മുംബൈ: നടി ശ്രീദേവിയുടെ മരണത്തിലുള്ള അന്വേഷണം ദുബൈ പോലീസ് അവസാനിപ്പിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത് ഇന്ത്യയിലെത്തിക്കാനുള്ള അനുമതിയും നല്‍കി. കുടുംബത്തിലെ ഒരു വിവാഹത്തിനായാണ് താരം ദുബൈയിലെത്തിയത്. തുടര്‍ന്ന് ശനിയാഴ്ച ഹോട്ടല്‍ റൂമിനുള്ളില്‍ വെച്ചാണ് ശ്രീദേവി മരിക്കുന്നത്.
ബാത്ത്ടബ്ബിലേക്ക് ബോധമില്ലാതെ വീണതാണ് മരണ കാരണം എന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്ത ശേഷം വിമാനത്താവളത്തില്‍ എത്തിക്കും. ഇന്ന് രാത്രിയോടെ മുംബൈ വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കും.
മരണത്തോട് അനുബന്ധിച്ച എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കിയ ശേഷമാണ് ബന്ധുക്കള്‍ക്ക് ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവ് നല്‍കിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ബാത്ത്ടബ്ബില്‍ വീണാണ് മരണം സംഭവിച്ചത്. ഇത് സംബന്ധിച്ച് എല്ലാ അന്വേഷണവും പൂര്‍ത്തിയായെന്ന് ദുബൈ ഗവണ്‍മെന്റ് മീഡിയ ട്വീറ്റ് ചെയ്തു.
ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ ദുബൈയിലുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യ ബന്ധത്തിലുള്ള മകന്‍ അര്‍ജുന്‍ കപൂറും ദുബൈയില്‍ എത്തിയിട്ടുണ്ട്. ബോണി കപൂറിന്റെ അനന്തരവന്‍ സൗരഭ് മല്‍ഹോത്രയാണ് മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് പോരുക.
ശ്രീദേവിയുടെ മക്കളായ ജാന്‍വി കപൂറും, ഖുശി കപൂറും മുംബൈയിലാണുള്ളത്.
Post Your Comments