കാഞ്ഞങ്ങാട്: ജാനകി കൊലക്കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ അരുണിനെ (28) പ്രവാസികള്‍ പിടികൂടി ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു. പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളുമായി പോലീസും ബന്ധപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് വൈകിട്ട് നാലുമണിയോടെ അബൂദാബിയില്‍ നിന്നും അരുണിനെ വിമാനമാര്‍ഗം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കയറ്റിവിട്ടത്. കേസിലെ മറ്റു പ്രതികളായ പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ റിനേഷ് (27), വിശാഖ് (28) എന്നിവരെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി ഒമ്പതോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കഴിഞ്ഞ നാലിനാണു അരുണ്‍ ഗള്‍ഫിലേക്ക് കടന്നത്.
മോഷണത്തിനായാണ് സംഘം ജാനകിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ജാനകി ഇവരെ തിരിച്ചറിഞ്ഞതോടെ അരുണ്‍ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ വെട്ടിപ്പരിക്കേല്‍പിച്ചു രക്ഷപ്പെടുകയുമായിരുന്നു. പരുക്കേറ്റ കൃഷ്ണന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തുമ്പോഴേക്കും ജാനകി രക്തം വാര്‍ന്ന് മരിച്ചിരുന്നു. പരുക്കേറ്റ കൃഷ്ണന്‍ മാസ്റ്ററെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കേസില്‍ അറസ്റ്റിലായ റനീഷിനെയും വിശാഖിനെയും ജാനകി ചെറിയ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നു.
Post Your Comments