കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾ കുപ്രസിദ്ധിയാർജ്ജിച്ചതാണ്. ആക്രമിച്ചത് ഏതു ക്വട്ടേഷന്‍ സംഘമാണെന്നും വെട്ടിയത് ആരെന്നും മുറിവിന്റെ സ്വഭാവത്തില്‍നിന്നു തിരിച്ചറിയാമെന്നുള്ളത് കണ്ണൂരുകാർക്ക് അറിയാം. കൊലപാതകം നടത്തിയ രീതി, വെട്ടിന്റെ ആഴവും നീളവും, ഉപയോഗിച്ച ആയുധം എന്നിവയില്‍നിന്നു ക്വട്ടേഷന്‍ ടീമിനെ കണ്ണൂര്‍ രാഷ്ട്രീയം ഇനി തിരിച്ചറിയും. ഒഞ്ചിയത്തെ ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരനെ വകവരുത്തിയത് കണ്ണൂര്‍ സംഘമാണെന്നു വ്യക്തമായതോടെയാണു ക്വട്ടേഷന്‍ നേതാക്കളുടെ പേരുകള്‍ കേരളമാകെ പ്രചരിച്ചത്. കൊടി സുനി, അന്ത്യേരി സുര, കാട്ടി സുരേഷ്, കാക്ക ഷാജി, കിര്‍മാണി മനോജ്, അണ്ണന്‍ സിജിത്ത്, ട്രൗസര്‍ മനോജ്… കേരളത്തിലെ കൊച്ചു കുട്ടികള്‍ക്കു പോലും പേരുകൊണ്ട് ഇവര്‍ പരിചയക്കാരാണ്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്നത് ടി.പിയെ വെട്ടിയ സംഘത്തിലെ കിര്‍മാണി മനോജാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തറപ്പിച്ചുപറയുന്നു. ടി.പിയുടെ ശരീരത്തിലുണ്ടായിരുന്ന അതേ തരം മുറിവുകളാണു ഷുഹൈബിന്റെ ശരീരത്തിലുള്ളതെന്ന് അവയുടെ ആഴവും നീളവുമളന്ന് അദ്ദേഹം പറയും. ഈ കൊലപാതകത്തിനു പ്രതിഫലമായി കിര്‍മാണിക്ക് ലഭിച്ചത് 30 ദിവസത്തെ പരോളാണെന്നും സുധാകരന്‍ പറയുന്നു. ടി.പിയുടെ ശരീരത്തിലേറ്റ 51 വെട്ടുകള്‍ തരംതിരിച്ചപ്പോള്‍ ഓരോ ക്വട്ടേഷന്‍കാരുടെയും വെട്ടിന്റെ രീതികള്‍ ചര്‍ച്ചചെയ്യപ്പെട്ടു. നീളത്തിലുള്ള വെട്ടുകള്‍, വെട്ടിപ്പിളര്‍ക്കല്‍… എന്നിങ്ങനെ. ഇടംകൈയനായ ഷാഫിയുടെ ആഴത്തിലുള്ള വെട്ടാണു ടി.പിയുടെ ജീവനെടുത്തതെന്നും കണ്ടെത്തിയിരുന്നു.
പരോളിലിറങ്ങിയ കിര്‍മാണി മനോജ് ഷുഹൈബിനെ വെട്ടിയ സംഘത്തിലുണ്ടായിരുന്നെന്ന വാദത്തിനു പിന്നാലെയാണ് അറസ്റ്റിലായ ആകാശ് തില്ലങ്കേരി തങ്ങളെ ആക്രമിച്ച സംഘത്തിലില്ലായിരുന്നെന്ന ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദിന്റെ മൊഴി പുറത്തുവന്നത്. പരോളിലിറങ്ങിയ കിര്‍മാണി മനോജിനു ഷുഹൈബ് വധത്തിലുള്ള പങ്ക് പുറത്തുവന്നാല്‍ ഗൗരവം വര്‍ധിക്കുമെന്നതിനാലാണ് ആകാശിനെ പ്രതിയാക്കിയതെന്നും സുധാകരന്‍ ആരോപിക്കുന്നു. ഷുഹൈബിനെ വെട്ടിയത് പിന്നോട്ടു വളഞ്ഞ കനം കൂടിയ വാള്‍ കൊണ്ടാണെന്നും നൗഷാദ് പറയുന്നു. കൈയോ കാലോ തലയോ വെട്ടിമാറ്റാനായുള്ള കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷന്‍കാരുടെ സ്ഥിരം പണിയായുധമാണ് ഇതെന്നു സ്ഥീരികരിക്കപ്പെട്ടിരുന്നു.
ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കു മുന്നില്‍ അധ്യാപകന്‍ കെ.ടി. ജയകൃഷ്ണന്‍ പിടഞ്ഞുമരിച്ച സംഭവത്തിലെ പങ്ക് ടി.പി. വധക്കേസ് പ്രതിയായ ടി.കെ. രജീഷ് ഏറ്റുപറഞ്ഞപ്പോഴാണ് ക്വട്ടേഷന്‍ രീതി പുറത്തുവന്നത്. പാര്‍ട്ടിക്കായി കൊല നടത്തുന്നവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് ഒരു കുറവും നേതൃത്വം വരുത്താറില്ല. ഭരണത്തണലില്‍ അവര്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങളൊരുങ്ങും. പട്ടാപ്പകല്‍ ജനങ്ങള്‍ നോക്കിനില്‍ക്കെയും ക്വട്ടേഷന്‍ സംഘങ്ങള്‍ കൊല നടത്തും. കണ്ടുനിന്നവര്‍ പേടിച്ച് ഒരക്ഷരം മിണ്ടില്ല. ആരെങ്കിലും സാക്ഷി പറയാന്‍ തയാറായാല്‍ ഭീഷണി പിന്നാലെയെത്തും. കെ.ടി. ജയകൃഷ്ണനെ വെട്ടിക്കൊന്ന ക്ലാസ് മുറിയുടെ അടുത്ത മുറിയില്‍ “സാക്ഷിപറഞ്ഞാല്‍ ജയകൃഷ്ണന്‍” എന്ന് എഴുതിവച്ചിരുന്നു. സാക്ഷിപറയുന്നവര്‍ക്ക് ജയകൃഷ്ണന്റെ വിധി എന്നാണു ധ്വനി.
ജയകൃഷ്ണന്റെ ഗണ്‍മാനെ പിടിച്ചുകൊണ്ടുപോയി കണ്ണില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. കണ്ണ് തുറക്കാനാവാത്ത സ്ഥിതിയില്‍, കണ്ടു എന്ന് ഗണ്‍മാനു പറയാനാകില്ലല്ലോ! എന്നാല്‍ ക്ലാസില്‍ സംഭവം നേരിട്ടുകണ്ട കുട്ടികള്‍ സാക്ഷിപറയാന്‍ തയാറായി. ആ കുട്ടികളുടെ ധീരതയെ കോടതി പ്രത്യേകം പരാമര്‍ശിച്ചിരുന്നു. കുതികാലിന് വെട്ടിവീഴ്ത്തലാണ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പതിവായി കാണാറുള്ളത്. ഇര ഓടി രക്ഷപ്പെടാതിരിക്കും, അഥവാ രക്ഷപ്പെട്ടാലും ആ കാല്‍ ഒരിക്കലും പഴയപടിയാകില്ല. വെട്ടിപ്പിളര്‍ന്ന മുറിവില്‍ മണ്ണുവാരിയിടുന്ന രീതിയുമുണ്ടായിരുന്നു.
Post Your Comments