ന്യൂഡല്‍ഹി : ഭരണത്തുടര്‍ച്ചയ്ക്കായി തന്ത്രം മെനയുന്ന ബി.ജെ.പിക്ക് രാജ്യസഭയിലും ഭൂരിപക്ഷ സാധ്യത തെളിയുന്നുവെന്ന് റിപ്പോര്‍ട്ട്. ലോക്സഭയില്‍ മതിയായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിലെ അംഗപരിമിതി മൂലം പ്രധാനപ്പെട്ട പല ബില്ലുകളും പാസാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ബിജെപി തങ്ങളുടെ അഭിമാന ബില്ലായി ഉയര്‍ത്തിക്കാട്ടുന്ന മുത്തലാഖ് നിരോധനബില്‍ ലോകസഭയുടെ കടമ്പ അനായാസേന കടന്നെങ്കിലും രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.
എന്നാല്‍ അടുത്ത ഏപ്രിലോടെ രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. മൂന്നു നോമിനേറ്റഡ് അംഗങ്ങളും (വിവിധ മേഖലകളില്‍ നിന്നു നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍) ഒരു സ്വതന്ത്ര അംഗവും ഉള്‍പ്പെടെ 58 രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് ഏപ്രിലില്‍ അവസാനിക്കുക. ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം 23നാണ്. ഇതിന്റെ ഫലം പുറത്തുവരുന്നതോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് എട്ട് അംഗങ്ങളുടെ കുറവുണ്ടാകും.
നിലവില്‍ 233 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഇതിനു പുറമേ നാമനിര്‍ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളും ഉണ്ടാവും. സഭയില്‍ മൂന്ന് അംഗങ്ങളുള്ള എ.എ.പി കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും സമദൂരനയം പിന്തുടരുന്നവരാണെങ്കിലും ബജറ്റ് സമ്മേളനത്തിന്റെ ആദ്യസെഷനില്‍ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചപ്പോള്‍ അവരും സഹകരിച്ചിരുന്നു. ഭരണപക്ഷത്തെ 123 അംഗങ്ങളില്‍ 54 പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. എന്‍.ഡി.എയുടെ 83 പേരില്‍ 58 പേരും ബി.ജെ.പിയില്‍ നിന്നുള്ളവരുമാണ്.
ഉത്തര്‍പ്രദേശ് (9), മഹാരാഷ്ട്ര (6), മധ്യപ്രദേശ്, ബിഹാര്‍ (5 വീതം), ഗുജറാത്ത്, കര്‍ണാടക, പശ്ചിമബംഗാള്‍ (4 വീതം), രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രപ്രദേശ് (3 വീതം), തെലങ്കാന (2), ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ചത്തിസ്ഗഡ് (ഓരോന്നുവീതം) എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുവരുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. നേട്ടമുണ്ടാക്കിയതോടെയാണ് രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്കെത്താന്‍ സാധ്യത തെളിഞ്ഞത്. പല ബില്ലുകളും പാസാക്കിയെടുക്കാന്‍ കോണ്‍ഗ്രസിന്റെ കനിവുതേടേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിന് ഏപ്രിലോടെ മാറ്റമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍.
13 രാജ്യസഭാംഗങ്ങളുള്ള അണ്ണാ ഡി.എം.കെ ഔദ്യോഗികമായി എന്‍.ഡി.എ മുന്നണിയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സഭയില്‍ ഭരണകക്ഷിക്കു പിന്തുണ നല്‍കുന്നവരാണ്. പുറമെ ഏഷ്യാനെറ്റ് മേധാവിയും എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍, സുഭാഷ് ചന്ദ്ര, സഞ്ചയ് ദത്താത്രേയ, അമര്‍ സിങ് എന്നിവര്‍ സ്വതന്ത്രരാണെങ്കിലും ബി.ജെ.പിയെ പൂര്‍ണമായി പിന്തുണക്കുന്നവരാണ്. രാഷ്ട്രീയപാര്‍ട്ടി അംഗങ്ങളില്‍ 55 പേരാണ് വിരമിക്കുന്നത്. ഇതില്‍ 30 അംഗങ്ങള്‍ പ്രതിപക്ഷ നിരയില്‍നിന്നും 24 പേര്‍ എന്‍.ഡി.എ മുന്നണിയില്‍ നിന്നുള്ളവരുമാണ്. എന്‍.ഡി.എ അംഗങ്ങള്‍ മൊത്തം തിരിച്ചെത്തുന്നതിനൊപ്പം ഭരണകക്ഷിക്ക് ഒമ്പത് അംഗങ്ങള്‍ അധികമായി ലഭിക്കുകയുംചെയ്യും.
Post Your Comments