്ന വ്യാജേന കൊണ്ട് പോയി, ദൂരെ ഒരിടത്ത് വഴിയരികിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

എങ്ങോട്ടു പോകണമെന്ന് അറിയാതെ, ഒരു ദിവസം മുഴുവൻ, നൂർജഹാൻ പല സ്ഥലത്തായി അലഞ്ഞു നടന്നു. വഴിയിൽ വെച്ച് കണ്ട ഒരു മലയാളി, ഇവരുടെ ദയനീയാവസ്ഥ, നവയുഗം അൽഹസ്സ മേഖല രക്ഷാധികാരിയും ജീവകാരുണ്യപ്രവർത്തകനുമായ ഹുസ്സൈൻ കുന്നിക്കോടിനെ വിളിച്ചറിയിയ്ക്കുകയായിരുന്നു. ഉടനെ ഹുസ്സൈനും, സാമൂഹ്യപ്രവർത്തകൻ മണി മാർത്താണ്ഡവും കൂടി അവിടെ എത്തുകയും, നൂർജഹാന്റെ അവസ്ഥ മനസ്സിലാക്കി, പോലീസിന്റെ സഹായത്തോടെ അവരെ വനിതാ അഭയകേന്ദ്രത്തിൽ എത്തിയ്ക്കുകയും ചെയ്തു. അവിടെ നിന്നും നൂർജഹാനെ ചികിത്സയ്ക്കായി അടുത്തുള്ള ഹോസ്പിറ്റലിലും അഡ്മിറ്റ് ചെയ്തു.

ഹുസ്സൈനും നവയുഗം പ്രവർത്തകരും ലഭ്യമായ വിവരങ്ങൾ വെച്ച് സ്‌പോൺസറെപ്പറ്റി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഹുസ്സൈനും മണിയും അഭയകേന്ദ്രം വഴി നൂർജഹാന് ഫൈനൽ എക്സിറ്റ് അടിയ്ക്കുകയും, ഒരു നവയുഗം പ്രവർത്തകൻ വിമാനടിക്കറ്റ് നൽകുകയും ചെയ്തു.

നിയമനടപടികൾ പൂർത്തിയായപ്പോൾ ഒരു മാസത്തെ അഭയകേന്ദ്രത്തിലെയും, ആശുപത്രിയിലെയും താമസം അവസാനിപ്പിച്ച്, സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ്, നൂർജഹാൻ നാട്ടിലേയ്ക്ക് മടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button