ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷനേറ്റെടുത്ത് സി.പി.എം. അനുകൂല പോലീസുകാര്‍. മാധ്യമപ്രവര്‍ത്തകരെ വീടുകയറി മര്‍ദിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാമെന്ന് ‘ഡ്യൂട്ടി ഫ്രണ്ട്‌സ്’ എന്ന ഗ്രൂപ്പിലെ ചാറ്റില്‍ ഒരു പോലീസുകാരന്‍ പറയുന്നു. എ.ആര്‍. ക്യാമ്പ് കേന്ദ്രീകരിച്ചുള്ള പോലീസുകാരാണ് ഈ ഗ്രൂപ്പില്‍ കൂടുതലും. പോലീസില്‍ ചാരന്മാരുണ്ടെന്ന ആക്ഷേപം ശക്തമായതോടെയാണ് സി.പി.എം. അനുകൂലികളായ പോലീസുകാരുടെ സാമൂഹികമാധ്യമങ്ങളിലെ പ്രതിഷേധം.
സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്ത ചോര്‍ത്തുന്നെന്ന പേരില്‍ പല പോലീസുകാരുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കാനും ഇവര്‍ തുടങ്ങിയിട്ടുണ്ട്. സി.പി.എം. സൈബര്‍ പോരാളികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി അനുകൂല ഗ്രൂപ്പുകളിലൂടെയാണിത്. പോലീസ് ചാരന്മാരെ കര്‍ശനമായി നേരിടുമെന്ന് ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ വ്യക്തമാക്കിയിരുന്നു.ഇരിട്ടി, പേരാവൂര്‍ ഭാഗങ്ങളിലായിരുന്നു പ്രതികള്‍ക്കായി ആദ്യദിവസങ്ങളില്‍ റെയ്ഡ്. മുടക്കോഴി മലയായിരുന്നു ഇതില്‍ പ്രധാനം. പ്രതികളുള്ളതായി കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെങ്കിലും പോലീസെത്തുന്നതിനുമുമ്പ് പ്രതികള്‍ അവിടെനിന്നു മാറി. സി.പി.എം. നേതാവിന്റെ വീട്ടില്‍നിന്ന് പ്രതികള്‍ രക്ഷപ്പെട്ടത് പോലീസ് റെയ്ഡിനുതൊട്ടുമുമ്പാണ്.
പാര്‍ട്ടി അനുകൂലികളായ പോലീസുകാരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചയും വാഗ്ദാനവും. കൊലയ്ക്കുശേഷം നടന്ന പോലീസ് പരിശോധനാ വിവരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചോര്‍ന്നുകിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇക്കാര്യം പുറത്തുവന്നത്. മുടക്കോഴി മലയില്‍ പോലീസ് കയറിവരുന്നത് കണ്ടിരുന്നതായി അറസ്റ്റിലായ ആകാശ് മൊഴി നല്‍കിയിട്ടുണ്ട്. പോലീസില്‍നിന്നുതന്നെ വിവരങ്ങള്‍ ചോര്‍ന്നതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു.
ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാനാണ് മാധ്യമ പ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷന്‍വരെ ഏറ്റെടുത്ത് ഒരുവിഭാഗം പോലീസുകാരെത്തിയിരിക്കുന്നത്. ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പുച്ഛമാണെന്നാണ് മറ്റൊരു പ്രതികരണം. ‘ഒരുവിഭാഗം മാത്രം മരിക്കുമ്പോഴെന്താ മാധ്യമ തമ്പുരാക്കന്മാര്‍ ഉറഞ്ഞുതുള്ളുന്നത്. എല്ലാം മനുഷ്യജീവനുകള്‍ തന്നെയല്ലേ’ – എന്നും ഇതേ പോലീസുകാരന്‍ ചോദിക്കുന്നു. കുരുത്തക്കേട് കാണിക്കരുതെന്ന് ഓര്‍മിപ്പിച്ച ഒരാളുടെ രണ്ടുകൈയും തല്ലിയൊടിച്ചതിന്റെ വിശദാംശങ്ങളും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments