കണ്ണൂര്‍: കണ്ണൂരിലെ സ്പെഷ്യല്‍ ജെയില്‍ സിപിഎം തടവുകാരുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അവിടെ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്നും സിപിഎംകാര്‍ വെട്ടിക്കൊന്ന ഷുഹൈബിന്റെ സുഹൃത്തും കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റുമായ ഫര്‍സിന്‍ മജീദിന്റെ വെളിപ്പെടുത്തല്‍. ഒരു സംഘർഷത്തിന്റെ പേരിലാണ് കഴിഞ്ഞ മാസം 13 ന് ഫര്‍സീനും ഷുഹൈബും നൗഷാദും ഷഫീഖും റിമാന്‍ഡിലാകുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ രണ്ട് എസ്‌എഫ്‌ഐക്കാരെയും റിമാന്‍ഡ് ചെയ്തിരുന്നു.
‘ആറു പേരെയും ആദ്യം കണ്ണൂര്‍ സബ് ജയിലിലാണു പ്രവേശിപ്പിച്ചത്. പിന്നീട് മൂന്നുദിവസം കഴിഞ്ഞ്, ഉച്ചയോടെ ഞങ്ങളെ ജയില്‍ മാറ്റാന്‍ പോകുന്നതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്തുള്ള സ്പെഷ്യല്‍ സബ്ജയിലിലേക്കാണ് അന്ന് ഈ മൂന്ന് പേരെയും മാറ്റിയത്. ഈ ജയില്‍ ഭരിക്കുന്നത് തന്നെ സിപിഎം തടവുകാരാണ്. 250ല്‍പരം തടവുകാരുണ്ട്. 90% പേരും സിപിഎമ്മുകാരാണ്. ഇരിട്ടിയിലെ ഒരു കേസില്‍ റിമാന്‍ഡിലായ പ്രതിയെ എഴുപതോളം പേര്‍ ചേര്‍ന്നു തലങ്ങും വിലങ്ങും മര്‍ദിക്കുന്നതാണു ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ കാണുന്നത്.’
‘അതു ജയിലാണെന്നേ തോന്നുകയില്ല. അത്രയ്ക്കും സൗകര്യങ്ങളുണ്ടവിടെ. ചില സിപിഎം തടവുകാർ ഇവിടെ കാണുമല്ലോ വീണ്ടും കാണാം എന്ന് അർഥം വെച്ച് ഭീഷണി സ്വരത്തിൽ പറയുകയും ചെയ്തു. ഇതിനിടെ, ഞങ്ങളെ കാണാന്‍ സബ് ജയിലിലെത്തിയ കെഎസ്യു നേതാക്കള്‍, അവിടെ കാണാത്തതിനാല്‍ സ്പെഷല്‍ സബ് ജയിലിലെത്തി. അവരോടു ഞങ്ങൾ ഇവിടെ നടന്ന കാര്യം പറഞ്ഞു.അവര്‍ കെ.സുധാകരനെ ബന്ധപ്പെടുകയും അദ്ദേഹം ജയില്‍ ഡിജിപിയെ വിളിക്കുകയും ചെയ്തതോടെ ഞങ്ങളെ സബ് ജയിലിലേക്കു മാറ്റാന്‍ ഉത്തരവായി. അഞ്ചു മണിക്കൂറിനിടെ രണ്ടു ജയില്‍മാറ്റ ഉത്തരവുകള്‍. ഇതിനു പിറകിലെ നാടകം എന്താണെന്നറിയില്ല’ഫര്‍സിന്‍ പറഞ്ഞു.
Post Your Comments