KeralaLatest NewsNews

വാളയാർ പീഡന കേസ്; പ്രതി പൂട്ടിയിട്ട ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: വാളയാർ പീഡന കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ. കുട്ടി മധു (33) എന്നയാളാണ് മരിച്ചത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിപ്പോയ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് അയച്ചു.

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കേസിലെ നാലാം പ്രതിയായിരുന്നു കുട്ടിമധു എന്ന് അറിയപ്പെടുന്ന മധു. രാജാക്കാട് സ്വദേശിയായ ഷിബു, ചേർത്തല സ്വദേശിയായ പ്രദീപ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇതിൽ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാലാം പ്രതിയായ ചെറിയ മധു ജീവനൊടുക്കിയത്.

2017 ജനുവരി 13 ന് 13 വയസുള്ള മൂത്ത സഹോദരിയെ ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഖം മറച്ചുകൊണ്ട് രണ്ടുപേർ അന്ന് വീട്ടിൽ നിന്ന് ഇറങ്ങുന്നത് താൻ കണ്ടതായി ഇളയ സഹോദരി പിന്നീട് പോലീസിനോട് പറഞ്ഞിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് നിർമാണത്തൊഴിലാളികളായ മാതാപിതാക്കൾ ആരോപിച്ചിട്ടും അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. രണ്ടുമാസത്തിനുശേഷം, മാർച്ച് നാലിന് ഇളയ സഹോദരിയെയും, ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണത്തിന് മുമ്പ് ഇവർ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ശേഷം നടന്ന അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button