ന്യൂഡല്‍ഹി•പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന ഝാർഖണ്ഡ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കത്തുനല്‍കി. നിരോധനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെ ലക്ഷ്യം വച്ച് നടക്കുന്ന പീഡനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കത്തില്‍ പറഞ്ഞു. സംഘടനാ നിരോധനത്തില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിയമാനുസൃതമായി പ്രവര്‍ത്തിച്ചുവരുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി കത്തില്‍ വ്യക്തമാക്കി. താഴെത്തട്ടില്‍ വരെയുള്ള കേഡര്‍ അടിത്തറയോടെയും ജാതിമത ഭേദമന്യേ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണയോടെയുമാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ എക്കാലത്തും സംഘടന ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ദലിതരും ആദിവാസികളും ക്രിസ്ത്യാനികളും മുസ്‌ലിംകളുമടക്കമുള്ള ദുര്‍ബല, പിന്നാക്ക വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായി ജനാധിപത്യവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെയാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. ശാക്തീകരണം എന്നത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വെറും മുദ്രാവാക്യം മാത്രമല്ല.
ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് രാജ്യത്തിനു അകത്തോ പുറത്തോ ഉള്ള മറ്റേതെങ്കിലും സംഘടനയുടെ ആശയം സ്വീകരിച്ചിട്ടില്ല. വിദേശത്തുള്ള സംഘടനകളുമായി യാതൊരു ബന്ധവും പോപുലര്‍ ഫ്രണ്ടിനില്ല. ഐ.എസ്.ഐ.എസ് പോലുള്ള ദുരൂഹസംഘടനകളുമായി ബന്ധംപാടില്ലെന്ന് പ്രവര്‍ത്തകരെ നിരന്തരമായി ബോധവല്‍ക്കരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഇത്തരം സംഘടനകള്‍ക്കെതിരേ പ്രചാരണം നടത്തിവരികയും ചെയ്യുന്നു. ഇത്തരം സംഘടനകളുടെ ആശയങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിന് എതിരാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ ഐ.എസ്.ഐ.എസുമായി ബന്ധപ്പെടുത്തി സംഘടനക്കെതിരേ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ്. എന്നാല്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും ഇത്തരം റിപോര്‍ട്ടുകളുടെ നിജസ്ഥിതി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
നിരോധനം സംബന്ധിച്ച പത്രക്കുറിപ്പ് ഇറങ്ങി ഒരുദിവസത്തിനു ശേഷം ഝാർഖണ്ഡില്‍ സംഘടന സജീവമായ മേഖലകളില്‍ പോലിസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നുവെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഓഫീസ് റെയ്ഡ് ചെയ്ത് സീല്‍ ചെയ്തതായി റിപോര്‍ട്ടുകളുണ്ട്. ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ ഇത്തരം പോലിസ് അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സുതാര്യവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കണമെന്നും മുഹമ്മദലി ജിന്ന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഊഹാപോഹങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്‍വാങ്ങുകയും നിരോധനം പിന്‍വലിക്കുകയും ചെയ്യണം. ഝാർഖണ്ഡില്‍ സംഘടനാപ്രവര്‍ത്തനം നിര്‍ത്തിവക്കുകയും നിരോധനത്തിനെതിരേ നിയമപരമായ നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ സംഘടനാപ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദലി ജിന്ന പറഞ്ഞു.
Post Your Comments