KeralaLatest NewsNews

ഝാർഖണ്ഡിലെ നിരോധനം: പ്രതികരണവുമായി പോപ്പുലര്‍ ഫ്രണ്ട്

കോഴിക്കോട് • പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിക്കാനുള്ള ഝാർഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം തികച്ചും മുന്‍വിധിയോടെയുള്ളതും രാഷ്ട്രീയമായ വേട്ടയാടലിന്റെ ഭാഗമാണെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ്. അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളെ ഭീകര നിയമങ്ങള്‍ ചുമത്തി അടിച്ചമര്‍ത്തുന്നതിന്റെ തുടര്‍ച്ചയാണ് ഝാർഖണ്ഡിലെ ഹിന്ദുത്വഭരണകൂടത്തിന്റെ നടപടി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും ദേശീയ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Read also: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

1908 ലെ ക്രിമിനല്‍ ഭേദഗതി നിയമപ്രകാരം ഝാർഖണ്ഡ് സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചുവെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നിലവില്‍ നിര്‍ജ്ജീവമായ ഐ.എസ്.ഐ.എസിലേക്ക് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്വാധീനിക്കപ്പെടുന്നുവെന്നാണ് നിരോധനത്തിനു കാരണമായി ഝാർഖണ്ഡ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്. നിര്‍ഭാഗ്യവശാല്‍, ആളുകള്‍ സിറിയയിലേക്ക് പോകുന്നത് സംബന്ധിച്ച് സ്ഥിരീകരിക്കപ്പെടാത്ത റിപോര്‍ട്ടുകളാണ് സര്‍ക്കാര്‍ ഉദ്ധരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. സംഘടനയെ നിരോധിക്കാനുള്ള ഒരു കാരണവും നിലവില്‍ ഇല്ല. സംഘടനക്കെതിരായ നടപടിയെ ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ മറികടക്കാന്‍ കഴിയുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന പറഞ്ഞു.

2015 മുതല്‍ ഝാർഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തികച്ചും മുന്‍വിധിയോടെയുള്ള സമീപനമാണ് ഉദ്യോഗസ്ഥര്‍ സംഘടനക്കെതിരേ വച്ചുപുലര്‍ത്തുന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ ആള്‍ക്കൂട്ടക്കൊലപാതകങ്ങളിലെ പ്രതികള്‍ക്കെതിരായ നിയമപോരാട്ടത്തില്‍ സംഘടനാ പ്രവര്‍ത്തകര്‍ സജീവ പങ്ക് വഹിച്ചതാണ് പോപുലര്‍ ഫ്രണ്ടിനെതിരായ നടപടിക്ക് കാരണമെന്ന് കരുതുന്നു. കഴിഞ്ഞവര്‍ഷം നാല് നിരപരാധികള്‍ കൊല്ലപ്പെട്ട സരൈകല ആള്‍ക്കൂട്ട കൊലപാതക കേസിലെ സാക്ഷികള്‍ കോടതിയില്‍ മൊഴി കൊടുക്കുന്ന ദിവസം തന്നെയാണ് പോപുലര്‍ ഫ്രണ്ടിനെതിരായ നിരോധനം പ്രഖ്യാപിച്ചത്. വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് ഹിസബി റോയിക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ച പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയ പാക്കൂര്‍ എസ്.പിക്കെതിരേ നല്‍കിയ കേസും നടന്നുവരുകയാണ്. ഈ സാഹചര്യത്തില്‍ ഉണ്ടായ നിരോധന നടപടി സര്‍ക്കാരിന്റെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button