രണ്ട് ദിവസം മുമ്പ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന ദാരുണമായ സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും മനസാക്ഷിയുള്ള ആര്‍ക്കും അതില്‍ നിന്നും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മധുവിന്റെ യഥാര്‍ത്ഥ അവസ്ഥ കൂടി അറിഞ്ഞാല്‍ നാം എല്ലാവരും കുറ്റബോധത്താല്‍ നീറും. കാരണം ആരുടെ കണ്ണ് നിറയിക്കും മധുവിന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് അറിഞ്ഞാല്‍. അട്ടപ്പാടിയിലെ പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുംബ വിഭാഗത്തില്‍ ജനിച്ച മധു യഥാര്‍ത്ഥത്തില്‍ ആരുടേയും മനസ്സ് പൊള്ളിക്കുന്ന ദുരന്ത കഥയിലെ നായകന് തന്നെയാണ്.
ഗോത്രവര്‍ഗ്ഗ ഊരായ കടുകുമണ്ണയിലെ മല്ലന്റെയും മല്ലികയുടെയും മൂന്നു മക്കളില്‍ ഒരുവന്. പഠിക്കാന്‍ താല്പര്യമുണ്ടായിരുന്ന അവനെ ഊരില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലയുള്ള ശ്രീശങ്കര എന്ന സ്ഥലത്തെ കോണ്‍വെന്റില്‍ നിറുത്തി പഠിപ്പിച്ചു. നാലാം ക്ളാസുവരെ അവിടെ നിന്നായിരുന്നു പഠനം. പിന്നെയും അവന് പഠിച്ചു ഏഴാം ക്ളാസുവരെ. അപ്പോഴേക്കും പിതാവ് മല്ലന് ഈ ലോകം വിട്ടുപോയി. രണ്ടു സഹോദരിമാരെയും അമ്മയേയും പോറ്റേണ്ട ചുമതല മധുവിന്റെ ചുമലിലായി.
പഠിക്കാന്‍ മോഹിച്ച അവന് കുടുംബ പ്രാരാബ്ധങ്ങള്‍ കാരണം പഠനം നിര്‍ത്തി കുടുംബത്തെ പോറ്റാന്‍ ഇറങ്ങേണ്ടിവന്നു.പഠിക്കാന്‍ മോഹിച്ച മധു പ്രാരാബ്ധങ്ങള്‍ കൂട്ടായപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കുടുംബം നോക്കാനിറങ്ങുകയായിരുന്നു. മധുവിന് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ വിവാഹാഭ്യര്‍ത്ഥനയുമായി കാമുകിയുടെ വീട്ടിലേയ്ക്കെത്തിയപ്പോള്‍ പട്ടിയെപ്പോലെ തല്ലിച്ചതച്ച് അവന്റെ ഓര്‍മ്മകളെ താളം തെറ്റിച്ചു.
കൊത്തുകാട്ടില്‍ പണിയെടുത്തും. മറ്റ് ആദിവാസികളോടൊപ്പം തേനും കുങ്കില്യവും ശേഖരിച്ചും അന്നത്തിനുള്ള വഴി കണ്ടെത്തി കുടുംബം പോറ്റി.അതിനിടെ ആദിവാസികള്‍ക്കുള്ള തൊഴില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി ഐ. ടി. ഡി. പി മുഖാന്തരം പാലക്കാട് മുട്ടിക്കുളങ്ങരയിലേക്ക് പോയി. തടിപ്പണിയിലും നിര്‍മ്മാണതൊഴിലിലും വൈദഗ്ദ്ധ്യം നേടി. അവിടെവച്ചു ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. നല്ലൊരു ജീവിതം സ്വപ്നം കണ്ട മധുവിന് പക്ഷേ, സ്വന്തം ജീവിതം കൈവിട്ടുപോകുകയായിരുന്നു.
പ്രണയം കടുത്തതോടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ച് കാര്യം പറഞ്ഞു. പെണ്‍വീട്ടുകാര്‍ ബന്ധം നിരസിച്ചെന്നു മാത്രമല്ല. പട്ടിയെ തല്ലുംപോലെ ക്രൂരമായി മര്‍ദ്ദിച്ചു. സ്വന്തം നാടായ അട്ടപ്പാടിയില്‍ തിരിച്ചെത്തിയത് പെരുമാറ്റത്തിലും സംസാരത്തിലും സ്വാഭാവികത നഷ്ടപ്പെട്ട യുവാവാണ്. അമ്മയും സഹോദരിമാരും അതു കണ്ട് വിങ്ങിപ്പൊട്ടി. ആരെയെങ്കിലും കണ്ടാല്‍ അവന് പേടിയാണ്. കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ പത്തുവര്‍ഷത്തോളം ചികിത്സ നടത്തി. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല.
തുടര്‍ന്നുള്ള ജീവിതം ഏകാന്തതയിലേക്കു മധു പറിച്ചുനട്ടു. ഒറ്റപ്പെട്ട മലമടക്കിലായി താമസം. വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രം എന്തെങ്കിലും കഴിക്കാനായി മാത്രം പുറം ലോകത്തേക്കു വന്നു. ആ വരവിലും അവനെ മര്‍ദ്ദിക്കാനായിരുന്നു പലര്‍ക്കും താല്പര്യം. മോഷണക്കുറ്റം ആരോപിച്ചാണ് ഓരോ തവണയും അവനെ മര്‍ദ്ദിച്ചിരുന്നത്. ആ പേടി കാരണം അവന് വിശപ്പ് അടക്കിപ്പിടിച്ചാണ് കാട്ടില്‍ കഴിഞ്ഞിരുന്നത്. വിശപ്പ് സഹിക്കാന്‍ കഴിയാത്ത ഒരു നിമിഷത്തിലാണ് കഴിഞ്ഞ ദിവസം അവന് വീണ്ടും പുറംലോകത്തേക്കു വന്നത്. ആ വരവില്‍ അവന്റെ ജീവനെടുക്കാന്‍ ആളുണ്ടായി. അവനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നവരോട് കാര്യങ്ങള്‍ പറയാനുള്ള മനോബലം അവനുണ്ടായില്ല. ആകെ അവന്പറഞ്ഞത് ചില വാക്കുകള്‍ മാത്രം. എനിക്ക് വിശക്കുന്നു. എന്നാല്‍ അവന്റെ വാക്കിന് ആരും കാതൊര്ക്കാതം ചില നരഭോജികള്‍ അവനെ വിശപ്പും ദാഹവും ഒന്നുമില്ലാത്ത ലോകത്തെ പറഞ്ഞയച്ചു.
Post Your Comments