ഒരു വീടിന്റെ നെടുംതൂൺ അവിടുത്തെ അടുക്കളയാണ് .അടുക്കള നോക്കിയായിരുന്നു പണ്ട് ആ വീട്ടുകാരുടെ വൃത്തി മനസിലാക്കുന്നത് എന്ന് പഴമക്കാർ പറയാറുണ്ട്.എല്ലായിപ്പോഴും പാചകം ചെയ്യുന്ന സ്ഥലമായതുകൊണ്ട് അടുക്കള പല വീടുകളിലും വൃത്തിയായി കിടക്കാറില്ല.എന്നാൽ വീട്ടമ്മമാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വൃത്തിയുള്ള അടുക്കള തന്നെയാണ്.
ആരോഗ്യമുള്ള ഒരു കുടുംബം ഉണ്ടാകുന്നത് വ്യത്തിയുള്ള അടുക്കളകളുടെ ഭാഗമായാണ്.അതുകൊണ്ട് തന്നെ ഓരോ തവണ പാചകം ചെയ്യുമ്പോഴും അടുക്കളയിലെ ഉപകരണങ്ങള്‍ കഴുകി വൃത്തിയാക്കണം. ദിവസേനയോ അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോഴോ അടുക്കള കഴുകുകയോ തുടയ്ക്കുകയോ വേണം.സ്പൂണും ചെറിയ പത്രങ്ങളും സോപ്പുവെള്ളം കലക്കി അതിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
അടുക്കളയിലെ ക്യാബിനെറ്റുകൾ പൊടി പിടിക്കാൻ അനുവദിക്കരുത് ,ചെറിയ തുണി വെള്ളത്തിൽ മുക്കി ഇടക്കിടക്ക് അവ തുടച്ചു കൊടുക്കാം.അടുക്കള പാതകമോ സിങ്കോ വൃത്തിയാക്കുമ്പോൾ അൽപ്പം നാരങ്ങ നീര് ഉപയോഗിച്ചാൽ കൂടുതൽ വൃത്തിയാകും.അടുക്കളയിൽ ഉപയോഗിക്കുന്ന മേശകൾ വെജിറ്റബിൾ കട്ടർ എന്നിവയും ഇത്തരത്തിൽ വൃത്തിയാക്കാം.
ഫ്രിഡ്ജ് പലപ്പോഴും രോഗങ്ങളുടെ കേന്ദ്രമാകാറുണ്ട് .കാരണം മറ്റൊന്നുമല്ല ഫ്രിഡ്ജിനകം വൃത്തിയാക്കാൻ പലരും സമയം കണ്ടെത്താറില്ല.മാസത്തിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജിനകത്തെ സാധനങ്ങളെല്ലാം പുറത്തെടുത്ത് അതിനകം തുടച്ചെടുക്കാം. അതുപോലെ തന്നെ ഗ്യാസ് സ്റ്റവ് മിക്സി എന്നിവ ഉപയോഗിക്കുന്ന ഓരോ തവണയും വൃത്തികേടാകാറുണ്ട്.ഇവയൊക്കെ ദിവസവും തുടയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
അടുക്കളയുടെ തറ വൃത്തിയാക്കുമ്പോൾ അല്പം വിനാഗിരി ചേർത്താൽ പെട്ടെന്ന് അഴുക്ക് പോകും.കൂടാതെ അടുക്കളയില്‍ ദുര്‍ഗന്ധവുമുണ്ടാകില്ല.വിനാഗിരി കൂടാതെ യൂക്കാലിപ്റ്റസ് എണ്ണയും ഉപയോഗിക്കാം. പാറ്റ, പല്ലി ഇവയെ നശിപ്പിക്കാന്‍ യൂക്കാലിപ്റ്റസ് എണ്ണ നല്ലതാണ്.
അടുക്കളയിലെ ഷെൽഫിലോ അലമാരയിലോ ഒരു കഷണം വെളുത്തുള്ളി വെച്ചാൽ കീടങ്ങളെ അകറ്റാം.കൂടാതെ ഒരു ടേബിൾ സ്പൂൺ എണ്ണ, വെളുത്തുള്ളി പത്രം കഴുകുന്ന സോപ്പ് എന്നിവ ചേർത്ത് ഒരു ലായനി ഉണ്ടാക്കുക ഇവ അടുക്കളയിൽ തളിച്ചാലും കീടങ്ങളെ അകറ്റാം.
മനുഷ്യന്റെ വൃത്തിയെ സൂചിപ്പിക്കുന്ന പലതും ഒരു വീട്ടിൽ ഉണ്ടാവാറുണ്ട് അതിൽ പ്രധാനപ്പെട്ടവയാണ് അടുക്കള.ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കണമെങ്കിൽ അടുക്കും ചിട്ടയും വൃത്തിയുമുള്ള ഒരു അടുക്കള ഇനിയും സ്വന്തമാക്കാം.ഇതുവരെ ചെയ്ത രീതികളിൽ അൽപം വ്യത്യാസം മാത്രം വരുത്തിയാൽ മതി.
Post Your Comments