തെമ്മാടിത്തരം ആരു ചെയ്താലും പ്രതികരിക്കണം. അമ്മ മനസ്സുകളുടെ സഹനശക്തിയ്ക്കും അതിരുകളുണ്ട്. ഒരുനേരം കഞ്ഞികുടിച്ചു കഴിയാനുള്ള തത്രപ്പാടിൽ കണ്മുന്നിൽ നിന്നും മധുവിനെ അൽപ്പം നീക്കി നിർത്തിയെങ്കിലും ആ അമ്മയുടെ തൊണ്ടയിലൂടെ ഇറക്കിയ ഓരോ തുള്ളി വെള്ളം പോലും മകനെക്കുറിച്ചോർത്തിട്ടാവാതെയിരിയ്ക്കില്ല. വെറുതെ ഇത്രമാത്രം ചിന്തിച്ചതേയുള്ളൂ… ഉറക്കം നഷ്ടപ്പെട്ടുപോയി.
എത്രമാത്രം കാപട്യം നിറഞ്ഞതാണീ ലോകം, അല്ലേ? കേരളമേ…ഇതാ മറ്റൊരു നാറുന്ന കിരീടം കൂടി നിനക്കായി. ഇതിന്റെ കേളികൊട്ടിനിയുമെത്രകാലം കേൾക്കേണ്ടി വരുമോ ആവോ? വാദങ്ങളും പ്രതിവാദങ്ങളും ഇനിയും മാധ്യമരംഗത്തെ ഉണർത്താൻ പോകുന്നതേയുള്ളൂ. അതിനുമുൻപായൊന്നു ചിന്തിയ്ക്കണ്ടേ?
പഠിക്കുന്ന സമയത്ത് ക്ലാസ് ടോപ്പ്; മധു മാനസികനിലതെറ്റിയ അവസ്ഥയിലേക്ക് വന്നതിനു പിന്നിലെ കഥ ഇതാണ്
മധുവെന്ന യുവാവ് ആരായാലും, അർഹിയ്ക്കപ്പെടാത്ത ഒരു ശിക്ഷ ആവശ്യമില്ലാത്തിടത്തുനിന്നും ഉണ്ടാകാൻ പട്ടിണിയാണു കാരണമെന്നത് സ്പഷ്ടം. മധുവിന്റെ മനോനില തകരാറിലാണെന്ന സത്യം മർദ്ദിച്ചവർക്ക് അറിയാമായിരുന്നില്ലേ? ഒരു ശല്യമെന്ന നിലയിൽ അവനെ ഒഴിവാക്കാൻ ശ്രമിച്ചതാണോ? വിശപ്പിന്റെ വിളി അവന്റെ വായ്കളിൽനിന്ന് വരാതെ തന്നെ ആർക്കും കണ്ടെത്താവുന്നതായിരുന്നല്ലോ? സാക്ഷരകേരളത്തിന്നിൽപ്പരം ലജ്ജാവഹമായി മറ്റെന്തുണ്ടാകാം?
പഠിപ്പെല്ലാം കഴിഞ്ഞ് നാടു വിടുന്നതിനു മുൻപ് നാട്ടിൽ സുഭിക്ഷമായി പിച്ചക്കാരെ കാണാമായിരുന്നു. പിന്നീടെന്നോ നാട്ടിൽ വരുമ്പോൾ വെള്ളിയാഴ്ച്ച ദിവസങ്ങൾ അവർക്കായി നീക്കി വച്ചിരിയ്ക്കുന്നതായി കണ്ടു. പിന്നീട് അവർ എന്നോ വരുന്നത് ഏതാണ്ട് ഇല്ലാതായതും കണ്ടു. സന്തോഷിച്ചു, കേരളത്തിൽ പട്ടിണി ഇല്ലെന്ന്. വല്ലപ്പോഴും സഹായം ചോദിച്ചെത്തുന്നവർക്കു നേരെ സന്മനസ്സു കാണിച്ചു. പക്ഷേ എന്നും ഇവിടെ പട്ടിണിയും പഞ്ഞവും നിലനിന്നിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്തുകാണുമ്പോൾ അറിയാതെ മനസ്സിൽ നൊമ്പരമുണരുന്നു. വേദനിയ്ക്കുന്ന അമ്മ മനസ്സുകൾക്ക് ആശ്രയമില്ലാതായിപ്പോകുന്നതും കാണാനാകുന്നു. രാജ്യത്തെ ഓരോ പൌരന്റെ ചലനവും സശ്രദ്ധം വീക്ഷിയ്ക്കാവുന്ന തരം സംവിധാനമുണ്ടാക്കുന്നവർ വിശപ്പിന്റെ വിളി തിരിച്ചറിയാനും എന്തെങ്കിലും കണ്ടെത്തിയിരുന്നെങ്കിൽ!
സമൂഹമനസ്സാക്ഷി എന്നൊന്നുണ്ടല്ലോ? പ്രതികരണശേഷി നഷ്ട[പ്പെട്ട അൽപ്പം മൂഢന്മാരുടെ സ്വകാര്യസ്വത്തായി അത് മാറിയിരിയ്ക്കുന്നുവോ? ചോറുവച്ചുണ്ണാനറിയാത്ത തന്റെ മകൻ അരി കട്ടെടുക്കുകയില്ലെന്ന അമ്മയുടെ വിലാപം ആരുടെ ചെവിയിൽ വീഴാൻ? അതോ പട്ടിണി കിടന്നു വലഞ്ഞ ആ പാവത്തിന്റെ മനസ്സിലെങ്ങോ ഒരുപിടിച്ചോറിന്റെ ഓർമ്മയുണർന്നുവോ? എങ്കിൽ ഏറെ ദയനീയമെന്നേ പറയാനുള്ളൂ. കേഴുക, മമ നാടേ….
എന്തൊക്കെയോ ആകട്ടെ, സമൂഹത്തിന്നൊന്നടങ്കം ഇതിനു മറുപടി പറയാതിരിയ്ക്കാനാവില്ല. ഈ പേക്കൂത്തരങ്ങിലെ നടന്മാരുടെ അമ്മ മനസ്സുകളും വിങ്ങുന്നില്ലേ? എങ്ങോട്ടാണു നമ്മൾ പോകുന്നത്? ഇതിൽക്കൂടുതലും ഇനി വരാനിരിയ്ക്കുന്നുവോ? അറിയില്ല, വെറും മാപ്പിൽ ഒതുങ്ങുന്നവയല്ല ഈയിടെ കാണുന്ന പല തെറ്റുകളും. എവിടെ നുള്ളണം, എങ്ങിനെ? അമ്മ മനസ്സുകളിൽ ഭീതിയേറിക്കൊണ്ടിരിയ്ക്കുന്നു.
ജ്യോതിര്മയി ശങ്കരന്
Post Your Comments