വീണ്ടും ഉപതിരഞ്ഞെടുപ്പ്. ചൂടേറിയ രാഷ്ട്രീയ പോരുകള്‍ക്ക് കച്ച മുറുക്കാന്‍ സമയമായി. തന്ത്രങ്ങളുമായി ചെങ്ങന്നൂര്‍ പിടിച്ചടക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കരുക്കള്‍ നീക്കി രാഷ്ട്രീയ കക്ഷികള്‍. എല്ലാ കണ്ണുകളും ചെങ്ങന്നൂരിലെയ്ക്ക് നീങ്ങിത്തുടങ്ങി. ഭരണ അനുകൂല തരംഗമാണോ കേരളത്തില്‍ അലയടിക്കുകയെന്നു ഈ തിരഞ്ഞെടുപ്പ് കാട്ടി തരും. എല്ലാം ശരിയാക്കാന്‍ എത്തിയ ഇടതിനും വിമര്‍ശനത്തിനു പോലും ശബ്ദമില്ലാതെ ഇരിക്കുന്ന വലതിനും ശക്തമായ എതിരാളിയായി ബിജെപി ഉയരുകയാണ്. അതുകൊണ്ട് തന്നെ ഈ ഉപതിരഞ്ഞെടുപ്പ് ശക്തമാകും.
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെയും ബിജെപിയുടെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരുകയാണ്. കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗവും കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്ന ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗവുമാണ് ഇന്ന് നടക്കുന്നത്. ഈ യോഗത്തിന്റെ പ്രധാന അജണ്ട സ്ഥാനാര്‍ഥി നിര്‍ണ്ണയം തന്നെയാകും. ഇടത് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍നടന്ന അനൗദ്യോഗിക ചര്‍ച്ചകളില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, മാവേലിക്കര മുന്‍ എംപി സിഎസ് സുജാത എന്നിവരുടെ പേരാണ് ഉയര്‍ന്നു വരുന്നത്. അതില്‍ സജി ചെറിയാന്‍റെ പേരിനാണ് മുന്‍തൂക്കം. സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരം കാഴ്ചവയ്ക്കണമെങ്കില്‍ മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ഥി വേണമെന്നാണ് പൊതുഅഭിപ്രായം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്. പ്രഖ്യാപനമുണ്ടായില്ലെങ്കിലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയോഗത്തിന് പിന്നാലെ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെ യോഗത്തിലും കോടിയേരി പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരം കാഴ്ചവച്ച പി.എസ്.ശ്രീധരന്‍പിള്ളയ്ക്കാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ഗണന. മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണോ അതോ അതിന് താഴെയുള്ളവരെ നിയോഗിക്കണോ എന്ന കാര്യത്തില്‍ പൂര്‍ണ്ണ തീരുമാനം ഇതുവരെയും ആയിട്ടില്ല. ബി.ഡി.ജെ.എസുമായുള്ള ബന്ധം വളരെ മോശമായ സാഹചര്യത്തില്‍ അവരില്ലാതെ മത്സരിക്കുന്നത് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ബിജെപിയ്ക്കുണ്ട്. സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ശ്രീധരന്‍പിള്ളയെ പിന്തുണയ്ക്കുന്നവരാണ് ഏറെയും. അതുകൊണ്ട് സാധ്യത കൂടുതല്‍ ശ്രീധരന്‍ പിള്ളയ്ക്ക് തന്നെയാണ്. കഴിഞ്ഞ തവണത്തേതുപോലെ മല്‍സരം പ്രവചനാതീതമാകുമെന്നാണ് ബിജെപി പക്ഷത്തിന്‍റെ കണക്കുകൂട്ടല്‍. കുമ്മനം രാജശേഖരന്‍റെ അധ്യക്ഷതയില്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. ഉപതെരഞ്ഞെടുപ്പിന് മുന്പായി സംഘടനാ സംവിധാനം ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളും ഉണ്ടാകും. ബിഡിജെഎസുമായുള്ള അഭിപ്രായ ഭിന്നത തീര്‍ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം. രാവിലെ പത്തരക്കാണ് ബിജെപിയുടെ യോഗം.
അതേസമയം, എം. മുരളി യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണു സൂചനകൾ. നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിതെറ്റി. നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്നമായാണു കോൺഗ്രസ് കാണുന്നത്. അതുകൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കാൻ തന്ത്രങ്ങളൊരുക്കാൻ മുന്‍ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പു ചുമതല നൽകാനും കോൺഗ്രസില്‍ തീരുമാനമായി.
ആദിവാസി, ദളിത് പീഡനവും സര്‍ക്കാരിന്റെ അലംഭാവവുമെല്ലാം ഇടതിനു നേരെ വലിയ വിമര്‍ശനം ഉയര്‍ത്തുകയാണ്. ഈ അവസരത്തില്‍ ചെങ്ങനൂരിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും?
Post Your Comments