Latest NewsNewsWriters' Corner

എന്തിനോ വേണ്ടി പകുതി വഴിയില്‍ പൊലിയുന്ന ജീവിതങ്ങള്‍: ആശ്വാസത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ എരിഞ്ഞടങ്ങുന്ന നിസഹായതയുടെ നിമിഷങ്ങളെക്കുറിച്ച് കൌണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു

മടുത്തു ജീവിച്ചു എന്ന് പറഞ്ഞു വെച്ച ഒരു ഫോൺ കോൾ..
അത് ഉറക്കം പാടെ കളഞ്ഞു..
.രാവിലെ ആ ശബ്ദം കേൾക്കുന്ന വരെ ഉണ്ടായ ആളൽ..
ഇപ്പോഴും ഉണ്ട്..

ആത്മഹത്യാ എന്ന് കേൾക്കുമ്പോൾ .,
പല മുഖങ്ങൾ മനസ്സിൽ കടന്നു വരുന്നു..
ജീവിതം പാതി വഴിയിൽ നിർത്തി പോയ ചിലർ ..
അവരൊക്കെ സത്യത്തിൽ മടുത്തിട്ടു തന്നെ ആണോ അവസാനിപ്പിച്ചത്..?

അത്തരം ഓർമ്മകളിൽ ആദ്യത്തെ മുഖം , അവ്യക്തമാണ്..
”ആ കുട്ടി നന്നായി പഠിക്കുമായിരുന്നു…ബന്ധുവിന്റെ കല്യാണത്തിരക്കിൽ പക്ഷെ പരീക്ഷ തോറ്റു.. വീട്ടുകാരോട് സത്യം പറയാതെ ജയിച്ചു എന്ന് കള്ളം പറഞ്ഞു..
അടുത്ത പഠനത്തിന് വേണ്ടിയുള്ള അഡ്മിഷൻ നോക്കാനും തുടങ്ങി..
ഒരു ദിവസം ജോലിക്കു പോയി തിരിച്ചു വന്ന ‘അമ്മ മുറിയിൽ കേറുമ്പോൾ കാണുന്നത് സാരിയിൽ താങ്ങി ആടുന്ന മകളെ ആണ്..!
ഇത് കേട്ട് വളർന്ന കഥ…
വെളുത്ത സാരി മാത്രം ഉടുത്ത് ഞാൻ കണ്ടിരുന്ന ആ ‘അമ്മ..
അതെന്താ അങ്ങനെ എന്ന് ചോദിക്കുമ്പോൾ ഈ സംഭവം പല വട്ടം കേട്ടു…
കേൾക്കുന്ന ദിവസങ്ങളിൽ എന്റെ ഭയത്തെ അച്ഛമ്മയുടെ സാരി മണത്തിൽ ഒളിപ്പിച്ചു..

സ്കൂൾ ജീവിതത്തിൽ നടന്ന മറ്റൊരു സംഭവം..
വക്കീലായ അച്ഛൻ ഒരു ദിവസം അമ്മയോട് വന്നു പറയുന്നത് കേട്ടു.

അവൻ പറഞ്ഞത് പോലെ ചെയ്തു കാണുമോ..?
അങ്ങനെ ഒന്നും ആകല്ലേ..
എന്ന് ‘അമ്മ പ്രാർത്ഥിക്കുന്നതും കണ്ടു..
അച്ഛന്റെ വക്കീൽ ഗുമസ്തനെ രണ്ടു ദിവസമായി കാണുന്നില്ല..
അവസാനം കണ്ട ദിവസം ,
അയാൾ അച്ഛന്റെ കൂടെ വൈകുന്നേരം വരെ ഉണ്ടായിരുന്നു..
അന്ന് രാവിലെ അയാൾ എത്തുന്നതിനു മുൻപ് ,
അങ്ങേരുടെ വീട്ടിൽ നിന്നും ഒരു ഫോൺ അച്ഛനെ തേടി എത്തിയിരുന്നു..
” അവൻ ഒരു എഴുത്ത് എഴുതി വെച്ചിട്ടാണ് പോയത്..
ഒരു പ്രണയമുണ്ട്..അത് ഞങ്ങൾക്ക് സമ്മതിച്ചു കൊടുക്കാൻ പറ്റുന്നതല്ല..
ആത്മഹത്യ ചെയ്യുമെന്നൊക്കെ എഴുതി വെച്ചിട്ടു ആണ് വീട്ടിൽ നിന്നും ഇറങ്ങിയത്..”
സാരമില്ല ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം..
വക്കീൽ ഓഫീസിൽ എത്തിയ അയാളോട് അച്ഛനും മറ്റു ജൂനിയർ വക്കീലുമാരും ചേർന്ന് കാര്യങ്ങൾ തിരക്കി..
ചിരിച്ചു കൊണ്ട് ഇരുന്നതല്ലാതെ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല..
വെറുതെ എന്തിനാടാ ,വീട്ടുകാരെ പേടിപ്പിക്കുന്നത്..?
അച്ഛൻ ശാസിച്ചപ്പോഴും തലകുനിച്ചു നിന്ന് കേട്ടു..
അന്ന് സന്ധ്യ വരെ ഉണ്ടായിരുന്ന എല്ലാ ജോലികളും തീർത്തു പോയി..
രണ്ടു ദിവസമായി പിന്നെ ഒരു വിവരവുമില്ല..
മൂന്നാം പക്കം ശരീരം കൊല്ലം കടപ്പുറത്തു അടിഞ്ഞു..
”കണ്ണുകളൊക്കെ മീൻ കൊത്തി..
അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു..
അന്ന് അഞ്ചിൽ പഠിക്കുന്ന എനിക്ക് പിന്നെ എത്രയോ കാലങ്ങളിൽ ആ മുഖം ഒരു പേടി സ്വപ്നം ആയി..
അനിയനും ആയി സ്ഥിരം ഒളിച്ചു കളിക്കുന്ന ഇടമാണ് വീടിനു ചേർന്നുള്ള അച്ഛന്റെ വക്കീൽ ഓഫീസിൽ..
ഇതിൽ കേറി കളിക്കരുത് എന്നൊക്കെ അച്ഛൻ പറഞ്ഞാലും ,
ഒളിച്ചിരിക്കാൻ കണ്ടെത്തുന്ന നല്ല സ്ഥലമായിരുന്നു ആ ഗുമസ്ത മുറി..
പിന്നെ അങ്ങോട്ട് കടക്കാൻ ധൈര്യം ഇല്ലാതായി..
അവിടെ പ്രേതമുണ്ട്..എന്ന് പരസ്പരം പേടിപ്പിച്ചു ,ആ മുറിയുടെ പ്രവേശനം ഒഴിവാക്കി..
ആ ഭയം കൂടി ചിലപ്പോൾ വീട്ടിനുള്ളിലെ ഒരു മുറിയിൽ പോലും ഒറ്റയ്ക്ക് ഇരിക്കാൻ പറ്റാത്ത വിധമാക്കി..
ശാന്തമായ മുഖ ഭാവത്തോടെ മാത്രം കണ്ടിരുന്ന ഒരാൾ ..
പക്ഷെ പിന്നെ ആ മുഖം എന്റെ ഉറക്കം കെടുത്തി..

സ്കൂൾ ജീവിതത്തിൽ പത്ത് വരെ ഒപ്പം ഉണ്ടായിരുന്ന ഒരു പെൺകുട്ടി..
അവളെന്റെ അടുത്ത സുഹൃത്തായിരുന്നില്ല..
അവളുടെ സുഹൃത്ത് പൂർണിമ പ്രഭു എന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു എങ്കിലും..

പിജി ക്കു പഠിക്കുമ്പോൾ അറിഞ്ഞു അവൾ ആത്മഹത്യ ചെയ്തു എന്ന്..
ഉറുമ്പിനെ പോലും നോവിക്കാത്തവൾ എന്ന് പോലെ ഒരു പെൺകുട്ടി..
മാരക രോഗമാണെന്ന് അറിഞ്ഞു ചെയ്തതാണ്…
കാൻസർ ആണെന്ന് അറിഞ്ഞാൽ അതിന്റെ ഭീകരത ഓർത്ത് മരിയ്ക്കണം എന്ന് ചിന്തിക്കാത്ത ആരുമുണ്ടാകില്ല..
പക്ഷെ അതിനുള്ള ചങ്കുറ്റം കുറച്ചു പേർക്ക് മാത്രമേ കാണു..
അതിലൊരാൾ ആയി, അവളെ കാണാൻ പ്രയാസം ആയിരുന്നു..
കാരണം ക്ലാസ്സിൽ പോലും അവളൊരു നാണം കുണുങ്ങിയും പേടിയുള്ളവളും ആയിട്ടായിരുന്നു ഓർമ്മ..
അവളുടെ ആത്മഹത്യാ അറിഞ്ഞു പേടി അല്ല..
സങ്കടമായിരുന്നു ഒരുപാടു നാളുകൾ…
ആ മുഖവും ഒരൽപം കൂനുള്ള ശരീരവും ചിരിയും ക്രോപ് ചെയ്ത മുടിയും ഇന്നും ഉള്ളിൽ ഉണ്ട്..

സാധാരണ കാണുമ്പോൾ ഒക്കെ പരിഭവവും പരാതിയും കൊണ്ട് നിറഞ്ഞ ഒരു മുഖം..
ഞാൻ ജനിച്ച നാൾ മുതൽ അങ്ങനെ ആണ് കണ്ടിട്ടുള്ളത്..
ജീവിതത്തിൽ നേരിടേണ്ടി വന്ന ദുഖങ്ങളോട് വല്ലാതെ സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും വഴക്കിടുകയും ഒക്കെ ചെയ്ത ഒരാൾ..
അവസാനമായി കാണുമ്പോൾ , വല്ലാത്ത ഒരവസ്ഥയിൽ ആണ് എങ്കിൽ കൂടി..അന്ന്
കരഞ്ഞില്ല..ദേഷ്യപ്പെട്ടില്ല..
എന്റെ മുഖത്തേക്കും അമ്മയുടെ മുഖത്തേക്കും നോക്കി വെറുതെ ചിരിച്ചു…
വിളർച്ച പോലെ ഒരു ഭാവം..
ആ ചിരിയിൽ ജീവനുണ്ടായിരുന്നില്ല..
സ്വപ്‌നങ്ങൾ നിശ്ചലമായ മുഖം…
അതിനു മുമ്പുളള എല്ലാ ഓർമ്മകളിലും വഴക്കും പരിഭവവും കരച്ചിലും ആയി നിറഞ്ഞു നിന്നിരുന്ന ഒരു സ്നേഹം..
വീടിന്റെ മുകൾ മുറിയിൽ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞു കാണുമ്പോൾ ആ മുഖത്തു അവസാന ദിവസം കണ്ട അതേ ഭാവം ആയിരുന്നു..
അന്നേ തീരുമാനിച്ചായിരുന്നോ..
ഭയമല്ല..
സങ്കടവും കുറ്റബോധവും തോന്നാറുണ്ട്..
ഓരോ നിമിഷത്തിലും ..
എന്നെ കൊണ്ട് ആയില്ലല്ലോ..
ആ മനസ്സിന് ഒരു താങ്ങും തണലും ആയി നില്ക്കാൻ ഞാൻ ഉള്പടെ ആർക്കും ആയില്ലല്ലോ എന്ന കുറ്റബോധം കാർന്നു തിന്നാറുണ്ട്..
ആത്മാവ് അലയുന്നു എന്നൊരു വിശ്വാസം കേൾക്കുമ്പോൾ ഒന്നും ചെയ്യാൻ തോന്നാറില്ല..
ഒരു ബലി ചോറ് ഉരുളയിൽ തീരുന്ന പാപമല്ല..
ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത സാന്ത്വനത്തിനു
ആ നോവ് അനുഭവിച്ചേ തീരു..

മനസ്സിന്റെ വ്യാപാരം വിപുലവും ആഴവും എന്നാൽ അവനവനു പോലും കണ്ടത്താൻ കഴിയാത്ത വിധം തെളിയാത്തതുമാണ്..
വികാരങ്ങളുടെ കൂട്ടി കുഴച്ചിലുകളിൽ സംഭവിക്കുന്ന പിഴവുകളിൽ , മനസ്സിനെ തിരിച്ചു പിടിക്കാൻ കഴിഞ്ഞെന്നും വരില്ല..

രക്ഷിക്കൂ..
എന്നൊരു നിലവിളി ഉള്ളിൽ വരാത്ത ആരിലാണ്..?

മൗനമായ് വ്യഥയെ തലോടുന്നവരിലും ശക്തമായി പ്രതികരിക്കുന്നവരിലും ഒക്കെ തീവ്രവും തീക്ഷ്ണവുമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്..

ആഗ്രഹിച്ച ആത്മബന്ധം നേടിയെടുക്കാൻ കഴിയാതെ പ്രതികാരമൂർത്തി ആയി തീരുന്നവർ..
പ്രേമവും കോപവും തമ്മിലുള്ള യുദ്ധത്തിന് ഒടുവിൽ .
ജീവനിൽ കൊതി കൂടി മരണത്തെ വരിച്ചവർ..
മനസ്സിന്റെ ഭയങ്ങൾ റാഞ്ചി എടുക്കുന്ന ജീവിതത്തോടുള്ള വിശ്വാസം..

അലറിയും അമറിയും വേദന തീരാതെ ഒടുവിൽ നിസ്സഹായതയോടെ ജീവൻ വെടിയുമ്പോൾ
ആ വേദനയിലും മോഹഭംഗങ്ങളിലും ഒരൽപം കരുണയുടെയും സാന്ത്വനത്തിന്റെയും കയ്യൊപ്പു വെയ്ക്കാൻ കഴിയാതെ വെറുമൊരു
കാഴ്ചക്കാർ ആയി തീരുന്നു സ്വാർത്ഥർ ആയ നാം…

ജീവിക്കേണ്ട എന്ന് തീരുമാനിക്കുന്ന ഒരാൾ..
മടുപ്പാണോ..അതിനു പിന്നിൽ ?
ജീവിതം അറിഞ്ഞു തുടങ്ങുമ്പോൾ
വാക്കിലോ , നോക്കിലോ , ആഗ്രഹിക്കുന്ന പോലെ
ആശ്വാസത്തിന്റേതായ ഒരു ഉറവിടം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ മാത്രമാണ്
മതി ജീവിച്ചത് എന്നൊരു തീരുമാനം…
പ്രാണനിൽ നിന്നും ജീവൻ വലിച്ചെടുത്ത്
വേദനയുടെ രോഷത്തിൽ നിന്നും എത്തപ്പെടുന്ന നിസ്സഹായത..!

shortlink

Related Articles

Post Your Comments

Related Articles


Back to top button