ഓർമ്മകൾ ബാക്കിയാക്കി ഒടുവിൽ അന്നയുടെ അമ്മ വിടപറഞ്ഞു. അച്ഛനും അമ്മയെക്കുറിച്ചുള്ള നൊമ്പരമുണർത്തുന്ന ഒാർമകളും മാത്രമാണ് അന്നയ്ക്ക് ഇനി കൂട്ട്. അരയ്ക്ക് താഴെ തളർന്ന കൊല്ലം പുനലൂർ സ്വദേശി രാധാ സുരേഷ് കുമാർ(51) ആണ് ഇന്ന് രാവിലെ മരിച്ചത്. മൂന്ന് വർഷമായി അന്നയാണ് രാധയെ പരിചരിച്ചിരുന്നത്. രാവിലെ ഷാർജ യർമൂഖിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ രാധയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇലക്ട്രീഷ്യനായ സുരേഷ് കുമാറും കുടുംബവും പതിനൊന്ന് വർഷമായി ഒമാനിലായിരുന്നു താമസം. അവിടെ സ്വന്തമായി നടത്തിയിരുന്ന ബിസിനസ് പൊളിഞ്ഞതിനെ തുടർന്ന് വാസുദേവൻ എന്നയാളുടെ സഹായത്തോടെ സന്ദർശക വീസയിൽ യുഎഇയിലേയ്ക്ക് എത്തുകയും ചെയ്‌തു. എന്നാൽ വാസുദേവൻ സുരേഷിന്റെയും രാധയുടെയും പാസ്‌പോർട്ടുമായി മുങ്ങി. തുടർന്ന് യുഎഇ വീസ എടുക്കാനും സാധിച്ചില്ല. രാധ കിടപ്പിലായതോടെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഔട്ട്പാസ് എടുത്തിരുന്നു. എന്നാൽ അന്നയ്ക്ക് ഔട്ട്പാസ് കിട്ടാതായതോടെ അതും മുടങ്ങി.
ഇലക്ട്രീഷ്യനായ സുരേഷ് കുമാർ രോഗിയായ ഭാര്യയെയും കൊച്ചുമകളെയും വിട്ട് കൃത്യമായി ജോലിക്ക് പോകാനാവാതെ വലഞ്ഞു. അവധി എടുക്കാൻ തുടങ്ങിയതോടെ ജോലിയും നഷ്ടപ്പെട്ടു. അജ്മാനിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ എട്ട് വയസ്സുകാരി അന്നയാണ് കഴിഞ്ഞ മൂന്ന് വർഷമായി രോഗിയായ അമ്മയെ പരിചരിച്ചിരുന്നത്. കുവൈത്ത് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ വൈകിട്ട് നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന.
Post Your Comments