KeralaLatest NewsNews

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികൂല നിലപാടുമായി ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍

കോട്ടയം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദതന്ത്രവുമായി ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍. വിലപേശി രാഷ്ട്രീയനേതൃത്വത്തിന്റെ നിലപാട് അനുകൂലമാക്കാനാണ് ഇരു സഭകളുടെയും തീരുമാനം. ഇരു സഭകളുടെയും നേതൃത്വങ്ങള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും പുറമേ ബി.ജെ.പി. നേതാക്കളുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു.

രണ്ടു ലക്ഷത്തോളം വോട്ടര്‍മാരാണ് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലുള്ളത്. ഇവരില്‍ ഇരുപതിനായിരത്തോളം പേര്‍ ഈ സഭകളില്‍നിന്നാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരുടെ നിലപാട് ഏതു സ്ഥാനാര്‍ഥിയുടെയും ജയപരാജയം നിശ്ചയിക്കുമെന്നതിനാലാണ് ഈ വിലപേശല്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തോളം പേരാണ് വോട്ട് ചെയ്തത്. അന്ന് വിജയിച്ച ഇടതുമുന്നണിയിലെ കെ.കെ. രാമചന്ദ്രന്‍നായര്‍ക്ക് 52880 വോട്ടും തൊട്ടുപിന്നിലായ യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥിന് 44897 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് 42682 വോട്ടുമാണ് ലഭിച്ചത്.

സുപ്രീം കോടതി വിധിക്ക് അനുസൃതമായി മുഴുവന്‍ പള്ളികളും 1934-ലെ ഭരണഘടനയസുസരിച്ച്‌ ഭരിക്കപ്പെടണമെന്നും സര്‍ക്കാര്‍ അതിനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം. യാക്കോബായ വിഭാഗം ഈ ആവശ്യത്തെ പൂര്‍ണമായും എതിര്‍ക്കുന്നു.

യാക്കോബായ സഭാ നേതൃത്വം ബി.ജെ.പി. അഖിലേന്ത്യാ അദ്ധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. യാക്കോബായ വിഭാഗത്തിനു സ്വതന്ത്രസഭയായി നില്‍ക്കുന്നതിനുള്ള ക്രമീകരണം ചെയ്താല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന വാഗ്ദാനം അവര്‍ ബി.ജെ.പിക്കു മുന്നില്‍വെച്ചതായാണ് വിവരം.

ഇപ്പോഴത്തെ കോടതിവിധി പ്രകാരം യാക്കോബായ സഭയ്ക്കു സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയില്ല. ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രശ്നം പൊതുവേദിയില്‍ ചര്‍ച്ചചെയ്തു പിരിയുന്നതിനു വഴിയൊരുക്കണമെന്ന ആവശ്യമാണു യാക്കോബായ മുന്നോട്ടുവയ്ക്കുന്നത്. കൊച്ചിയിലെ സമ്മേളനത്തില്‍ യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രിഗോറിയോസ് ബി.ജെ.പിയുമായി അകല്‍ച്ചയില്ലെന്നും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button