കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ സിപിഎം തടവുകാര്‍ക്ക് രാജകീയ ജീവിതമെന്ന് വിവരം. ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി കൊടി സുനിക്ക് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വി.ഐ.പി പരിഗണനയാണെന്നാണ് വിവരം.
യഥേഷ്ടം ഫോണ്‍ വിളിക്കാം, പ്രത്യേക ഭക്ഷണം, വാര്‍ഡന്മാരെ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാള്‍ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതമത്രെ. ഒരിക്കല്‍ ജയിലിനകത്തുനിന്ന് സുനി ഫോണ്‍ വിളിക്കുന്നതു മൊബൈലില്‍ പകര്‍ത്തിയ വാര്‍ഡനു ലഭിച്ചത് മെമോ. 2017 ജനുവരിയിലാണു കൊടി സുനി ജയില്‍ ഉദ്യോഗസ്ഥനു മെമോ ‘കൊടുപ്പിച്ചത്’.
സുനി ഫേണ്‍ വിളിക്കുന്നത് പകര്‍ത്താന്‍ നോക്കിയ ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചു വാങ്ങിസുനി സിം കാര്‍ഡ് നശിപ്പിച്ചു. ജയിലിനകത്ത് കാമറ കടത്തിയെന്ന് പറഞ്ഞ് വാര്‍ഡനില്‍ നിന്ന് ജയിലര്‍ വിശദീകരണം തേടിയിരുന്നു. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാല്‍ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിനൊപ്പം ജയിലില്‍ റിമാന്‍ഡ് തടവുകാരായി കഴിഞ്ഞവരുടെ വെളിപ്പെടുത്തലുകള്‍ ആരോപണം ശരിവയ്ക്കുന്നു. പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയില്‍ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയില്‍ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കള്‍ അടങ്ങുന്ന ഉപദേശക സമിതികളാണ്. ഇതിലും സിപിഎം. ഇടപെടല്‍ ശക്തം. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് കൈയയച്ചു പരോള്‍ നല്‍കിയതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു.
Post Your Comments