തായ്‌ലൻഡിലെ നാക്കോൺ ഫാനോം എന്ന ഗ്രാമത്തിലുള്ളവർ ഭയത്തോടെയാണ് ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിലായി അഞ്ച് ആരോഗ്യവാന്മാരായ ചെറുപ്പക്കാർ ഉറക്കത്തിനിടെ മരിച്ചതാണ് ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്. പുരുഷന്മാരെ മാത്രമാണ് പ്രേതം ആക്രമിക്കുന്നതെന്നതിനാൽ, സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് ഇപ്പോൾ ഇവിടുത്തെ പുരുഷന്മാർ നടക്കുന്നത്. സ്ത്രീകളുടെ വസ്ത്രം ധരിക്കുക മാത്രമല്ല, ഉറങ്ങാൻ പോകുമ്പോൾ സ്ത്രീകളെപ്പോലെ മേക്കപ്പിടാനും അവർ തയ്യാറാകുന്നു.
വിധവയുടെ പ്രേതം ഗ്രാമത്തിൽ കറങ്ങി നടക്കുകയാണെന്നും ഗ്രാമത്തിലെ ചെറുപ്പക്കാരായ യുവാക്കളെ കൊന്നൊടുക്കുമെന്നും അവർ ഭയക്കുന്നു. പുരുഷന്മാരില്ലെന്ന് പ്രേതത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ഭർത്താക്കന്മാരെ സ്ത്രീകൾ അവരുടെ വസ്ത്രമണിയിച്ച് ഒരുക്കി കിടത്തിയുറക്കുന്നത്. ഇത്തരം പരിപാടി ആരംഭിച്ചശേഷം ആരും മരിച്ചിട്ടില്ലെന്നതിനാൽ, എല്ലാ വീടുകളിലും പുരുഷന്മാർ സ്ത്രീകളുടെ വേഷം ധരിച്ചാണിപ്പോൾ ഉറങ്ങുന്നത്.അയൽ ഗ്രാമങ്ങളിലെ പുരുഷന്മാരും മരിച്ചതായുള്ള വാർത്തകൾ കേട്ടുതുടങ്ങിയിട്ടുണ്ടെന്ന് ഗ്രാമവാസിയായ നോങ് അയു പറഞ്ഞു.
90 പേർ മാത്രമാണ് നാക്കോൺ ഫാനോം ഗ്രാമത്തിലുള്ളത്. പ്രേതത്തിന്റെ ആക്രമണം തുടർന്നാൽ ഗ്രാമത്തിൽ പുരുഷന്മാരില്ലാത്ത സ്ഥിതി വരുമെന്നും അദ്ദേഹം പറയുന്നു. മരിച്ച അഞ്ച് യുവാക്കളും ആരോഗ്യവാന്മാരായിരുന്നുവെന്നും രാത്രി കുളിച്ച് ഉറങ്ങാൻ കിടന്ന് അല്പസമയത്തിനുശേഷമാണ് എല്ലാവരും മരിച്ചതെന്നും നോങ് അയു പറഞ്ഞു.സമാനരീതിയിലാണ് അഞ്ചുപേരും മരിച്ചതെന്നതാണ് ഇത് പ്രേതത്തിന്റെ ആക്രമണമാണെന്ന് വിശ്വസിക്കാൻ ഗ്രാമവാസികളെ നിർബന്ധിതരാക്കിയത്. പ്രേതത്തിന്റെ ആക്രമണത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് ഗ്രാമവാസികൾ.
വീടുകൾക്ക് മുന്നിൽ പുരുഷ ലൈംഗികാവയവത്തിന്റെ രൂപമുണ്ടാക്കി കെട്ടിത്തൂക്കിയിട്ടും പ്രേതത്തെ അകറ്റാൻ ശ്രമിക്കുന്നവരുണ്ട്. പുരുഷന്മാരെ ഉറക്കത്തിൽ വശീകരിച്ച് കീഴ്‌പ്പെടുത്തുന്ന പ്രേതം ഇംഗിതം സാധിച്ച് കഴിയുമ്പോൾ അവരെ കൊലപ്പെടുത്തുകയാണെന്ന് ഗ്രാമവാസികൾ ഭയക്കുന്നു.ഉദ്ധരിച്ച ലൈംഗികാവയത്തോടുകൂടിയ ചുവന്ന ഉടുപ്പിട്ട കോലമുണ്ടാക്കി വീടുകൾക്ക് മുന്നിൽ സ്ഥാപിക്കുകയാണ് അവർ. ഇവിടെ പുരുഷന്മാരില്ല എന്ന ബോർഡും പലരും സ്ഥാപിക്കുന്നുണ്ട്. ലൈംഗികാവയവത്തിന്റെ കോലമുണ്ടാക്കി വീടിനുമുന്നിൽ സ്ഥാപിച്ചാൽ അതിൽ ആകൃഷ്ടയാകുന്ന പ്രേതം മനുഷ്യരെ ആക്രമിക്കില്ലെന്നാണ് ഗ്രാമവാസികൾ കരുതുന്നത്. ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ഉറങ്ങാൻപോലും മടിച്ചാണ് കഴിയുന്നതെന്നും നോങ് അയു പറഞ്ഞു. സ്ത്രീവേഷം കെട്ടിയുറങ്ങിയാൽ പ്രേതം തെറ്റിദ്ധരിച്ച് പിന്മാറുമെന്നും അവർ കരുതുന്നു.
Post Your Comments