Latest NewsNewsFacebook Corner

ഒരു മിനുട്ട് മനസ്സിന്റെ കണ്ണാടിയിൽ നോക്കുക, നമ്മൾ മധുവിനെ കൊന്നവനെപ്പോലെയാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയുക

മുരളി തുമ്മാരുകുടി

ഇന്നലെ മുഴുവൻ വേറെ ജോലികൾ ഉണ്ടായിരുന്നതിനാൽ അട്ടപ്പാടിയിലെ മധുവിന്റെ മരണം അറിഞ്ഞത് അതിനെതിരെ ഫേസ്ബുക്കിൽ പ്രതിഷേധം അണപൊട്ടി ഒഴുകിയപ്പോൾ ആണ്. ഒരിക്കലേ അദ്ദേഹത്തിൻ്റെ ചിത്രത്തിലേക്ക് നോക്കിയുള്ളൂ. വീഡിയോ തുറന്നത് പോലുമില്ല. ഇതിനെതിരെ വരുന്ന ആയിരക്കണക്കിന് പ്രതിഷേധം ഒന്ന് പോലും വായിച്ചില്ല, വായിക്കാൻ പോകുന്നുമില്ല. ഒരു മലയാളി എന്ന നിലയിൽ ഇതിലധികം ലജ്ജ തോന്നിയ നിമിഷം വേറെയില്ല.

ഒരു കാര്യത്തിൽ നമുക്ക് വേണമെങ്കിൽ സന്തോഷം തോന്നാം. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള കേരളത്തിൽ ഈ സംഭവത്തെ ന്യായീകരിച്ച് ഒരു പോസ്റ്റ് പോലും വന്നില്ല. മധുവിന്റെ കൈ കെട്ടിയിട്ട് സെൽഫി എടുത്തവനെ പച്ചത്തെറി പറയുന്നത് മുതൽ സംഭവത്തെ ‘പോലീസ് വാഹനത്തിൽ അസ്വാസ്ഥ്യം തോന്നിയ പ്രതി മരിച്ചു’ എന്ന് വാർത്തയാക്കിയവരോടുള്ള പ്രതിഷേധം വരെ എല്ലാവരും വിഷയത്തിൽ ഇരയോടൊപ്പം ആയിരുന്നു.

എന്നാൽ ഒരു കാര്യം നമ്മൾ എല്ലാവരും മറക്കുകയാണ്. ഈ സംഭവത്തിൽ നമ്മൾ ശരിക്കും ഇരയോടൊപ്പമല്ല, കുറ്റവാളിയോടൊപ്പമാണ്. ഒരു ആദിവാസിയുടെ, വിശക്കുന്ന ഒരാളുടെ, മാനസിക അസ്വാസ്ഥ്യമുള്ള ഒരാളുടെ ജീവിതത്തെക്കുറിച്ച് നമുക്കെന്തറിയാം? അവരുടെ അനുഭവങ്ങൾ നമ്മുടെ അനുഭവങ്ങളല്ല, അവരുടെ പ്രശ്നങ്ങൾക്ക് നമ്മുടെ പ്രശ്നങ്ങളുമായി ഒരു ബന്ധവുമില്ല, അവരുടെ ജീവിതം നമുക്ക് അന്യമാണ്. അദ്ദേഹത്തോട് ഇപ്പോൾ നമ്മൾ കാണിക്കുന്ന തന്മയീഭാവം സത്യത്തിൽ നമ്മുടെ കുറ്റബോധത്തിൻറെ പ്രതിഫലനമാണ്.

അയാളെ കൊന്നവരുടെ കാര്യം എന്നാൽ അങ്ങനെയല്ല. അവരിൽ ഓരോരുത്തരിലും നമുക്ക് നമ്മളെ കാണാൻ കഴിയും. അപകടം ഉൾപ്പടെയുള്ള അന്യന്റെ ദുഃഖങ്ങൾ സെൽഫി ആക്കുന്ന നമ്മൾ, വിശപ്പറിഞ്ഞിട്ടില്ലാത്ത നമ്മൾ, കള്ളനെ കൈയിൽ കിട്ടിയാൽ കൊന്നില്ലെങ്കിലും രണ്ടു കൊടുക്കണമെന്ന് ചിന്തിക്കുന്ന നമ്മൾ, നായകനോ ആൾക്കൂട്ടമോ നിയമം കൈയിലെടുക്കുമ്പോൾ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന നമ്മൾ, ഒരാൾ പൊതുരംഗത്ത് തെറ്റായി പ്രവർത്തിച്ചാലും ഇടപെടാത്ത നമ്മൾ, തമിഴത്തി സ്ത്രീകളെല്ലാം മാല പൊട്ടിക്കാൻ നടക്കുന്നവരാണെന്ന് മുൻധാരണയുള്ള നമ്മൾ, ബംഗാളികൾ നമ്മുടെ കുട്ടികളെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കിംവദന്തി പരത്തുന്ന നമ്മൾ.

ഇപ്പോൾ ഫേസ്ബുക്കിൽ പൊട്ടിയൊഴുകുന്ന രോഷത്തിന് ആത്മാർത്ഥത തീരെയില്ലെന്ന് പറയാൻ പറ്റില്ല, പക്ഷെ അത് ഹിപ്പോക്രാറ്റിക്ക് ആണ്. കാരണം മധുവിനെ തല്ലിക്കൊല്ലുന്ന വീഡിയോയിൽ നമ്മൾ ഇല്ലാത്തത് നമ്മൾ ആ നാരാധമന്മാരെക്കാൾ വ്യത്യസ്തർ ആയതുകൊണ്ടല്ല, നമ്മൾ അപ്പോൾ സ്ഥലത്തില്ലാതെ പോയതുകൊണ്ടു മാത്രമാണ്. ഇപ്പോൾ നമ്മൾ കാണിക്കുന്ന രോഷത്തിന് മറ്റൊരു വിഷയം പൊങ്ങി വരുന്നതു വരെ മാത്രമേ ആയുസ്സുള്ളൂ എന്ന് നമുക്കറിയാം. അത് ഏതെങ്കിലും സെലിബ്രിറ്റിയുടെ വിവാഹമോചനം തൊട്ട് രാഷ്ട്രീയ നേതാവിന്റെ നാക്കുപിഴയെ ട്രോൾ ചെയ്യുന്നത് വരെ ആകാം. ഈകൊലയൊക്കെ നമ്മൾ മറക്കും എന്ന് മാത്രമല്ല ഈ കൊലപാതകികൾ എന്നെങ്കിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുമെന്ന പ്രതീക്ഷയുമിമില്ല (അതുകൊണ്ടാണല്ലോ നാം നിയമം കൈയിലെടുക്കുന്നത്).

ഫേസ്ബുക്കിനും പുറത്തും നടക്കുന്ന ഈ രോഷപ്രകടനം കൊണ്ടൊന്നും എന്തെങ്കിലും സംഭവിക്കുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല. പഴയ സോഡാക്കുപ്പി പൊട്ടുന്നതു പോലെ അല്പം ഒച്ചയും കുറച്ചു തിളക്കലും ആയി ഇതങ്ങ് തീരും. നാളെ തൊട്ട് നാം ബംഗാളികളെക്കുറിച്ചുള്ള തെറ്റായ വാട്ട്സ്ആപ്പ് മെസ്സേജ് ഫോർവേഡ് ചെയ്യും, നിയമവാഴ്ചക്ക് പ്രതിയെ വിട്ടുകൊടുക്കാതെ അയാളെ വെടിവച്ചു കൊല്ലുന്ന നായകനെ കൈയടിച്ചു സ്വീകരിക്കും, വേണമെങ്കിൽ തിരഞ്ഞെടുത്ത് മന്ത്രിയാക്കും, ആഫ്രിക്കയിൽ നിന്നും വരുന്ന ഏതെങ്കിലും ഭാഷ അറിയാത്ത പാവത്താനെ കൈയിൽ കിട്ടിയാൽ സംശയത്തിന്റെ പേരിൽ അടിച്ചു പരുവം ആക്കും, സെൽഫി എടുക്കും, പോസ്റ്റും.

എനിക്ക് ഇത്രയേ പറയാനുള്ളു. ഒരു മിനുട്ട് മനസ്സിന്റെ കണ്ണാടിയിൽ നോക്കുക, നമ്മൾ മധുവിനെ പോലെയല്ല, അയാളെ കൊന്നവനെപ്പോലെയാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയുക. ഫേസ്ബുക്കിലും ചാനലിലും ഒക്കെ രോഷ പ്രകടനം നടത്തിക്കോളൂ, പക്ഷെ ബാത്ത്റൂമിൽ പോയി കണ്ണാടിയിൽ നോക്കുമ്പോൾ ഇന്നൊരു ദിവസമെങ്കിലും നാം നമ്മളെ ഓർത്ത് നാണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button