ജിദ്ദ : സൗദിയിലെ അല്‍ഹസ്സ നഗരത്തിനു സമീപം വിജനമായ സ്ഥലത്ത് മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വിട്ടുമാറിയില്ല. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38 ), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞബ്ദുല്ല റിസ്വാനയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പുതിയ നിഗമനം.
മൃതദേഹങ്ങളുടെ ഫൊട്ടോ മാത്രമാണ് ഇതുവരെ ബന്ധുക്കള്‍ക്ക് കാണാനായത്. ദമാമില്‍ നിന്ന് മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് ഇരുപത്തി അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണ് വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകും എന്നാണ് പൊലീസ് പറഞ്ഞതെന്നാണ് ആദ്യം ലഭിച്ച വിവരം.
റിസ്വാനയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് ഫൊട്ടോയില്‍. കുഞ്ഞബ്ദുള്ളയുടെ മൃതദേഹത്തില്‍ പരുക്കുകളോ മറ്റോ കാണാനായിട്ടില്ല. വിവരമറിഞ്ഞു റിയാദില്‍ നിന്ന് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരന്‍ കരീമിനോട് ബുധനാഴ്ച രാവിലെ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ എത്തിയ മലയാളികള്‍ക്ക് പൊലീസ് മേധാവി ഓഫിസില്‍ നിന്ന് പോകുന്നതിനു മുമ്പായി അവിടെ എത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, റിസ്വാനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതപ്പെടുന്ന കത്തിയില്‍ മറ്റാരുടെയും വിരലടയാളം കണ്ടെത്തിയിട്ടില്ലെന്ന് ഡിപ്പാര്‍ട്‌മെന്റിലെ ഒരു മലയാളി ടെക്നീഷ്യന്‍ പറഞ്ഞതായി വിവരമുണ്ട്. സംഭവത്തില്‍ നൂലാമാലകളൊന്നും ഉണ്ടാകില്ലെന്നും മൃതദേഹങ്ങള്‍ വൈകാതെ വിട്ടുകിട്ടുമെന്നും അദ്ദേഹം പറഞ്ഞതായും വിവരമുണ്ട്.
മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു മാത്രം വിട്ടുകിട്ടിയാല്‍ മതിയെന്നും അതിനായി തിരക്ക് കാണിക്കേണ്ടതില്ലെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ഉപദേശിച്ചതനുസരിച്ചു സ്വാഭാവികമായ പര്യവസാനത്തിന് കാത്തിരിക്കുകയാണ് കുഞ്ഞബ്ദുല്ലയുടെ സ്‌പോണ്‍സറും ജോലി ചെയ്തിരുന്ന സ്ഥാപന അധികൃതരും. രണ്ടു കുടുംബത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുമെന്നും നാട്ടിലെ കുടുംബങ്ങളുമായി ബന്ധപ്പെട്ടു വരുന്നുണ്ടെങ്കിലും എല്ലാവരും അത്യധികം ആഘാതത്തിലാണെന്നും സ്ഥാപന അധികൃതര്‍ പറഞ്ഞു.
കുഞ്ഞബ്ദുള്ളയുടെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് പിതൃസഹോദരന്‍ കരീം അറിയിച്ചു. ഇതിനുള്ള അനുമതി നാട്ടില്‍ നിന്ന് മാതാവ് വാക്കാല്‍ നല്‍കിയിട്ടുണ്ട്. രേഖാപരമായ അനുമതി അടുത്ത ദിവസങ്ങളില്‍ ലഭിക്കും. കുഞ്ഞബ്ദുള്ളയുടെ നല്ല മുഖം എല്ലാവരുടെയും മനസ്സില്‍ അവശേഷിപ്പിക്കാനും നല്ലത് അതാണെന്ന് കരീം പറഞ്ഞു.
എന്നാല്‍, റിസ്വാനയുടെ മൃതദേഹം സംബന്ധിച്ച് ദുബായിലുള്ള അമ്മാവന്‍ ബുധനാഴ്ച അല്‍ഹസ്സയില്‍ എത്തിയ ശേഷമാണ് തീരുമാനമാവുക. ഇവര്‍ക്കിടയിലോ മറ്റുള്ളവരുമായോ എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഉള്ളതായി ഒരു വിവരവും ഉണ്ടായിരുന്നില്ല. സന്താനങ്ങള്‍ ഇല്ലെന്ന നിരാശയില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാനിടയില്ല. കാരണം, ഇക്കാര്യത്തിന് ഇവര്‍ ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞത് നല്ല പുരോഗതിയാണ് ഉള്ളതെന്നും കരീം പറഞ്ഞു.
Post Your Comments